ആശങ്കകളേറ്റി സിൽക്യാർ തുരങ്കം
text_fieldsസിൽക്യാര (ഉത്തരകാശി): തുരങ്കമിടിഞ്ഞ് കേവലം 60 മീറ്റർ അപ്പുറത്ത് കുടുങ്ങിയ മനുഷ്യരെ രണ്ടാഴ്ചയോളം നീണ്ട സാഹസത്തിനൊടുവിൽ വിജയകരമായി പുറത്തെത്തിക്കാനുള്ള നീക്കം അന്ത്യഘട്ടത്തിലെത്തുമ്പോഴും ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിന്റെ ഭാവി സംബന്ധിച്ച ആശങ്കകൾ. ഉത്തരാഖണ്ഡിലെ അതീവ പരിസ്ഥിതി ലോലപ്രദേശത്ത് നേരത്തെ നിരവധി തവണ ഇടിഞ്ഞുവീണ തുരങ്കമായതിനാൽ ഇനിയും അപകടം ആവർത്തിക്കാമെന്നാണ് തൊഴിലാളികളും നാട്ടുകാരും നൽകുന്ന മുന്നറിയിപ്പ്.
ശരിക്കും ഒരു തുരങ്ക നിർമാണം സാധ്യമല്ലാത്ത മലയാണിതെന്നാണ് അനുഭവം വെച്ച് തൊഴിലാളികൾ പറയുന്നത്. നേരത്തെ തുരങ്കമിടിഞ്ഞപ്പോഴെല്ലാം ജോലി തുടരാൻ പ്രയാസമാണെന്ന് കമ്പനിയെ അറിയിച്ചതാണ്. എന്നാൽ, കേന്ദ്ര സർക്കാറിന്റെ അഭിമാനമായ ‘ചാർ ധാം’ (ഗംഗോത്രി-യമുനോത്രി-ബദരീനാഥ്-കേദാർനാഥ്) പദ്ധതിയുടെ ഭാഗമായതിനാൽ നിർമാണം നിർത്തിവെക്കാൻ കമ്പനി തയാറായില്ല.
ദേശീയ പാത 94-134ൽ ഗംഗോത്രിയിലേക്കും യമുനോത്രിയിലേക്കുമുള്ള പാതകളെ പരസ്പരം ബന്ധിപ്പിക്കുന്ന ധരാശു-ബാർക്കോട്ട്-യമുനോത്രി റോഡ് നിർമാണത്തിന്റെ ഭാഗമാണ് 41 തൊഴിലാളികൾ കുടങ്ങിയ സിൽക്യാര ബെൻഡ്-ബാർകോട്ട് തുരങ്കം. ഹിമാലയൻ നിരകൾ തുരന്നുണ്ടാക്കുന്ന തുരങ്കങ്ങളിൽ ദേശീയ പാത അതോറിറ്റി അഭിമാനപൂർവം ഉയർത്തിക്കാണിക്കാറുള്ള തുരങ്ക നിർമാണമാണ് സിൽക്യാരയിലേത്.
ഭൗമോപരിതലം, കാലാവസ്ഥ, ഭൂമിയുടെ ലോലപ്രകൃതം തുടങ്ങി പ്രദേശത്തിന്റെ സവിശേഷതകൾ സിൽക്യാര തുരങ്ക നിർമാണത്തെ ലോകത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ തുരങ്ക നിർമാണമാക്കി മാറ്റിയതോടെ 2022ൽ കമീഷൻ ചെയ്യേണ്ടിയിരുന്ന പദ്ധതി അനന്തമായി നീണ്ടുപോയി. റോഡിക് കൺസൾട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡിനെയാണ് പദ്ധതി മേൽനോട്ടത്തിന് ചുമതലപ്പെടുത്തിയത്.
നിരവധി തവണ ഇടിഞ്ഞത് നിർമാണ പ്രതിസന്ധിക്കും തൊഴിലാളികളുടെ പ്രതിഷേധത്തിനുമിടയാക്കി. അപ്പോഴെല്ലാം തങ്ങൾ നൽകിയ മുന്നറിയിപ്പ് കമ്പനിയും സർക്കാരും ചെവിക്കൊണ്ടിരുന്നുവെങ്കിൽ ഇത്തരമൊരു അപകടത്തിന് ഇടവരില്ലായിരുന്നുവെന്നും അവർ ഓർമിപ്പിക്കുന്നു. മൂന്നു നാല് തവണ തുരങ്കം തകർന്നത് ആളപായമില്ലാതിരുന്നതിനാൽ പുറംലോകമറിഞ്ഞില്ലെന്നും തൊഴിലാളികൾ പറയുന്നു.
തുരങ്കത്തിൽപ്പെട്ടവരെ പുറത്തുകൊണ്ടുവരാൻ 13 ദിവസം എടുത്തത് വീണ്ടും ജോലിക്കിറങ്ങാൻ സിൽക്യാരയിൽ നിർമാണ പ്രവർത്തനത്തിലുള്ള തൊഴിലാളികളെ ആശങ്കയിലാഴ്ത്തുമ്പോൾ, ഈ തുരങ്കം വഴി എങ്ങിനെ ഗതാഗതം സാധ്യമാകുമെന്ന് ചോദിക്കുകയാണ് ഉത്തരകാശിയിലെ മാധ്യമപ്രവർത്തകർ.
ദീപാവലി ദിവസം 41 തൊഴിലാളികൾ കുടുങ്ങുന്നതിന് മുമ്പും തുരങ്കമിടിഞ്ഞുവീണിരുന്നു. ഏറ്റവുമൊടുവിൽ അങ്ങനെ ഇടിഞ്ഞുവീണ തുരങ്കത്തിന്റെ മേലാപ്പിൽ പ്ലാസ്റ്ററിങ് നടത്തിയ അതേ സ്ഥലത്താണ് അപകടമെന്ന് നേരത്തെ വാർത്ത റിപ്പോർട്ട് ചെയ്ത ഉത്തരകാശിയിലെ മാധ്യമ പ്രവർത്തകൻ ദിഘ്ബീർ സിങ് ബിഷ്ട് ‘മാധ്യമ’ത്തോടു പറഞ്ഞു.
നിർമാണ ഉപകരാർ ഏറ്റെടുത്ത കമ്പനി മേധാവി വന്നാണ് ആ ഭാഗം അടച്ചാൽ മതിയെന്ന് നിർദേശിച്ചതെന്നും അദ്ദേഹം തുടർന്നു. അടർന്നുവീണിട്ടില്ലാത്ത നിരവധി സ്ഥലങ്ങളിൽ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. അപകടം നടന്നയുടൻ തുരങ്കത്തിലെത്തിയവരെല്ലാം ഇത് കണ്ടിരുന്നുവെന്നും എന്നാൽ ദേശീയ, അന്തർദേശീയ മാധ്യമങ്ങൾ വന്നതോടെ അവയെല്ലാം പ്ലാസ്റ്റർ ചെയ്ത് അടച്ചുവെന്നും ഒരാഴ്ച മുമ്പെടുത്ത തുരങ്കത്തിന്റെ ചിത്രം കാണിച്ച് നാട്ടുകാരിലൊരാൾ പറഞ്ഞു.
പ്രതിപക്ഷമില്ലാതായ ഉത്തരാഖണ്ഡിൽ ഇതൊന്നും പറയാനിപ്പോൾ ആരുമില്ലെന്ന് ഭരണകക്ഷിയുടെ തന്നെ പ്രമുഖ നേതാവ് ‘മാധ്യമ’ത്തോടു പറഞ്ഞു. കണ്ണിൽനിന്നു മറയാൻ മാത്രം പ്ലാസ്റ്ററിങ് ചെയ്ത് മൂടിവെച്ചതുകൊണ്ട് തുരങ്കത്തിനുള്ള ഭീഷണി ഇല്ലാതാകുമോ എന്നാണ് ബിഷ്ട് ചോദിക്കുന്നത്.
തുരന്ന മലക്ക് മുകളിലെ മണ്ണിൽ ആകാശം മുട്ടി നിൽക്കുന്ന പൈൻ മരങ്ങൾ ചൂണ്ടി അവയാണ് ഈ മലയെ താങ്ങി നിർത്തിയിരുന്നതെന്നും 600 ടൺ വരെ പ്രഹരശേഷിയുള്ള ഓഗർ മെഷീൻ വെച്ചുള്ള തുരക്കൽ ഈ മലയെ തന്നെ ഭീഷണിയിലാക്കിയെന്നും ബിഷ്ട് തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.