സിദ്ധു മൂസേവാലയുടെ കൊലപാതകം; പഞ്ചാബി ഗായികയെ എൻ.ഐ.എ ചോദ്യം ചെയ്തു
text_fieldsചണ്ഡീഗഡ്: ഗായകൻ സിദ്ധു മൂസേവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പഞ്ചാബി ഗായിക അഫ്‍സാന ഖാനെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ)ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് അഞ്ച് മണിക്കൂറോളമാണ് അഫ്‍സാനയെ എൻ.ഐ.എ ചോദ്യം ചെയ്തത്.
ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് അഫ്സാനക്ക് നേരത്തെ എൻ.ഐ.എ സമൻസ് അയച്ചിരുന്നു. എല്ലാ വിവരങ്ങളും പൊതുജനങ്ങളുമായും ആരാധകരുമായും പങ്കിടാൻ ഇൻസ്റ്റാഗ്രാമിൽ ഉച്ചക്ക് രണ്ട് മണിക്ക് ലൈവിലെത്തുമെന്ന് അവർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്.
മൂസേവാലയുടെ കൊലപാതകത്തിൽ അഫ്‌സാനക്ക് പങ്കുണ്ടെന്നാണ് എൻ.ഐ.എ സംശയിക്കുന്നത്. അടുത്തിടെ ഗുണ്ടാസംഘങ്ങളെ ലക്ഷ്യമിട്ട് എൻ.ഐ.എ നടത്തിയ റെയിഡിൽ ഗായികയുമായി ബന്ധപ്പെട്ട ചില നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ലോറൻസ് ബിഷ്ണോയി-ഗോൾഡി ബ്രാർ സംഘത്തിന്റെ എതിർ ചേരിയിലുള്ള ബാംബിഹയുടെ സംഘവുമായി അഫ്‌സാനക്ക് ബന്ധമുണ്ടെന്നാണ് എൻ.ഐ.എയുടെ സംശയം. മുസേവാലയുടെ കൊലപാതകം ആസൂത്രണം ചെയ്തുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് ബിഷ്‌ണോയി സംഘം കേസിലെ പ്രതികളായത്.
മെയ് 29 ന് പഞ്ചാബിലെ മാൻസ ജില്ലയിലെ ജവഹർകെ ഗ്രാമത്തിൽ വെച്ചാണ് മൂസെവാലയെ ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ അംഗമായ അങ്കിത് സിർസ വെടിവച്ചു കൊന്നത്. പഞ്ചാബ് സർക്കാർ അദ്ദേഹത്തിന്റെ സുരക്ഷ വെട്ടിക്കുറച്ചതിന്റെ പിന്നാലെയാണ് കൊലപാതകം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.