ആരോപണം ഇന്ത്യയും കാനഡയും അന്വേഷിക്കണം; പ്രമേയം പാസ്സാക്കി സിഖ് ഉന്നതാധികാര സമിതി
text_fieldsജലന്ധർ: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഉന്നത സിഖ് സമിതിയായ ശിരോമണി ഗുരുദ്വാര പർബന്ധക് സമിതി (എസ്.ജി.പി.സി). പാർലമെന്‍റിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്താൻ ഇരുരാജ്യങ്ങളും സൗഹാർദപരമായ വഴികൾ കണ്ടെത്തണമെന്നും സമിതി ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം ചേർന്ന എസ്.ജി.പി.സി യോഗം ഇതുമായി ബന്ധപ്പെട്ട് പ്രമേയം പാസ്സാക്കി. ഖലിസ്താൻ നേതാവ് ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണത്തിൽ സമിതി ആശങ്ക രേഖപ്പെടുത്തി. കനേഡിയൻ പാർലമെന്‍റിൽ ട്രൂഡോ പറഞ്ഞകാര്യങ്ങൾ അത്ര എളുപ്പത്തിൽ തള്ളിക്കളയാനാകില്ലെന്ന് എസ്.ജി.പി.സി അധ്യക്ഷൻ ഹർജീന്ദർ സിങ് ധാമി പറഞ്ഞു. വിഷയം പരിഹരിക്കാൻ ഇരുരാജ്യങ്ങളുടെ ഭാഗത്തുനിന്നും ആത്മാർഥമായ ശ്രമങ്ങൾ ഉണ്ടാകണം.
രാഷ്ട്രീയ കാരണങ്ങളാൽ ഈ കേസ് അടിച്ചമർത്തപ്പെടുകയാണെങ്കിൽ, അത് മനുഷ്യാവകാശങ്ങളോടുള്ള അനീതിയായി കണക്കാക്കും. ഇന്ത്യൻ ഏജൻസികൾക്കെതിരെ കനേഡിയൻ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങളുടെ സത്യാവസ്ഥ പൊതുജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരണമെന്നും ധാമി പറഞ്ഞു. സിഖുകാർക്കും പഞ്ചാബ് സംസ്ഥാനത്തിനുമെതിരെ മുഖ്യധാരാ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും നടക്കുന്ന കുപ്രചാരണങ്ങളെ സമിതി പ്രമേയത്തിലൂടെ ശക്തമായി അപലപിച്ചു. സിഖ് സമൂഹത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുന്നവർക്കെതിരെ കേന്ദ്ര സർക്കാർ ശക്തമായ നടപടിയെടുക്കണമെന്നും സമിതി പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ഇന്ത്യ ഭീകരവാദിയായി പ്രഖ്യാപിച്ച ഖാലിസ്താനി നേതാവ് ഹർദീപ് സിങ് നിജ്ജർ കൊല്ലപ്പെട്ടതിൽ ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനക്കുപിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. കാനഡയുടെ ആരോപണം അസംബന്ധവും പരപ്രേരിതവുമാണെന്നാണ് ഇന്ത്യ പ്രതികരിച്ചത്.
കൊലപാതകത്തെ തുടർന്ന് ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയതിന് തിരിച്ചടിയായി മുതിർന്ന കനേഡിയൻ നയതന്ത്ര പ്രതിനിധിയെ ഇന്ത്യയും പുറത്താക്കി. കൂടാതെ കാനഡയിൽനിന്നുള്ളവർക്ക് വിസ സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കുകയും കാനഡയുടെ മണ്ണിൽ ഇന്ത്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ശക്തികളെ അമർച്ചചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.