ഇന്ത്യൻ വംശജൻ തർമൻ ഷൺമുഖരത്നം സിംഗപ്പൂർ പ്രസിഡന്റ്
text_fieldsസിംഗപ്പൂർ സിറ്റി: ലോക രാഷ്ട്രീയത്തിൽ ഇന്ത്യൻ വംശജരുടെ സാന്നിധ്യം കൂടുതൽ ആഘോഷപൂർണമാക്കി സിംഗപ്പൂരിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജയിച്ച് തർമൻ ശൺമുഖരത്നം. 70.4 ശതമാനം വോട്ടുനേടിയാണ് ഭരണകക്ഷിയായ പീപ്ൾസ് ആക്ഷൻ പാർട്ടി (പി.എ.പി) സ്ഥാനാർഥി തർമൻ അടുത്ത പ്രസിഡന്റാകുന്നത്. 1959 മുതൽ രാജ്യത്ത് അധികാരം കൈയാളുന്നത് പി.എ.പിയാണ്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അഴിമതി വിവാദങ്ങൾ പാർട്ടിയെ വലച്ചിരുന്നെങ്കിലും വൻ ഭൂരിപക്ഷത്തോടെ ജനം വോട്ടു നൽകുകയായിരുന്നു. 2017 മുതൽ പ്രസിഡന്റായി തുടരുന്ന ഹലീമ യാഖൂബിന്റെ പിൻഗാമിയായാണ് തർമൻ അധികാരമേൽക്കുക.
ലോകരാജ്യങ്ങളിൽ രാഷ്ട്രീയ തലപ്പത്ത് തെരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യൻ വംശജരിൽ അവസാനത്തെ കണ്ണിയാണ് തർമൻ. യു.എസിൽ വൈസ് പ്രസിഡന്റ് പദവി അലങ്കരിക്കുന്നത് ഇന്ത്യൻ വംശജയായ കമലാ ഹാരിസാണ്. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വത്തിനായുള്ള പോരിൽ ഇന്ത്യൻ വേരുകളുള്ള നിക്കി ഹാലി, വിവേക് രാമസ്വാമി എന്നീ രണ്ടുപേർ രംഗത്തുണ്ട്. ബ്രിട്ടനിൽ പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ഋഷി സുനക് രണ്ടു നൂറ്റാണ്ടിനിടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി കൂടിയാണ്. ബ്രിട്ടനിലെ ആദ്യ ഹിന്ദു പ്രധാനമന്ത്രിയായ സുനകിനുകീഴിൽ ആഭ്യന്തര സെക്രട്ടറിയായി മറ്റൊരു ഇന്ത്യൻ വംശജ സുവേല ബ്രേവർമാനുണ്ട്. ഗോവൻ വേരുകളുള്ള ക്ലെയർ കുടിഞ്ഞോയും മന്ത്രിസഭയിലുണ്ട്. മുമ്പ് ബോറിസ് ജോൺസൺ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് നിയന്ത്രിച്ചത് പ്രീതി പട്ടേലായിരുന്നു.
അയർലൻഡ് പ്രധാനമന്ത്രി ലിയോ എറിക് വരദ്കറും പോർചുഗീസ് പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയും ഇന്ത്യൻ വേരുകളുള്ളവർ. കാനഡയിൽ അടുത്തിടെ മന്ത്രിസഭ പുനഃസംഘടനയിൽ അനിത ആനന്ദും പദവിയേറിയിരുന്നു. ഹർജിത് സജ്ജൻ, കമൽ ഖേര എന്നിവർക്കുപുറമെ മൂന്നാമത്തെ ഇന്ത്യൻ വംശജയായാണ് ആനന്ദ് എത്തുന്നത്. ന്യൂസിലൻഡിൽ മലയാളി സ്പർശം നൽകി പ്രിയങ്ക രാധാകൃഷ്ണനും മന്ത്രി പദവിയിലുണ്ട്.
മലയാളി മാതാപിതാക്കളുടെ മകളായി ചെന്നൈയിൽ പിറന്ന പ്രിയങ്ക ന്യൂസിലൻഡിൽ കുടിയേറുകയായിരുന്നു. ആസ്ട്രേലിയൻ സഭയിൽ അംഗമായി ദേവാനന്ദ് ദവേ ശർമ, ഗയാന പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലി, മൊറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗനോഥ്, സുരിനാം പ്രസിഡന്റ് ചന്ദ്രിക പ്രസാദ് സന്റോകി, സെയ്ഷൽ പ്രസിഡന്റ് വേവൽ രാമകലവൻ തുടങ്ങിയവരും ഇന്ത്യയുമായി വേരുകൾ പങ്കിടുന്നവർ.
2021ലെ ഇന്ത്യസ്പോറ ഗവൺമെന്റ് ലീഡേഴ്സ് പട്ടിക പ്രകാരം 15 രാജ്യങ്ങളിലായി 200ലേറെ ഇന്ത്യൻ വംശജർ ഉയർന്ന പദവികളിലുണ്ട്. അതിൽ 60ലേറെ പേർ കാബിനറ്റ് പദവി വഹിക്കുന്നവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.