സിൽവർ ലൈനിന് തത്ത്വത്തിലുള്ള അനുമതി മാത്രം -റെയിൽവേ ബോർഡ് അന്തിമാനുമതി പ്രായോഗികത നോക്കി; ഡി.പി.ആറിൽ മതിയായ വിവരങ്ങളില്ല
text_fieldsന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിക്ക് തത്ത്വത്തിലുള്ള അനുമതി മാത്രമെ നൽകിയിട്ടുള്ളൂവെന്നും പദ്ധതിയുടെ സാങ്കേതികവും പ്രായോഗികവുമായ കാര്യങ്ങളെ സംബന്ധിച്ച മതിയായ വിവരങ്ങൾ ഡി.പി.ആറിൽ ഇല്ലെന്നും റെയിൽവേ ബോർഡ്. പദ്ധതിക്ക് അന്തിമ അനുമതി ലഭിക്കുന്നത് ഇതടക്കം പൂർണ വിവരങ്ങൾ ലഭ്യമായ ശേഷമായിരിക്കുമെന്നും റെയിൽവേ ബോർഡ് അറിയിച്ചു. ഏപ്രിൽ നാലിന് കൊടിക്കുന്നിൽ സുരേഷ് എം.പിക്ക് റെയില്‍വേ ബോർഡ് ചെയർമാൻ വിനയ് കുമാർ ത്രിപാഠിയാണ് ഇങ്ങനെ മറുപടി നൽകിയത്.
മുതൽമുടക്കിന് മുമ്പുള്ള പ്രവൃത്തികൾക്ക് മാത്രമാണ് തത്ത്വത്തിലുള്ള അനുമതി നൽകുന്നത്. ഡി.പി.ആറിന്‍റെ അവതരണം, സാമ്പത്തിക കാര്യങ്ങളുടെ വിശദാംശങ്ങൾ തുടങ്ങിയവയാണ് ഈ ഘട്ടത്തിൽ ഉൾപ്പെടുക.
സർവേക്ക് ശേഷം കെ- റെയിൽ അധികൃതർ റെയിൽവേക്ക് ഡി.പി.ആർ സമർപ്പിച്ചിരുന്നു. എന്നാൽ പദ്ധതിയുടെ സമ്പൂർണ വിവരങ്ങൾ ഡി.പി.ആറിൽ ഇല്ലാത്തതിനാൽ കെ- റെയിൽ കോർപറേഷനോട് വിശദമായ സാങ്കേതിക രേഖകൾ, അലൈൻമെന്‍റ് പ്ലാൻ, റെയിൽവേ ഭൂമി- സ്വകാര്യ ഭൂമി എന്നിവയുടെ വിശദ വിവരങ്ങൾ, നിലവിലുള്ള റെയിൽവേ നെറ്റ്‌വർക്കിനെ എവിടെയൊക്കെ സിൽവർലൈൻ ക്രോസ് ചെയ്യുന്നു, പദ്ധതി ബാധിക്കുന്ന റെയിൽവേ വസ്തുവകകൾ, അതത് സോണൽ റെയിൽവേ നടത്തിയ സൈറ്റ് പരിശോധന തുടങ്ങിയവ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക പ്രായോഗികത പരിശോധനയും തുടർ നടപടികളും അതിനു ശേഷം മാത്രമെ ഉണ്ടാകൂ എന്നും മറുപടിയിൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.