സിക്കിം മിന്നൽ പ്രളയം: മരിച്ച എട്ട് സൈനികരുടെ വിവരങ്ങൾ പുറത്ത്
text_fieldsഗാങ്ടോക്: സിക്കിമിൽ മഞ്ഞുതടാക വിസ്ഫോടനത്തെ തുടർന്ന് ടീസ്റ്റ നദിയിലുണ്ടായ മിന്നൽപ്രളയത്തിൽപ്പെട്ട് മരിച്ച എട്ട് സൈനികരുടെ വിവരങ്ങൾ പുറത്ത്. സേനയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് സൈനികരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.
ഹവിൽദാർ സരോജ് കുമാർ ദാസ്, ലാൻസ് നായിക് എൻ.ജി പ്രസാദ്, ഹവിൽദാർ സജ്ജൻ സിങ് ഖിചാർ, നായികുമാരായ ഭവാനി സിങ് ചൗഹാൻ, ബിമൽ ഒറോൺ, ശിപായിമാരായ ശിവ്കേശ് ഗുർജാർ, ഗോപാൽ മാദി, കിമന്റെഷു എന്നിവരാണ് മരിച്ച സൈനികർ.
സിക്കിം പ്രളയം: മരണം 30
ഗാങ്ടോക്/ജൽപായ്ഗുഡി: മഞ്ഞുതടാക വിസ്ഫോടനത്തെതുടർന്ന് സിക്കിമിലുണ്ടായ മിന്നൽപ്രളയത്തിൽ മരണം 30 ആയി. ഇവരിൽ ഒമ്പതുപേർ സൈനികരാണ്. അതേസമയം, മൂന്നുദിവസമായി കാണാതായ 62 പേരെ ജീവനോടെ കണ്ടെത്താൻ കഴിഞ്ഞു. ഇതോടെ കാണാതായവരുടെ എണ്ണം 81ലേക്ക് എത്തിയതായി സിക്കിം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. മന്ത്രിമാർ ഉൾപ്പെട്ട കേന്ദ്രസംഘം ഞായറാഴ്ച പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്ന് കേന്ദ്രമന്ത്രി അജയ്കുമാർ മിശ്ര പറഞ്ഞു.
സിക്കിമിലെ ബർദാങ്ങിൽ 23 സൈനികരെയാണ് കാണാതായത്. ബാക്കി സൈനികർക്കായുള്ള തിരച്ചിൽ സിക്കിമിലും ടീസ്റ്റ നദി ഒഴുകുന്ന പശ്ചിമ ബംഗാളിന്റെ വടക്കൻ ഭാഗങ്ങളിലും തുടരുകയാണെന്ന് സിക്കിം മുഖ്യമന്ത്രി പ്രേംസിങ് തമാങ് പറഞ്ഞു.
ഇതുവരെ 2,413 പേരെ പ്രളയബാധിത പ്രദേശങ്ങളിൽനിന്ന് രക്ഷപ്പെടുത്തി. 6,875 പേർ 22 ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നു. ഗുരുതര പരിക്കേറ്റ 26 പേർ ചികിത്സയിലാണ്. മംഗാൻ, ഗാങ്ടോക്, പാക്യോങ്, നാംചി ജില്ലകളിലായി 25,065 പേരാണ് പ്രളയക്കെടുതിക്കിരയായത്. ആകെ 141 പേരെ കാണാതായി. ഇവർക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്.
ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാനും അടിയന്തര സഹായം നൽകാനുമാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലകൾ തമ്മിലുള്ള റോഡ് ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. വടക്കൻ സിക്കിമിൽ ആശയവിനിമയ സംവിധാനങ്ങൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.