ഏറ്റുമുട്ടൽ കൊല: കടുത്ത ദുരൂഹത
text_fieldsന്യൂഡല്‍ഹി: ഭോപാലില്‍ എട്ടു വിചാരണ തടവുകാര്‍ ജയില്‍ ചാടിയെന്നും പിന്നീട് പൊലീസുമായി നടത്തിയ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നുമുള്ള മധ്യപ്രദേശ് ഭരണകൂടത്തിന്‍െറ വിശദീകരണത്തില്‍ കടുത്ത ദുരൂഹത. പൊലീസിന്‍െറയും ബി.ജെ.പി സര്‍ക്കാറിന്‍െറയും വിശദീകരണത്തില്‍ ചൂണ്ടിക്കാണിക്കപ്പെടുന്ന പ്രധാന പൊരുത്തക്കേടുകള്‍ ഇവയാണ്:
ജയില്‍പുള്ളികളുടെ പക്കല്‍ തോക്കോ മറ്റായുധങ്ങളോ ഉണ്ടാകാന്‍ ഇടയില്ല. എന്നാല്‍, പൊലീസ് പിന്നാലെ എത്തിയപ്പോള്‍ അവര്‍ വെടിവെച്ചെന്നും തുടര്‍ന്നാണ് പൊലീസ് എട്ടുപേരെയും ഏറ്റുമുട്ടലില്‍ വധിച്ചതെന്നുമാണ് പൊലീസ് ഭാഷ്യം. ഭോപാല്‍ ഐ.ജി യോഗേഷ് യാദവ് നടത്തിയ ഈ വാദത്തിന് കടകവിരുദ്ധമാണ് സംസ്ഥാന ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിങ് നല്‍കിയ വിശദീകരണം.
കൊല്ലപ്പെട്ട എട്ടു പേരുടെയും വേഷം ജീന്‍സും ബനിയനുമാണ്. ബെല്‍റ്റ്, വാച്ച്, ഷൂ, ഉണങ്ങിയ പഴങ്ങള്‍, കൂടുതല്‍ വസ്ത്രങ്ങള്‍ എന്നിവയുമുണ്ട്. തടവുകാര്‍ക്ക് ജയിലില്‍ പ്രത്യേക വേഷമുണ്ടെന്നിരിക്കെ, രാത്രി ജയില്‍ ചാടുകയും മണിക്കൂറുകള്‍ക്കകം ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തതിനിടയില്‍ ഇത്തരത്തില്‍ വേഷം മാറ്റാന്‍ അവര്‍ക്ക് സാധിക്കില്ല.
ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് പത്തു കിലോമീറ്റര്‍ അകലെ, മൈലുകളോളം ആള്‍പാര്‍പ്പില്ലാത്ത സ്ഥലത്തുവെച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്. എന്നാല്‍, തടവുകാരെ നാട്ടുകാര്‍ കണ്ട് വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയതെന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചത്.
പുലരുവോളം ആഘോഷങ്ങള്‍ നീളുന്ന ദീപാവലി രാത്രിക്കാണ്, അധികൃതര്‍ പറയുന്ന ജയില്‍ ചാട്ടം. വഴിയാത്രക്കാരും മറ്റും കൂടുതലായി ഉണ്ടാകുന്ന ഈ രാത്രിതന്നെ ജയില്‍ ചാട്ടത്തിന് തടവുകാര്‍ തെരഞ്ഞെടുക്കുമോ എന്ന ചോദ്യം ബാക്കി. പെട്ടെന്ന് പിടിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജയില്‍ ചാടിയ എട്ടു പേരും സംഘമായി നീങ്ങാനും സാധ്യതയില്ല.
പിടിയിലുള്ള ചിലരെ വെടിവെക്കുന്നതായി കാണിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതില്‍ വെടിയൊച്ചയും കേള്‍ക്കാം. ഏറ്റുമുട്ടല്‍ യഥാര്‍ഥ്യമെങ്കില്‍, ജീവനോടെ പിടിക്കുന്നതിനാണ് വില. വെടിവെച്ച് കൊല്ലുന്നതിനല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.