സിദ്ദു മൂസെ വാലെ കൊലപാതകം: മുഖ്യപ്രതി അറസ്റ്റിൽ
text_fieldsപൂനെ: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസെ വാലയെ വെടിവെച്ചുകൊന്ന കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ സന്തോഷ് ജാദവിനെ പൂനെ റൂറൽ ക്രെംബ്രാഞ്ച് അറസ്റ്റു ചെയ്തു. ജാധവിന്‍റെ സഹായിയായ നവ്നാഥ് സൂര്യവൻഷിയെയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഗുജറാത്തിൽ നിന്നാണ് ജാദവിനെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. 2021ൽ മൻചാർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.
ബിഷ്ണോയി സംഘത്തിലെ അംഗമായ സൗരവ് മഹ്കലിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളെ തുടർന്നാണ് അറസ്റ്റെന്നാണ് സൂചന. സൗരവ് മഹ്കലിനെ കഴിഞ്ഞ ആഴ്ചയാണ് പൊലീസ് അറസ്റ്റുചെയ്തത്. മൂസെ വാല കൊലക്കേസുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലും പഞ്ചാബ് പോലീസും ഇയാളെ ചോദ്യം ചെയ്തിരുന്നു. ലോറൻസ് ബിഷ്‌ണോയ് സംഘത്തിന് ഷൂട്ടർമാരായ സന്തോഷ് ജാദവ്, നവ്‌നാഥ് സൂര്യവൻഷി എന്നിവരെ പരിചയപ്പെടുത്തിയത് സൗരവ് മഹാകൽ ആണെന്നാണ് പൊലീസ് പറയുന്നത്.
സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കവെ മെയ് 29 ന് പഞ്ചാബിലെ മാൻസ ജില്ലയിലെ ജവഹർകെ ഗ്രാമത്തിൽ വെച്ച് സിദ്ദു മൂസ് വാലയെ വെടിവെച്ചു കൊല്ലുകയായിരുന്നു. കൊലപാതകത്തിനു പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകയാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.