ഹരിദ്വാറിലെ മുസ്‍ലിം വംശഹത്യാ ആഹ്വാനം; രാഷ്ട്രീയ നേതാക്കളുടെ മൗനം അപകീർത്തികരം -മുൻ നാവികസേനാ മേധാവി
text_fieldsഹരിദ്വാറിൽ നടന്ന ഹിന്ദു ധർമ്മ സൻസദിൽ മുസ്‍ലിംകളെ കൂട്ടക്കൊല നടത്താൻ പുതിയ ആയുധങ്ങൾ കണ്ടെത്തണമെന്ന് സന്യാസിമാർ പ്രസംഗിച്ച വിഷയത്തിൽ രാജ്യത്തെ രാഷ്ട്രീയ നേതാക്കൾ പുലർത്തുന്ന മൗനം അങ്ങേയറ്റം അപകീർത്തികരമാണെന്ന് മുൻ നാവികസേനാ മേധാവി അഡ്മിറൽ അരുൺ പ്രകാശ്.
'ദി വയർ' ഓൺലൈൻ പോർട്ടലിൽ പ്രമുഖ മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറിന് നൽകിയ അഭിമുഖത്തിൽ വിഷയം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു സന്യാസിമാരിൽനിന്നും മുസ്‍ലിം വംശഹത്യാ ആഹ്വാനം വന്നതിന് ശേഷം രാഷ്ട്രീയ നേതൃത്വം നിശബ്ദമായതായി ഇന്ത്യയുടെ മുൻ നാവികസേനാ മേധാവികളിലൊരാളും ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ മുൻ ചെയർമാനുമായ അഡ്മിറൽ അരുൺ പ്രകാശ് പറഞ്ഞു.
ഡിസംബറിൽ ഹരിദ്വാറിൽ നടന്ന ധർമ്മ സൻസദിൽ വംശഹത്യയും വംശീയ ഉന്മൂലനവും നടത്തിയത് അങ്ങേയറ്റം അപലപനീയമാണ്. ഇതിനെതിരെ പൂർണ്ണമായ അപലപനവും ശക്തമായ നടപടിയും ഉണ്ടാകണം. ഈ രീതിയിലുള്ള പ്രചാരണങ്ങൾ തുടർന്നാൽ പ്രതിപ്രവർത്തനങ്ങളും ഉണ്ടാകും.
അത് കടുത്ത സംഘർഷങ്ങളിലേക്ക് നയിക്കും. ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കും. നമ്മൾക്ക് അത് വേണോ എന്ന് ആലോചിക്കണം -അദ്ദേഹം പറഞ്ഞു. ധർമ സൻസദ് വിവാദമായതിന് പിന്നാലെ രാഷ്ട്രപതി രാം നാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ച ഒരു തുറന്ന കത്തിൽ അഡ്മിറൽ അരുൺ പ്രകാശും ഒപ്പിട്ടിരുന്നു. ഇതിന് മറുപടി ലഭിച്ചോ എന്ന ചോദ്യത്തിന് ഇതുവശര ലഭിച്ചില്ലെന്നും മറുപടി പ്രതീക്ഷിക്കുന്നത് വ്യർഥമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.