കോവിഷീൽഡ് വാക്സിനും ബൂസ്റ്റർ ഡോസ് വേണമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ
text_fieldsന്യൂഡൽഹി: ഓക്സ്ഫെഡ് യൂനിവേഴ്സിറ്റിയും ആസ്ട്രസെനിക്കയും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഷീൽഡ് വാക്സിനും ബൂസ്റ്റർ ഡോസ് വേണമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സൈറസ് പൂനാവാലെ. രണ്ട് മാസത്തിനുള്ളിൽ വാക്സിന്റെ രണ്ട് ഡോസുകളും നൽകണം. അതിന് ശേഷം ആറ് മാസം കഴിഞ്ഞാണ് ബൂസ്റ്റർ ഡോസ് നൽകേണ്ടതെന്ന് പൂനാവാലെ പറഞ്ഞു.
കോവിഷീൽഡ് വാക്സിൻ മൂലമുണ്ടാകുന്ന ആന്‍റിബോഡിയുടെ അളവ് കുറയുന്നുണ്ടെന്ന ലാൻസെറ്റ് ജേണലിലെ പഠനത്തിലും അദ്ദേഹം പ്രതികരണം നടത്തി. ആന്‍റിബോഡിയുടെ അളവ് കുറയുമെങ്കിലും 'മെമ്മറി സെല്ലുകൾ' നിലനിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആറ് മാസത്തിന് ശേഷമാവും ആന്‍റിബോഡിയുടെ അളവ് കുറയുക. അപ്പോൾ മൂന്നാം ഡോസ് നൽകുകയാണ് വേണ്ടത്. സിറം ഇൻസ്റ്റിറ്റ്യൂട്ടിലെ 8000ത്തോളം ജീവനക്കാർക്ക് ഇത്തരത്തിൽ ബൂസ്റ്റർ ഡോസ് നൽകിയിട്ടുണ്ട്. രണ്ട് ഡോസ് വാക്സിനുമെടുത്തവർ മൂന്നാം ഡോസ് എടുക്കണമെന്ന് അഭ്യർഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വാക്സിൻ ക്ഷാമമുണ്ടായപ്പോഴാണ് രണ്ട് ഡോസുകൾക്കിടയിലെ ഇടവേള മൂന്ന് മാസമായി സർക്കാർ ദീർഘിപ്പിച്ചത്. രണ്ട് മാസമെന്നതാണ് വാക്സിൻ ഡോസുകൾക്കിടയിലെ ഏറ്റവും നല്ല ഇടവേള. ലോക്ഡൗൺ കൊണ്ട് കോവിഡിനെ പ്രതിരോധിക്കാൻ സാധിക്കില്ലെന്നും പൂനാവാലെ പറഞ്ഞു. മരണനിരക്ക് ഉയരുേമ്പാൾ മാത്രമാണ് ലോക്ഡൗൺ ഏർപ്പെടുത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.