നിഹാങ്ക് നേതാവും കേന്ദ്ര മന്ത്രിയും ഒരുമിച്ച് ഫോേട്ടായിൽ; കർഷക സമരവേദിയിലെ കൊലപാതകം ഗൂഡാലോചനയെന്ന ആരോപണവുമായി പ്രതിപക്ഷം
text_fieldsന്യൂഡൽഹി: ഡൽഹി- ഹരിയാന അതിർത്തിയിലെ സിംഘുവിൽ നടന്ന ദലിത് തൊഴിലാളി ലഖ്ബീർ സിങ്ങിെൻറ ദാരുണ കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂഡാലോചന സംശയിച്ച് കർഷക സമരക്കാരും പ്രതിപക്ഷവും. കർഷക സമരവേദിയിൽ ലഖ്ബീർ സിങ്ങിനെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തിലാണ് പുതിയ വഴിത്തിരിവ്. കൊലപാതകം നടത്തിയത് സിഖ് ഗ്രൂപ്പുകളിലൊന്നായ നിഹാങ്കുകൾ ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസിൽ നാല് നിഹാങ്കുകൾ പിടിയിലാവുകയും ചെയ്തു. ഇപ്പോൾ, നിഹാങ്ക് നേതാവിനൊപ്പം കേന്ദ്രമന്ത്രി നരേന്ദ്ര തോമർ നിൽക്കുന്ന ഫോേട്ടായാണ് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ സിങ് രൺധാവ പുറത്തുവിട്ടിരിക്കുന്നത്. സമരപ്പന്തലിലെ കൊലപാതകം ഗൂഡാലോചനയാണെന്നും കർഷക പ്രക്ഷോഭങ്ങളെ അപകീർത്തിപ്പെടുത്താനുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു.
കൊലപാതകത്തിൽ കേന്ദ്ര ഏജൻസികൾക്ക് പങ്കുണ്ടെന്ന് ആരോപിച്ച് മുൻ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ സുനിൽ ജാക്കറും രംഗത്തുവന്നിട്ടുണ്ട്. പുറത്തുവന്ന ഗ്രൂപ്പ് ഫോട്ടോയിൽ തോമറും നിഹാംഗുകളുടെ യൂനിഫോമായ നീല വസ്ത്രം ധരിച്ച ഒരാളും ഉൾപ്പെടുന്നു. നിഹാങ്ക് നേതാവിെൻറ പേര് പുറത്തുവിട്ടിട്ടില്ല. എന്നാൽ ഇയാളാണ് കൊലപാതകത്തിലെ പ്രധാന പ്രതിയെ 'പ്രതിരോധിക്കുന്നത്'എന്ന് രൺധാവ ആരോപിച്ചു.
സിംഘു അതിർത്തിയിലെ സമരപ്പന്തലിൽ, കൈകാലുകൾ അറുത്തമാറ്റി ബാരിക്കേഡിൽ കെട്ടിവെച്ചനിലയിലാണ് ലഖ്ബീർ സിങ്ങിന്‍റെ മൃതദേഹം കണ്ടുകിട്ടുന്നത്. അന്നുതന്നെ നിഹാങ്ക് സമൂഹത്തിലെ സരവ്ജീത് സിങ് കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പൊലീസിൽ കീഴടങ്ങിയിരുന്നു. സരവ്ജീതിനെ കോടതിയിൽ ഹാജരാക്കിയശേഷം ഏഴുദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൊലീസ് ചോദ്യം ചെയ്യലിൽ നാല് പ്രതികളുടെ പേരുകൾ കൂടി ഇയാൾ വെളിെപ്പടുത്തി.
ലഖ്ബീർ സിങ്ങിെൻറ കൊലപാതകത്തിൽ ഖേദമില്ലെന്ന് പ്രതിയായ സരവ്ജിത് സിങ് പറയുന്നു. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ ദൃശ്യങ്ങളിലൊന്നിലാണ് ചോദ്യത്തിനു മറുപടിയായി സരവ്ജിത് സംസാരിക്കുന്നത്. തുടർന്ന് പഞ്ചാബിലെ ഗ്രാമത്തിൽനിന്ന് നാരായൺ സിങ് എന്നയാളേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സിഖ് വിശുദ്ധ ഗ്രന്ഥം അശുദ്ധമാക്കിയതാണ് കൊലപാതകത്തിനു കാരണമെന്നാണ് നിഹാങ്കുകൾ പറയുന്നത്. യുവാവിനെ ബലിദാനം നൽകിയെന്നായിരുന്നു ഇവരുടെ വാദം.കൊലപാതകത്തോടനുബന്ധിച്ച് മൂന്നു വീഡിയോകളെങ്കിലും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കർഷക സമരത്തിനു നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ചയും സിംഘുവിൽ ക്യാമ്പ് ചെയ്തിരിക്കുന്ന ആയിരക്കണക്കിനു കർഷകരും കൊലപാതകത്തിലോ നിഹാങ്കുകളുമായോ ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.