കോവിഡ്: രാജ്യത്തെ 'ആർ-വാല്യു' ഒന്നിന് മുകളിലേക്ക്; മൂന്നാം തരംഗത്തിന്‍റെ അടയാളമോ?
text_fieldsന്യൂഡൽഹി: രാജ്യത്തെ കോവിഡ് 'ആർ-വാല്യു' ഒന്നിന് മുകളിലേക്ക് ഉയരുന്നതിൽ ആശങ്ക. വൈറസിന്‍റെ വ്യാപനം മനസിലാക്കാനുള്ള സൂചകമാണ് ആർ-വാല്യു (ആർ-ഫാക്ടർ). ഒരാളിൽ നിന്ന് എത്രപേരിലേക്കാണ് അസുഖം പകരുന്നത് എന്നാണ് ആർ-വാല്യു സൂചിപ്പിക്കുന്നത്. മേയ് ഏഴിന് ശേഷം ഒന്നിന് താഴേക്ക് പോയ ആർ-വാല്യു ജൂലൈ 27ന് ഒന്നിന് മുകളിലെത്തിയിരുന്നു. ആർ-വാല്യു കൂടുന്നത് വൈറസിന്‍റെ വ്യാപനം വർധിക്കുന്നതിന്‍റെ ലക്ഷണമാണ്.
രണ്ടാം തരംഗ വ്യാപനം കുറഞ്ഞ ശേഷം ആദ്യമായാണ് ജൂലൈ 27ന് ആർ-വാല്യു ഒന്നിലെത്തിയതെന്ന് ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിലെ കംപ്യൂട്ടേഷനൽ ബയോളജി പ്രഫസർ സിതാഭ്ര സിൻഹ പറയുന്നു. ജൂലൈ 27 മുതൽ 31 വരെയുള്ള ദിവസങ്ങളിലെ ആർ-വാല്യു 1.03 ആണെന്നാണ് കണക്കാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ആർ-വാല്യു ഒന്നിലെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും വ്യക്തമാക്കിയെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.
ആർ-വാല്യു കുറയുന്നത് രോഗവ്യാപനം ശമിക്കുന്നതിന്‍റെ അടയാളമാണ്. ഒരാളിൽ നിന്ന് കുറഞ്ഞത് മറ്റൊരാൾക്കെങ്കിലും രോഗം പകരുമ്പോഴാണ് ആർ-വാല്യു ഒന്ന് ആകുന്നത്. ഈ ഘട്ടത്തിൽ രോഗവ്യാപനം കുറയാതെ തുടരുന്നു.
ആർ-വാല്യു ഉയരുന്നതിൽ കഴിഞ്ഞ ദിവസം എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ ആശങ്ക രേഖപ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനം കണ്ടുവരുന്ന പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കണമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.