'പ്രകൃതി വിഭവം പ്ലാസ്റ്റിക്ക് കുപ്പിയിൽ വേണ്ട'; സിക്കിമിൽ കുപ്പിവെള്ളത്തിന് വിലക്ക്
text_fieldsഗാങ്ടോക്: പ്ലാസ്റ്റിക് ബോട്ടിലുകളിലെത്തുന്ന കുപ്പി വെള്ളത്തിന് വിലക്കേർപ്പെടുത്താൻ ഒരുങ്ങി സിക്കിം. മിനറൽ വാട്ടർ കുപ്പികൾക്ക് 2022 ജനുവരി ഒന്ന് മുതൽ വിലക്കേർപ്പെടുത്തുമെന്ന് സിക്കിം മുഖ്യമന്ത്രി പി.എസ്. തമാങ് അറിയിച്ചു.
ഹിമാലയത്തിൽ നിന്നുള്ള വെള്ളം സമൃദ്ധമായി നാട്ടിൽ ലഭ്യമാണെന്നും പ്ലാസ്റ്റിക് ബോട്ടിലുകളിലെ വെള്ളം ഇനി വേണ്ടെന്നും സർക്കാർ വ്യക്തമാക്കി. ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ഗവർണർ ഗംഗാ പ്രസാദിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശുചീകരണ യജ്ഞത്തിലാണ് മുഖ്യമന്ത്രി തീരുമാനം വ്യക്തമാക്കിയത്.
പ്രകൃതിദത്തമായ ജല സ്രോതസുകൾ കൊണ്ട് സമ്പുഷ്ടമായ സംസ്ഥാനത്ത് നിന്ന് കുപ്പി വെള്ളം ഒഴിവാക്കുന്നത് പ്ലാസിറ്റിക്കിനെ തുരത്താനും സഹായിക്കും. തീരുമാനം നിലവിൽ വരുന്നതോടെ സംസ്ഥാനം കൂടുതൽ പ്രകൃതി സൗഹൃദമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിക്കിമിൽ എല്ലായിടത്തും ശുദ്ധജലം ലഭ്യമാക്കു. പ്രകൃതിയിൽ നിന്ന് തന്നെ ദാഹമകറ്റാം. മിനറൽ വാട്ടറുകൾ വിലക്കുന്നതോടെ ജനങ്ങൾ പ്രകൃതിയെ ആശ്രയിക്കും. ഇതിലൂടെ അവർ കൂടുതൽ ആരോഗ്യമുള്ളവരായി മാറുമെന്നും തമാങ് വ്യക്തമാക്കി.
ബിസിനസ് സ്ഥാപനങ്ങളിൽ ലഭ്യമായ മിനറൽ വാട്ടർ ബോട്ടിലുകളുടെ നിലവിലുള്ള സ്റ്റോക്ക് ഒഴിവാക്കാൻ മൂന്ന് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.സംസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാര മേഖലയായ നോർത്ത് സിക്കിമിലെ ലാചെൻ നേരത്തേ തന്നെ കുപ്പിവെള്ളം നിരോധിച്ചിരുന്നു.
ഇന്ത്യയിൽ പ്ലാസ്റ്റിക് നിരോധിച്ച ആദ്യ സംസ്ഥാനമാണ് സിക്കിം. 1998 മുതലാണ് സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.