കർണാടകയുടെ ക്ഷേമത്തിനായി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ തുടരും -അമിത് ഷാ
text_fieldsബംഗളൂരു: കർണാടകയിലെ ജനങ്ങളെ സേവിക്കാൻ അവസരം നൽകിയതിന് അവരോട് നന്ദി പറയുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കർണാടകക്കായി നടത്തുന്ന ക്ഷേമപ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ കർണാടകയിൽ വലിയ പരാജയം നേരിട്ടതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം.
ഉത്തർപ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച പാർട്ടി പ്രവർത്തകരേയും അദ്ദേഹം അഭിനന്ദിച്ചു. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വിജയത്തിനായി പ്രയത്നിച്ച എല്ലാവരേയും അഭിനന്ദിക്കുകയാണെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. യോഗി ആദിത്യനാഥ്, നരേന്ദ്ര മോദി സർക്കാറുകൾ യു.പിയിൽ നടത്തുന്ന വികസനപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ തെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. ജനാഭിലാഷം പൂർത്തിയാക്കാൻ കോൺഗ്രസിന് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കർണാടകയിൽ വലിയ വിജയമാണ് കോൺഗ്രസ് നേടിയത്. 136 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചപ്പോൾ 65 സീറ്റുകളിൽ ബി.ജെ.പിയാണ് ജയിച്ചത്. ജെ.ഡി.എസിന് 19 സീറ്റുകളാണ് നേടാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.