അരുണാചലിൽ ബി.ജെ.പിക്ക് ഭരണത്തുടർച്ച; സിക്കിമിൽ സീറ്റുകൾ തൂത്തുവാരി ക്രാന്തികാരി മോർച്ച
text_fieldsന്യൂഡൽഹി: അരുണാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച നേടി ബി.ജെ.പി. 60 അംഗ നിയമസഭയിൽ 50 മണ്ഡലങ്ങളുടെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ, ബി.ജെ.പി 46 സീറ്റ് നേടിയാണ് ഭരണം ഉറപ്പിച്ചത്. ബി.ജെ.പിയുടെ സഖ്യകക്ഷിയായ കൊൺറാദ് സാങ്മയുടെ നാഷനൽ പീപ്ൾസ് പാർട്ടി അഞ്ച് സീറ്റിലും വിജയിച്ചു. വികസനത്തിന് ജനം നൽകിയ പിന്തുണയാണ് വിജയമെന്ന് മുഖ്യമന്ത്രി പെമ ഖണ്ഡു പ്രതികരിച്ചു.
തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേട്ടം ഒറ്റ സീറ്റിലൊതുങ്ങി. എൻ.സി.പി മൂന്നും പീപ്ൾസ് പാർട്ടി രണ്ടും സീറ്റ് നേടി. സ്വതന്ത്രരായി മത്സരിച്ച മൂന്നുപേർ വിജയിച്ചു. മുഖ്യമന്ത്രി പേമ ഖണ്ഡുവും ഉപമുഖ്യമന്ത്രി വൊവ മേയിൻ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഏറെ കാലം കോൺഗ്രസിന് ആധിപത്യമുണ്ടായിരുന്ന സംസ്ഥാനമാണിത്. 2016ൽ പേമ ഖണ്ഡു കോൺഗ്രസ് വിട്ട് 43എം.എൽ.എമാരുമായി ബി.ജെ.പിയിലേക്ക് ചേക്കേറി. പേമ ഖണ്ഡു തന്നെയാകും മുഖ്യമന്ത്രി.
സിക്കിമിൽ ക്രാന്തികാരി മോർച്ചയും അധികാരം നിലനിർത്തി. 32 നിയമസഭ സീറ്റുകളിൽ 31ഉം പാർട്ടി നേടി. പ്രതിപക്ഷമായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് ഒരു സീറ്റിൽ വിജയിച്ചു. മുഖ്യമന്ത്രിയായി പ്രംസിങ് തമാങ് തുടരും. സോറെങ് ചകുങ് മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയ മുഖ്യമന്ത്രി പ്രേംസിങ് തമാങ് 7396 വോട്ടുകൾക്കാണ് വിജയിച്ചത്. തൊണ്ണൂറുകളുടെ തുടക്കം മുതൽ രാഷ്ട്രീയ രംഗത്തുണ്ട് ഇദ്ദേഹം. സിക്കിമിൽ ഇത്തവണ കോൺഗ്രസിനും ബി.ജെ.പിക്കും ഒരു സീറ്റ് പോലും ലഭിച്ചില്ല. കോൺഗ്രസിന്റെ വോട്ട് വിഹിതം കുറയുകയും ചെയ്തു.
ചൈന അതിർത്തിയിൽ വീണ്ടും ബി.ജെ.പി
ഇട്ടനഗർ: കായികവിനോദങ്ങളെയും സംഗീതത്തെയും ഇഷ്ടപ്പെടുന്ന പ്രേമ ഖണ്ഡു, പിതാവും മുൻ മുഖ്യമന്ത്രിയുമായ ദോർജി ഖണ്ഡുവിന്റെ പാത പിന്തുടർന്നാണ് അരുണാചലിൽ രാഷ്ട്രീയത്തിലെത്തുന്നത്. 60ൽ 46 സീറ്റുകൾ നേടി ബി.ജെ.പിക്ക് നിയമസഭയിൽ ഹാട്രിക് വിജയം സമ്മാനിച്ച പ്രേമ പല പാർട്ടികളും കടന്നാണ് കാവി രാഷ്ട്രീയത്തിനൊപ്പം ചേർന്നത്. ചൈനയുടെ അതിർത്തിയോട് ചേർന്നുള്ള അരുണാചലിൽ ആദ്യമായി ബി.ജെ.പിയെ രാഷ്ട്രീയ കരുനീക്കത്തിലൂടെ അധികാരത്തിലെത്തിച്ച തന്ത്രജ്ഞനായും 45കാരനായ ഖണ്ഡുവിനെ കണക്കാക്കിയിരുന്നു. 2000ൽ കോൺഗ്രസിൽ ചേർന്ന ഇദ്ദേഹം കൂടുതൽ സജീവമായത് പിതാവിന്റെ മരണശേഷമാണ്. 2011ലാണ് പിതാവ് ദോർജി ഹെലികോപ്ടർ അപകടത്തിൽ മരിക്കുന്നത്. പിതാവിന്റെ മണ്ഡലമായ മുക്തോയിൽനിന്ന് ഉപതെരഞ്ഞെടുപ്പിൽ എതിരില്ലാതെ ജയിച്ചാണ് ആദ്യമായി അരുണാചൽ നിയമസഭയിലെത്തിയത്. നബാം തുകിയുടെ കോൺഗ്രസ് സർക്കാറിൽ ടൂറിസം മന്ത്രിയായിരുന്നു.
2016 സെപ്റ്റംബറിലാണ് പ്രേമ ഖണ്ഡു കോൺഗ്രസിൽനിന്ന് പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലി (പി.പി.എ) ലേക്ക് മാറിയത്. അതേവർഷം ഡിസംബറിൽ ബി.ജെ.പിയിൽ ചേർന്നു. 2016 ജൂലൈയിലായിരുന്നു ആദ്യമായി മുഖ്യമന്ത്രിയായത്. 43 കോൺഗ്രസ് എം.എൽ.എമാരെയാണ് ഖണ്ഡു പി.പി.എയിലേക്ക് മാറ്റിയത്. ഈ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് ബി.ജെ.പിയിൽ ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.