സിൽക്യാര തുരങ്ക അപകടം; വഴിമുട്ടി കുഴൽപാത
text_fieldsഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽനിന്ന് 41 തൊഴിലാളികളെ പുറത്തെത്തിക്കാൻ 32 ഇഞ്ച് വ്യാസത്തിലൊരുക്കിയ കുഴൽപാത ഓഗർ യന്ത്രത്തിന്റെ ബ്ലേഡുകൾ കുടുങ്ങി വഴിമുട്ടി. കുഴൽപാത ഒരുക്കുന്ന യന്ത്രത്തിന്റെ ബ്ലേഡുകൾ ഊരാനോ മുറിച്ചുമാറ്റാനോ കഴിയാതെ വന്നതോടെ കൈകൊണ്ട് മണ്ണുനീക്കാനുള്ള ശ്രമവും തടസ്സപ്പെട്ടു. ഇതോടെ സമാന്തരമായി മലയുടെ മുകളിൽനിന്ന് കുത്തനെ താഴോട്ട് തുരക്കാനുള്ള നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ്.
തുരങ്കമിടിഞ്ഞ് വീണ മണ്ണും കല്ലും കോൺക്രീറ്റും അടങ്ങുന്ന അവശിഷ്ടങ്ങൾക്കൊപ്പം നിർമാണ സാമഗ്രികളായ ഇരുമ്പുകമ്പികളും ഗർഡറുകളും ലോഹവസ്തുക്കളും കൂടിക്കുഴഞ്ഞ് കിടക്കുന്നതാണ് അന്ത്യഘട്ടത്തിലെ അഞ്ച് മീറ്റർ ഭാഗത്ത് രക്ഷാദൗത്യത്തിന് വിലങ്ങുതടിയായത്.
ഇവയിൽ തട്ടി ബ്ലേഡുകൾ മുറിഞ്ഞ് ഓഗർ യന്ത്രത്തിന് മുന്നോട്ടുപോകാൻ കഴിയാതെ വെള്ളിയാഴ്ച രാത്രി ഏഴിന് നിർത്തിവെച്ച തുരക്കുന്ന പ്രവൃത്തി 24 മണിക്കൂർ പിന്നിട്ട ശേഷവും പുനരാരംഭിക്കാനായില്ല.
യന്ത്രം വഴിമുട്ടിച്ചതോടെ അത് ഊരിയെടുത്ത് ഇതിനകം സ്ഥാപിച്ച കുഴലിലൂടെ ഒരാളെ വീതം വിട്ട് കൈകൊണ്ടുള്ള പണിയായുധങ്ങൾ ഉപയോഗിച്ച് തടസ്സങ്ങൾ തീർക്കാമെന്ന് തീരുമാനിച്ചെങ്കിലും അതും നടന്നില്ല. ആളെ കയറ്റാനായി കുഴൽപാതക്കകത്ത് 26 മീറ്ററോളം നീളത്തിൽ കിടക്കുന്ന യന്ത്രത്തിന്റെ ബ്ലേഡുകൾ മാറ്റാൻ ശ്രമിച്ചപ്പോൾ ഉള്ളിൽ കുടുങ്ങി. ബ്ലേഡുകൾ മുറിച്ചുനീക്കൽ സിൽക്യാരയിലുള്ള ഉപകരണങ്ങൾകൊണ്ട് സാധ്യമായില്ല. ഇതേത്തുടർന്ന് പുതിയ ഉപകരണം ഹൈദരാബാദിൽനിന്ന് വിമാനത്തിലെത്തിച്ച് ബ്ലേഡുകൾ മുറിച്ചുമാറ്റുന്നത് കാത്തിരിക്കുകയാണ്.
കുഴലിനകത്ത് കയറി ഗ്യാസ് കട്ടറുകൾ ഉപയോഗിച്ച് ലോഹഭാഗങ്ങൾ മുറിച്ചുമാറ്റുന്നതിൽ വൈദഗ്ധ്യമുള്ളവരെ ഡൽഹിയിൽനിന്ന് ശനിയാഴ്ച കൊണ്ടുവന്നെങ്കിലും കുടുങ്ങിയ ബ്ലേഡുകൾ മുറിച്ചുമാറ്റാത്തതിനാൽ കുഴലിനകത്തേക്ക് കയറാൻ അവർക്കായില്ല.
നിരന്തര തടസ്സങ്ങളാൽ കുഴൽപാത പൂർത്തിയാക്കാൻ കഴിയാതെ വരുമോ എന്ന ആശങ്ക അധികൃതരിലുണ്ടായപ്പോഴാണ് നേരത്തേ വേണ്ടെന്നുവെച്ച മലയുടെ മുകളിൽനിന്ന് താഴോട്ട് തുരക്കാനുള്ള നടപടികളിലേക്ക് കടന്നത്.
പ്രധാനമന്ത്രിയുടെ ഓഫിസ് രക്ഷാദൗത്യം ഏറ്റെടുത്ത ശേഷം സ്ഥലത്ത് ക്യാമ്പ് ചെയ്ത് മേൽനോട്ടം വഹിക്കുന്ന പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ് ഭാസ്കർ ഖുൽബെയും നാഷനൽ ഹൈവേ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ (എൻ.എച്ച്.ഐ.ഡി.സി.എൽ) മാനേജിങ് ഡയറക്ടർ മഹ്മൂദ് അഹമ്മദും രക്ഷാദൗത്യം എന്ന് അവസാനിക്കുമെന്ന് പറയാനാകാതെ കുഴങ്ങുകയാണ്. രക്ഷാദൗത്യത്തിന് എത്തിയ 15ാളം ഏജൻസികൾ തമ്മിലുള്ള ഏകോപനമില്ലായ്മയും അഭിപ്രായഭിന്നതയും ദൗത്യത്തിലെ അനിശ്ചിതത്വത്തിൽ പ്രതിഫലിക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.