സിൽവർലൈൻ പദ്ധതിരേഖ: തട്ടിക്കൂട്ടിയതാണെന്ന് ആവർത്തിച്ച് അലോക് വർമ
text_fieldsന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിരേഖ തട്ടിക്കൂട്ടിയതാണെന്ന നിലപാടിലുറച്ച് അലോക് വർമ. പദ്ധതിയുമായി ബന്ധപ്പെട്ട പരാമർശങ്ങളുടെ പേരിൽ സിസ്ട്ര അയച്ച വക്കീൽ നോട്ടീസിന് മറുപടിയിലാണ് സിസ്ട്രയുടെ മുൻ കൺസൾട്ടന്റും റെയിൽവേ മുൻ ചീഫ് എൻജിനീയറുമായ അലോക് വർമ്മ ഇക്കാര്യം വ്യക്തമാക്കുന്നത്. ഡി.പി.ആർ തട്ടിക്കൂട്ടാണെന്ന് ആവർത്തിച്ച അദ്ദേഹം ദീർഘകാലത്തെ പ്രവൃത്തി പരിചയം മുൻനിർത്തിയാണ് അഭിപ്രായപ്രകടനം നടത്തിയതെന്ന് മറുപടി നൽകി.
മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൻ മുഖേനയാണ് അലോക്‍വർമ മറുപടി നൽകിയത്. തന്റെ പ്രസ്താവന വസ്തുതാപരവും പൊതുതാൽപര്യം മുൻനിർത്തിയുള്ളതുമാണ്. 2019ലെ സാധ്യതാപഠന റിപ്പോർട്ടും 2020ലെ ഡി.പി.ആറും തട്ടിക്കൂട്ടിയതാണെന്ന് പൊതുജനങ്ങളെയും അധികൃതരെയും അറിയിക്കുകയായിരുന്നു ഉദ്ദേശ്യം. സാധ്യതാപഠന റിപ്പോർട്ടും ഡി.പി.ആറും തയ്യാറാക്കുമ്പോൾ സിസ്ട്രയും കെ-റെയിലും ബോധപൂർവം തെറ്റുവരുത്തിയിട്ടുണ്ടെങ്കിൽ തന്റെ വിമർശനത്തെ നിശബ്ദമാക്കാൻ ശ്രമിക്കാതെ പിഴവുപരിഹരിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടത്.
വസ്തുതാവിരുദ്ധമായ പ്രസ്താവനകൾ തനിക്ക് മാനനഷ്ടമുണ്ടാക്കുന്നതാണെന്നും അലോക്‍വർമ പറയുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട പരാമർശങ്ങളുടെ പേരിൽ കഴിഞ്ഞ ദിവസമാണ് സിസ്ട്ര അയച്ച വക്കീൽ നോട്ടീസ് അയച്ചത്. അദ്ദേഹം പ്രസിദ്ധീകരിച്ച അപകീർത്തിപരമായ ലേഖനങ്ങൾ നിരുപാധികം പിൻവലിച്ച് മാപ്പുപറയണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.