സിൽക്യാര തുരങ്കം ഇടിഞ്ഞുവീണത് 22 തവണ
text_fieldsസിൽക്യാര (ഉത്തരകാശി): കേന്ദ്ര സർക്കാറിന്റെ ‘ചാർ ധാം’ ദേശീയപാത വികസന പദ്ധതിയുടെ ഭാഗമായുള്ള സിൽക്യാര-ബാർകോട്ട് തുരങ്കം ഇടിഞ്ഞുവീണത് 22 തവണ. നവംബർ 12ന് തുരങ്കമിടിഞ്ഞുവീണ സമയത്തുണ്ടായിരുന്ന തൊഴിലാളികളാണ് ‘മാധ്യമ’ത്തോട് ഇക്കാര്യം പറഞ്ഞത്.
ആദ്യം ഇടിഞ്ഞുവീണപ്പോൾ തന്റെ നാട്ടുകാരായ സുശീല ശർമയും സോനുവും തുരങ്കത്തിൽ കുടുങ്ങിയിരുന്നു. ഇതറിഞ്ഞ് താൻ ചെന്നുനോക്കുമ്പോൾ തുരങ്ക നിർമാണത്തിനുപയോഗിച്ച കോൺക്രീറ്റ് ഒന്നാകെ വീണുകിടക്കുകയായിരുന്നുവെന്ന് ബിഹാർ സ്വദേശി ഗുഡ്ഡു യാദവ് പറഞ്ഞു. തൊഴിലാളികൾ എല്ലാവരും ജീവനോടെ രക്ഷപ്പെട്ടുവെങ്കിലും രണ്ടു വലിയ യന്ത്രങ്ങൾ അവശിഷ്ടങ്ങൾക്കടിയിലായിരുന്നു.
കുടുങ്ങിയവരെ രക്ഷിക്കാൻ വീണുകിടക്കുന്ന കോൺക്രീറ്റ് നീക്കംചെയ്യാൻ തുടങ്ങിയതോടെ തുരങ്കം ഇടിഞ്ഞുവീഴാൻ തുടങ്ങി. മണ്ണ് നീക്കുന്നതിനനുസരിച്ച് രണ്ട് ദിവസത്തിനുള്ളിൽ 22 തവണ തുരങ്കം അടർന്നുവീണുകൊണ്ടിരുന്നുവെന്നും ഗുഡ്ഡു യാദവ് കൂട്ടിച്ചേർത്തു.
സുരക്ഷ പരിശോധിച്ച് തുരങ്ക പദ്ധതി തുടരും
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ നാലു തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ‘ചാർധാം’ റോഡു പദ്ധതിയുടെ ഭാഗമായ നാലര കിലോമീറ്റർ ദൈർഘ്യമുള്ള സിൽക്യാര തുരങ്ക പദ്ധതി സുരക്ഷ പരിശോധനക്കും അറ്റകുറ്റപ്പണിക്കുംശേഷം തുടരുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. യാത്രാ ക്ലേശം പരിഹരിക്കാനും 25 കിലോമീറ്റർ ദൂരം കുറക്കാനും ഉദ്ദേശിച്ചാണ് സിൽക്യാരയെ ബാർകോട്ടുമായി ബന്ധിപ്പിക്കുന്ന തുരങ്ക നിർമാണം 2018ൽ തുടങ്ങിയത്. തുരങ്കം പൂർത്തിയാവാൻ 500 മീറ്റർ ബാക്കിയുള്ളപ്പോഴാണ് അപകടം സംഭവിച്ചത്. യമുനോത്രി, ഗംഗോത്രി, കേദർനാഥ്, ബദരീനാഥ് എന്നീ തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പാതക്ക് 12,000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.