സിമിയിലെ ക്രിസ്ത്യന്‍, സിഖ് ‘ഭീകരവാദികള്‍’
text_fieldsക്രിസ്ത്യന്‍, സിഖ് യുവാക്കള്‍ നിരോധിത സംഘടനയായ സിമിക്കുവേണ്ടി ഭീകരപ്രവര്‍ത്തനം നടത്തിയ കേസിന്‍െറ കഥയും പറയാനുണ്ട് മധ്യപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡിന്. ഭോപാലില്‍ കൂട്ടക്കൊലക്കിരയായ എട്ടു തടവുകാര്‍ക്കൊപ്പം പിടികൂടിയതായിരുന്നു സിമിയുടെ ഈ രണ്ട് ക്രിസ്ത്യന്‍, സിഖ് തീവ്രവാദികളെയും.
സിമിയുടെ പ്രവര്‍ത്തനം രാജ്യമൊട്ടുക്കും വ്യാപിപ്പിക്കാന്‍ ചേര്‍ന്ന രഹസ്യയോഗത്തില്‍ പങ്കെടുത്തുവെന്നായിരുന്നു ബബ്ലിയ ഡൊമിനിക് എന്ന ക്രിസ്ത്യന്‍ യുവാവിനെതിരായ കുറ്റം.
എന്നാല്‍, ഭീകരവിരുദ്ധ സ്ക്വാഡിലെ പൊലീസ് ഓഫിസറുടെ മകളെ ഈ യുവാവ് പ്രേമിച്ചതിന് തീവ്രവാദിയാക്കി വൈരാഗ്യം തീര്‍ക്കുകയായിരുന്നു ഭീകരവിരുദ്ധ സ്ക്വാഡ്.
മകളുമായുള്ള ബന്ധത്തില്‍നിന്ന് പിന്തിരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എ.ടി.എസ് ഓഫിസര്‍ നിരന്തരം ബബ്ലിയ ഡൊമിനിക്കിനെ സമീപിച്ചു. സമ്മര്‍ദം ഉപയോഗിച്ചിട്ടും മകളോടുള്ള പ്രേമത്തില്‍നിന്ന് ഒഴിയാന്‍ യുവാവ് തയാറാകാതിരുന്നതോടെ അന്ന് സിമി തീവ്രവാദ കേസുമായി നടക്കുകയായിരുന്ന പൊലീസ് ഓഫിസര്‍ ബബ്ലിയ ഡൊമിനിക്കിനെയും ‘ജിഹാദി’യാക്കി പ്രതികാരം തീര്‍ക്കുകയായിരുന്നു. പിന്നീട് യു.എ.പി.എ ചുമത്തി. മധ്യപ്രദേശിലെ ഖണ്ഡ്വയില്‍നിന്ന് നിരവധി മുസ്ലിം ചെറുപ്പക്കാരെ പിടികൂടി സിമി തീവ്രവാദികളാണെന്ന് ആരോപിച്ച് ജയിലിലിട്ടുകൊണ്ടിരുന്ന സമയത്തായിരുന്നു ക്രിസ്ത്യന്‍, സിഖ് യുവാക്കളുടെ അറസ്റ്റും.
മധ്യപ്രദേശ് പൊലീസ് തയാറാക്കി ഖണ്ഡ്വ കോടതിയില്‍ അവതരിപ്പിച്ച കഥ ഇങ്ങനെ: 2011 ജൂണ്‍ 13ന് ഗുല്‍മോഹര്‍ കോളനിയിലെ ഒരു വീട്ടില്‍ സിമിയുടെ രഹസ്യയോഗം നടക്കുന്നുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിക്കുന്നു. ‘ഏതാനും സിമി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ജിഹാദ് തുടരണ’മെന്ന് വീട്ടിലുള്ളവര്‍ പറയുന്നതായി വീട് വളഞ്ഞ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ഹര്‍ദേവ് സിങ് ഗൗര്‍ ഒളിഞ്ഞുകേള്‍ക്കുന്നു.
വീട്ടില്‍ കയറി റെയ്ഡ് നടത്തിയപ്പോള്‍ ചെറിയ ആയുധങ്ങളും പുസ്തകങ്ങളും സീഡികളും ലഘുലേഖകളുമടക്കം തീവ്രവാദി സാഹിത്യങ്ങളും കണ്ടെടുക്കുന്നു. വീട്ടുകാരന്‍ ഇപ്പോള്‍ കൊല്ലപ്പെട്ട അഖീല്‍ ഖില്‍ജി, മകന്‍ ഖലീല്‍ ഖില്‍ജി, ജസ്പാല്‍ സിങ്, ബബ്ബു എന്ന ബബ്ലിയ ഡൊമിനിക് എന്നിവരടക്കം 12 പേരെ അറസ്റ്റ് ചെയ്യുന്നു.
എന്നാല്‍, കണ്ടെടുത്ത ഓഡിയോ സീഡി ഇംഗ്ളീഷും ഹിന്ദിയും അറിയാത്ത തനിക്ക് മനസ്സിലായിട്ടില്ളെന്ന് ഒരു പൊലീസുകാരനും പത്താം ക്ളാസ് വരെ ഉര്‍ദു പഠിച്ച തനിക്ക് ഉര്‍ദു പരിഭാഷ ചെയ്യാനുള്ള അറിവില്ളെന്ന് ഒരു പൊലീസുകാരിയും ക്രോസ് വിസ്താരത്തില്‍ സമ്മതിച്ചതോടെ സിമി ആരോപണം കോടതിയില്‍ പൊളിഞ്ഞു.
തന്‍െറ കക്ഷി സിഖുകാരനായിരിക്കെ എങ്ങനെയാണ് സിമിയുടെ അംഗമാകുകയെന്ന് ജഡ്ജിയോട് ചോദിച്ച ജസ്പാല്‍ സിങ്ങിന്‍െറ അഭിഭാഷകന്‍ സുധാകര്‍ കാംഗോ, പൊലീസ് അവനോടും വിരോധം തീര്‍ത്തതാണെന്ന് വാദിച്ചു.
തുടര്‍ന്ന് ഖണ്ഡ്വ സെഷന്‍സ് അഡീഷനല്‍ കോടതി 2015 സെപ്റ്റംബര്‍ 30ന് പുറപ്പെടുവിച്ച വിധിയില്‍ ഇപ്പോള്‍ വെടിവെച്ചുകൊന്ന അഖീല്‍ ഖില്‍ജി, ജസ്പാല്‍ സിങ്, ബബ്ബു എന്ന ബബ്ലിയ ഡൊമിനിക് എന്നിവരടക്കം 14 പേരെയും സിമി അംഗങ്ങളാണെന്ന ആരോപണത്തില്‍നിന്ന് കുറ്റമുക്തരാക്കി. എല്ലാവരെയും യു.എ.പി.എ പ്രകാരമുള്ള വകുപ്പുകളില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു.
എന്നാല്‍, വീട്ടില്‍നിന്ന് പൊലീസ് കണ്ടെടുത്തുവെന്ന് പറയുന്ന ആയുധത്തിന്‍െറ പേരില്‍ ബബ്ലിയ ഡൊമിനിക്, അബ്ദുല്ല, വാജിദ്, റഖീബ് എന്നിവരെ സഹോദരന്‍ ഖലീലിനൊപ്പം ആയുധ നിയമപ്രകാരം മൂന്നുവര്‍ഷം തടവിന് ഖണ്ഡ്വ അഡീഷനല്‍ സെഷന്‍സ് ജഡ്ജി അവനീന്ദര്‍ കുമാര്‍ ശിക്ഷിച്ചുവെന്ന് കൊല്ലപ്പെട്ട അഖീല്‍ ഖില്‍ജിയുടെ മകന്‍ ജലീല്‍ പറഞ്ഞു.
എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ 2001ല്‍ സിമിയെ നിരോധിച്ചപ്പോഴാണ് സിമിയുടെ പേരില്‍ ഖണ്ഡ്വയില്‍ പൊലീസ് വേട്ട തുടങ്ങുന്നതെന്നും കലണ്ടറും ലഘുലേഖയും കണ്ടത്തെിയെന്നു പറഞ്ഞ് അന്നാദ്യമായി പിതാവിനെ അറസ്റ്റ് ചെയ്തുവെന്നും ജലീല്‍ പറഞ്ഞു.
ഈ കേസില്‍ 12 വര്‍ഷത്തിനു ശേഷം 2012ല്‍ ഖണ്ഡ്വ കോടതി അഖീലിനെ കുറ്റമുക്തനാക്കി. അപ്പോഴേക്കും 2006ലും 2008ലും 2011ലും സിമിയെന്ന് ആരോപിച്ച് വീണ്ടും കേസുകളില്‍ പ്രതിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു.
തുടരും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.