'ഇതെനിക്ക് പറ്റിയതല്ല'; തുടർച്ചയായ തോൽവിക്ക് പിന്നാലെ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുന്നുവെന്ന് ബൈചുങ് ബൂട്ടിയ
text_fieldsഗാംങ്ടോക്: സിക്കിമിൽ അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടതോടെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്ന പ്രഖ്യാപനവുമായി ഇന്ത്യൻ ഫുട്ബാൾ ടീം മുൻ ക്യാപ്റ്റനും സിക്കിം ഡെമോക്രാറ്റിക് ഫ്രന്റ് (എസ്.ഡി.എഫ്) നേതാവുമായ ബൈചുങ് ബൂട്ടിയ. തെരഞ്ഞെടുപ്പിൽ വിജയിച്ച സിക്കിം ക്രാന്തികാരി മോർച്ചക്കും പി.എസ് തമാങ്ങിനും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും സംസ്ഥാനത്തെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാൻ പാർട്ടിക്ക് സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
"2024 തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം എനിക്ക് യോജിക്കുന്നതല്ല എന്ന് മനസിലായി. അതിനാൽ എല്ലാ തരത്തിലുള്ള തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും രാജിവെക്കുന്നു," ബൈചൂങ് ബൂട്ടിയ പറഞ്ഞു.
ബാർഫുങ് മണ്ഡലത്തിൽ സിക്കിം ക്രാന്തി മോർച്ചയുടെ ദോർജി ബൂട്ടിയക്കെതിരെയായിരുന്നു ബൈചൂങ് മത്സരിച്ചത്. 4346 വോട്ടുകൾക്കായിരുന്നു ദോർജി അദ്ദേഹത്തെ പരാജയപ്പെടുത്തിയത്. പത്ത് വർഷത്തിനിടെ വിവിധ തെരഞ്ഞെടുപ്പുകളിലായി ബൈചുങ്ങിന്റെ ആറാം തോൽവിയായിരുന്നു ഇത്.
2018ൽ ഹംരോ സിക്കിം പാർട്ടി എന്ന സ്വന്തം പാർട്ടിയുമായി രംഗത്തെത്തിയ ബൂട്ടിയ കഴിഞ്ഞ വർഷമാണ് പാർട്ടിയെ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിൽ ലയിപ്പിച്ചത്. നിലവിൽ പാർട്ടി വൈസ് പ്രസിഡന്റാണ്. നേരത്തെ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ടിക്കറ്റിൽ 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഡാർജീലിങ്ങിൽനിന്നും 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സിലിഗുരിയിൽനിന്നും ജനവിധി തേടിയെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് 2019ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സിക്കിമിലെ ഗാങ്ടോക്കിൽനിന്നും തുമേൻ ലിങ്കിയിൽനിന്നും മത്സരിച്ചെങ്കിലും പരാജയം രുചിച്ചു. 2019ൽ ഗാങ്ടോക്കിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴും ഫലം മറിച്ചായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.