സിമി കേസ്: 127 നിരപരാധികൾക്ക് നഷ്ടമായ 20 വർഷം എന്‍റെ ഹൃദയം തകർക്കുന്നു -ജിഗ്നേഷ് മേവാനി
text_fieldsഅഹ്മദാബാദ്: സിമി ബന്ധമാരോപിച്ച് 127 നിരപരാധികളെ 20 വർഷത്തോളം നിയമക്കുരുക്കിൽ കുടുക്കിയ സംഭവം തന്‍റെ ഹൃദയം തകർക്കുന്നുെവന്ന് ആക്ടിവിസ്റ്റും ഗുജറാത്ത് നിയമസഭാംഗവുമായ ജിഗ്നേഷ് മേവാനി. ''അവർക്ക് നഷ്ടമായ 20 വർഷത്തെക്കുറിച്ച് ചിന്തിക്കുന്നത് എന്‍റെ ഹൃദയം തകർക്കുന്നു. ഒരിക്കലും തിരിച്ചുവരാത്ത 20 വർഷം... പരാജയപ്പെട്ട ഞങ്ങളുടെ നിയമസംവിധാനത്തിന് എല്ലാ നന്ദിയും!'' -ജിഗ്നേഷ് ട്വിറ്റിൽ കുറിച്ചു.
സ്റ്റുഡന്‍റ്‌സ് ഇസ്ലാമിക് മൂവ്‌മെന്‍റ് ഓഫ് ഇന്ത്യ (സിമി)യുമായി ബന്ധമാരോപിച്ച് 2001ലാണ് ഗുജറാത്ത് പൊലീസ് 127 പേരെ അറസ്റ്റ് ചെയ്തത്. 20 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ ഇവരെ കുറ്റക്കാരല്ലെന്ന് കണ്ട് സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് എ.എൻ ധവ വെറുതെ വിടുകയായിരുന്നു. കുറ്റം തെളിയിക്കാൻ പൊലീസിന് കഴിഞ്ഞില്ലെന്നും കുറ്റാരോപിതർ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. യു.എ.പി.എ ചുമത്തുന്നതിന് കേന്ദ്രാനുമതി വേണമെന്ന പ്രാഥമിക നടപടി പോലും പൊലീസ് പൂർത്തികരിച്ചില്ലെന്നും കോടതി പറഞ്ഞു.
ഡോക്ടർമാരും എൻജിനീയർമാരുമായ അഭ്യസ്തവിദ്യരടങ്ങുന്നതായിരുന്നു കുറ്റാരോപിതർ. സൂറത്ത് രാജശ്രീ ഹാളിൽ 2001 ഡിസംബർ 27ന് മൈനോറിറ്റീസ് എജുക്കേഷണൽ ബോർഡ് വിളിച്ചു ചേർത്ത യോഗം സിമിയുടെ രഹസ്യ യോഗമാണെന്നായിരുന്നു കേസ്.
'20 വർഷത്തിന് ശേഷം ഞങ്ങളെ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയിരിക്കുന്നു. ഒരു വർഷത്തോളം ഞങ്ങൾ ജയിലിലായിരുന്നു. പിന്നീട് ജാമ്യം ലഭിച്ചെങ്കിലും എല്ലാ മാസവും കോടതിയിലെത്തേണ്ടി വന്നു. ഞങ്ങൾക്ക് ജോലി നഷ്ടമായി, ബിസിനസ് തകർന്നു. അറസ്റ്റിലായവരിൽ പലരും ഉന്നത യോഗ്യതകൾ ഉള്ളവരാണ്. ഞങ്ങളുടെ മേൽ കുറ്റം ചുമത്തിയവർക്കെതിരെ നടപടിയെടുക്കുമോയെന്നാണ് ചോദിക്കാനുള്ളത്' -സിമിയുടെ മുൻ ജനറൽ സെക്രട്ടറി ആയിരുന്ന സിയാവുദ്ദീൻ സിദ്ദീഖി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.