വിമാനത്തിലെ സീറ്റ് തകരാർ: സിംഗപ്പൂർ എയർലൈൻസ് തെലങ്കാന ഡി.ജി.പിക്ക് നഷ്ടപരിഹാരമായി രണ്ടു ലക്ഷം രൂപ നൽകണമെന്ന് കോടതി
text_fieldsഹൈദരാബാദ്: ഹൈദരാബാദിൽ നിന്ന് സിംഗപ്പൂർ വഴി ആസ്‌ട്രേലിയയിലേക്കുള്ള വിമാനത്തിൽ റെക്‌ലൈനർ സീറ്റ് പ്രവർത്തനരഹിതമായതിനെ തുടർന്ന് തെലങ്കാന ഡി.ജി.പി രവി ഗുപ്തയ്ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സിംഗപ്പൂർ എയർലൈൻസിന് ഹൈദരാബാദിലെ ഉപഭോക്തൃ കോടതി നിർദ്ദേശം നൽകി.
കഴിഞ്ഞ വർഷം മേയിൽ രവി ഗുപ്ത സിംഗപ്പൂർ എയർലൈൻസ് ആസ്‌ട്രേലിയയിലേക്കുള്ള വിമാനത്തിൽ രണ്ട് ബിസിനസ് ക്ലാസ് സീറ്റുകൾ ബുക്ക് ചെയ്തിരുന്നു. ഒന്ന് അദ്ദേഹത്തിനും രണ്ടാമത്തേത് ഭാര്യക്കും. ബിസിനസ് ക്ലാസ് റിക്ലൈനർ സീറ്റുകൾ ഇലക്ട്രോണിക് നിയന്ത്രണങ്ങൾ വഴി പ്രവർത്തിപ്പിക്കാം. എന്നാൽ തങ്ങൾക്ക് കിട്ടിയ സീറ്റുകൾ പ്രവർത്തിക്കുന്നില്ലെന്ന് ദമ്പതികൾ കണ്ടെത്തി.
ബിസിനസ് ക്ലാസ് ടിക്കറ്റിന് 66,750 രൂപ വീതം നൽകിയിട്ടും യാത്രയിലുടനീളം ബുദ്ധിമുട്ട് നേരിട്ടതായി ദമ്പതികൾ ഹൈദരാബാദിലെ ഉപഭോക്തൃ കോടതിയിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. സിംഗപ്പൂർ എയർലൈൻസിലെ ഇക്കണോമി ക്ലാസ് ടിക്കറ്റിനേക്കാൾ 18,000 രൂപ അധികം വരും ഈ തുക. തങ്ങളെ ഇക്കോണമി ക്ലാസ് യാത്രക്കാരെ പോലെയാണ് പരിഗണിച്ചതെന്നും ദമ്പതികൾ ആരോപിച്ചു.
സിംഗപ്പൂർ എയർലൈൻസ് ഫ്ലൈറ്റുകളിൽ ഒരാൾക്ക് 10,000 ക്രിസ് ഫ്ലൈയർ മൈലുകൾ ദമ്പതികൾക്ക് വാഗ്ദാനം ചെയ്തുവെങ്കിലും അവർ നിരസിച്ചു. പരാതിയെ തുടർന്ന് ബിസിനസ് ക്ലാസ് സീറ്റുകൾക്കായി ദമ്പതികൾക്ക് പലിശ സഹിതം 97,500 രൂപ തിരികെ നൽകാൻ സിംഗപ്പൂർ എയർലൈൻസിന് നിർദേശം നൽകി. 2023 മെയ് 23 മുതൽ 12ശതമാനം അധിക പലിശയും ലഭിക്കും.
കൂടാതെ, ദമ്പതികൾക്ക് മാനസിക പീഡനത്തിനും ശാരീരിക ബുദ്ധിമുട്ടുകൾക്കും ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും പരാതിയുടെ ചെലവിനായി 10,000 രൂപ നൽകാനും എയർലൈൻസിന് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.