സിൽവർ ലൈൻ: തത്വത്തിലുള്ള അനുമതി കൊണ്ട് ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: കേരളത്തിലെ സിൽവർ ലൈൻ പദ്ധതിക്ക് തത്വത്തിലുള്ള അനുമതി കൊണ്ട് ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ. ലാൻഡ് പ്ലാൻ, അലൈൻമെന്‍റ്, ഫൈനൽ ലൊക്കേഷൻ സർവേ ഇവയൊന്നുമില്ലാതെ ഒരു പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകുന്നത് ശരിയല്ലെന്നും കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. മെട്രോമാൻ ഇ. ശ്രീധരന്‍റെ നേതൃത്വത്തിൽ തന്നെ വന്നുകണ്ട കേരളത്തിൽ നിന്നുള്ള ബി.ജെ.പി പ്രതിനിധി സംഘത്തെയാണ് കേന്ദ്ര മന്ത്രി ഇക്കാര്യം അറിയിച്ചത്.
കേരള സർക്കാർ സമർപ്പിച്ച അന്തിമ സാധ്യതാപഠന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ 2019 ഡിസംബർ 17നാണ് കെ-റയിൽ പദ്ധതിക്ക് ഇന്ത്യൻ റെയിൽവെ ബോർഡ് തത്വത്തിൽ അനുമതി നൽകിയത്. രണ്ട് വർഷം എടുക്കുന്ന അന്തിമ സാധ്യതാ പഠനം കേവലം 55 ദിവസം കൊണ്ട് തട്ടിക്കൂട്ടി സമർപ്പിച്ച റിപ്പോർട്ട് വിശദമായ പരിശോധന നടത്താതെയായിരുന്നു റെയിൽവെ ബോർഡിന്‍റെ തത്വത്തിലുള്ള അനുമതി.
ഡി.പി.ആർ സമർപ്പിച്ച ശേഷം കേരള സർക്കാറിനോട് റെയിൽവെ നിരവധി ചോദ്യങ്ങൾ ചോദിച്ചിരുന്നുവെന്നും എല്ലാത്തിനും തൃപ്തികരമായ മറുപടി കിട്ടിയിട്ടില്ലെന്നും റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞുവെന്ന് ബി.ജെ.പി പ്രതിനിധി സംഘത്തെ നയിച്ച മെട്രോമാൻ ഇ. ശ്രീധരൻ പറഞ്ഞു. ഇത്രകാലം പുറത്തുവിടാൻ പാടില്ലാത്ത രഹസ്യരേഖയാണെന്ന് പറഞ്ഞ് കേരള സർക്കാർ ഡി.പി.ആർ പൂഴിത്തിവെച്ചതായിരുന്നു. പുറത്തുവിട്ട ഡി.പി.ആറിൽ പല അപര്യാപ്തതകളും തെറ്റുകളുമുണ്ട്.
അവയിൽ പ്രധാന വിഷയങ്ങളാണ് റെയിൽവെ മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചത്. ഫൈനൽ ലൊക്കേഷൻ സർവേ നടത്താത്തതിനാൽ എല്ലാ വിവരങ്ങളും അറിയാൻ സാധിക്കില്ല. വലിയ പാലങ്ങൾ എത്ര വേണമെന്ന് അറിയുമെങ്കിലും ചെറിയ പാലങ്ങളും കലുങ്കുകളും എത്ര വേണമെന്ന് അറിയില്ല. രണ്ട് കാലവർഷങ്ങളുള്ള കേരളത്തിൽ 3000-ഓളം ചെറിയ പാലങ്ങൾ നിർമിക്കേണ്ടി വരും. ഇതൊന്നുമില്ലാത്ത ഡി.പി.ആർ ശരിയല്ലെന്നും ഡി.പി.ആറിൽ പറഞ്ഞപോലെ അഞ്ച് വർഷം കൊണ്ട് പദ്ധതി തീരില്ലെന്നും ചുരുങ്ങിയത് 10-12 വർഷം വേണ്ടിവരുമെന്നും മന്ത്രിയെ ധരിപ്പിച്ചു.
പദ്ധതി നടപ്പാക്കിയാൽ സംഭവിക്കാവുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ കുറിച്ചും വിശദ പദ്ധതി റിപ്പോർട്ടിലെ അപൂർണതകളെ കുറിച്ചും ഡി.പി.ആറിൽ കൃത്യമായ വിവരങ്ങൾ നൽകാതിരിക്കുന്നതിനെ സംബന്ധിച്ചും റെയിൽവെ മന്ത്രിയുമായി ചർച്ച ചെയ്തു. 400 കിലോമീറ്റർ ഭൂമിയിലൂടെ കെ-റയിൽ കൊണ്ടുപോകുന്നത് കൊണ്ടുള്ള ആഘാതങ്ങൾ മന്ത്രിയെ പറഞ്ഞ് മനസ്സിലാക്കി. ശരാശരി വീതി നോക്കിയാണ് ഭൂമി എത്ര വേണമെന്ന് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ കാണിച്ചതിലും 50 ശതമാനം കൂടുതൽ ഭുമി ഏറ്റെടുക്കുകയും കെട്ടിടങ്ങൾ പൊളിച്ചുമാറ്റുകയും ചെയ്യേണ്ടി വരും.
കേരളത്തിൽ പതിനാരയിരങ്ങൾ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുകയും പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് സാങ്കേതിക പരിജ്ഞാനമുള്ള മെട്രോമാൻ ഇ. ശ്രീധരനുമായി കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി ശെവഷ്ണവ് കൂടിക്കാഴ്ച നടത്തിയതെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ പറഞ്ഞു. കേന്ദ്ര റെയിൽവെ മന്ത്രി നിലപാട് വ്യക്തമാക്കിയ സാഹപര്യത്തിൽ കേരള സർക്കാർ എത്രയും പെട്ടെന്ന് സർവേ നടപടികൾ നിർത്തിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. ബി.ജെ.പി നേതാക്കളായ കുമ്മനം രാജശേഖരൻ, പി.കെ കൃഷ്ണദാസ് എന്നിവരും മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും വാർത്താസമ്മേളനത്തിലും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.