ഇന്ദിര ഗാന്ധി പുരസ്കാരം ടി.എം. കൃഷ്ണക്ക്
text_fieldsന്യൂഡൽഹി: ദേശീയോദ്ഗ്രഥനത്തിനുള്ള 2015-16 ലെ ഇന്ദിര ഗാന്ധി പുരസ്കാരം പ്രമുഖ കർണാടകസംഗീതജ്ഞൻ ടി.എം. കൃഷ്ണക്ക്. 10 ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങിയതാണ് അവാർഡ്. മികച്ച സാമൂഹികപ്രവർത്തനങ്ങൾ നടത്തുന്നവർക്കായി മുൻപ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ പേരിൽ 30 വർഷമായി എ.െഎ.സി.സി നൽകുന്ന അവാർഡ് ഇന്ദിരയുടെ ചരമദിനമായ ഒക്ടോബർ 30ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സമ്മാനിക്കുമെന്ന് അവാർഡ് കമ്മിറ്റി അംഗവും മുതിർന്നനേതാവുമായ മോത്തിലാൽ വോറ അറിയിച്ചു. സംഗീതലോകത്തെ സംഭാവനകൾക്കുപുറമെ ജാതി-മത വർഗീയ വേർതിരിവുകൾക്കെതിരെ പ്രവർത്തിക്കുകയും ദേശീയതക്കുവേണ്ടി നിലകൊള്ളുകയും ചെയ്തതിനാണ് കൃഷ്ണക്ക് അവാർഡ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പരമ്പരാഗത കർണാടകസംഗീതരംഗത്ത് നിന്നുകൊണ്ടുതന്നെ അവിടെയുള്ള ജാതിമേൽക്കോയ്മക്കെതിരെ പോരാടുകയും ചെന്നൈയിലെ മുക്കുവർ താമസിക്കുന്ന കടലോരത്ത് സംഗീതകച്ചേരി നടത്തുകയും ചെയ്യുക വഴി പ്രശസ്തനായ കൃഷ്ണയെ കഴിഞ്ഞവർഷം അന്താരാഷ്ട്രതലത്തിലുള്ള മഗ്സസെ പുരസ്കാരം നൽകി ആദരിച്ചിരുന്നു. സംഗീതത്തിനുപുറമെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങൾ, സ്ത്രീ സ്വാതന്ത്ര്യം, കുട്ടികളുടെ അവകാശങ്ങൾ എന്നിവയെക്കുറിച്ച ഇദ്ദേഹത്തിെൻറ ശക്തമായ ഭാഷയിലുള്ള പ്രതികരണങ്ങളും കോളങ്ങളും ദേശീയശ്രദ്ധയാകർഷിച്ചിരുന്നു.
ഹാർവാഡ് ഉൾപ്പെടെ പ്രമുഖ വിദേശസർവകലാശാലകളിൽ സ്ഥിരം ക്ഷണിതാവായ ഇദ്ദേഹം ‘ദ ഹിന്ദു’ ദിനപത്രത്തിെൻറ സൺഡേ മാഗസിനിലെ സ്ഥിരം സംഗീത നിരൂപകനാണ്. ഇദ്ദേഹം എഴുതിയ ‘സതേൺ മ്യൂസിക് : എ കർണാടിക് സ്റ്റോറി’ എന്ന പുസ്തകം ദക്ഷിണേന്ത്യൻസംഗീതത്തെ സംബന്ധിച്ച എല്ലാ ധാരണകളെയും തിരുത്തുന്നതാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.