സ്കൂളിൽ സിഖ് വിദ്യാർഥികളുടെ കൈവള അധ്യാപിക ഊരിമാറ്റിയതുമായി ബന്ധപ്പെട്ട് വിവാദം
text_fieldsജലന്ധർ: വിശ്വാസത്തിന്‍റെ ഭാഗമായി സിഖുകാർ ധരിക്കുന്ന വള (കാര) ഊരിമാറ്റാൻ വിദ്യാർഥികളെ അധ്യാപിക നിർബന്ധിച്ചതായി പരാതി. ജലന്ധറിലെ സി.ടി പബ്ലിക് സ്കൂളിലാണ് ക്ലാസിൽ കയറുന്നതിന് മുമ്പ് വിദ്യാർഥികളോട് വള ഊരിമാറ്റണമെന്ന് അധ്യാപിക ആവശ്യപ്പെട്ടത്.
അധ്യാപിക ശാസിച്ചതിനെ തുടർന്ന് തിരികെ വീട്ടിലേക്ക് നടന്ന കുട്ടിയെ ഒരു രക്ഷകർത്താവ് കണ്ട് കാര്യമന്വേഷിച്ചതോടെയാണ് സ്കൂളിൽ നടന്ന സംഭവത്തെ കുറിച്ച് അറിയുന്നത്. ഇവർ സിഖ് താൽമേൽ കമ്മിറ്റിയെ വിവരമറിയിക്കുകയായിരുന്നു. പത്തോളം കുട്ടികളുടെ വളകൾ അധ്യാപിക അന്നേ ദിവസം ഊരി മേടിച്ചിരുന്നു.
പ്രധാനാധ്യാപകന്‍റെ നിർദേശമനുസരിച്ചാണ് വള അഴിപ്പിച്ചതെന്ന് അധ്യാപിക പറഞ്ഞു. സിഖുകാർ മതപരമായി ധരിക്കുന്ന ആഭരണമാണ് കാര. ഇത് ധരിക്കാൻ അനുവദിക്കാത്തത് മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് സിഖ് മത ഐക്യ കമ്മിറ്റി അംഗമായ ഹർപ്രീത് സിങ് പറഞ്ഞു. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കമ്മിറ്റി അംഗങ്ങൾ സ്കൂളിലെത്തിയിരുന്നു.
അതേസമയം, അടുത്തിടെ രണ്ട് വിദ്യാർഥികൾ അടിപിടിയുണ്ടാക്കിയപ്പോൾ വള മുഖത്തുകൊണ്ട് പരിക്കേറ്റിരുന്നുവെന്നും അതിനാലാണ് അധ്യാപിക അത്തരമൊരു നിർദേശം നൽകിയതെന്നും സ്കൂൾ മാനേജിങ് ഡയറക്ടർ പറയുന്നു. അതേസമയം, സംഭവത്തിൽ ഉൾപ്പെട്ട പ്രധാനാധ്യാപകനെയും രണ്ട് അധ്യാപകരേയും പുറത്താക്കിയതായി മാനേജ്മെന്‍റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.