ഏക സിവിൽ കോഡ്: മറ്റൊരു സംഘ് അജണ്ടകൂടി യാഥാർഥ്യത്തിലേക്ക്
text_fieldsഉത്തരാഖണ്ഡ് നിയമസഭയിൽ ഏക സിവിൽ കോഡ് നിയമം പാസാക്കിയതോടെ, യാഥാർഥ്യമാകുന്നത് സംഘ്പരിവാറിന്റെ മറ്റൊരു പ്രഖ്യാപിത അജണ്ട. അയോധ്യയിലെ രാമക്ഷേത്ര നിർമാണം, കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയൽ, ഏക സിവിൽ കോഡ് (യു.സി.സി)നടപ്പാക്കൽ എന്നിവ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ബി.ജെ.പി വാഗ്ദാനം ചെയ്തതായിരുന്നു.
സുപ്രീംകോടതി ഉത്തരവിന്റെ ബലത്തിൽ രാമക്ഷേത്രവും പാർലമെന്റ് നിയമനിർമാണം വഴി കശ്മീർ പദവിയും കേന്ദ്രം നേരിട്ട് കൈകാര്യംചെയ്തപ്പോൾ ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡിൽ ‘മാതൃകാ ഏക സിവിൽ കോഡി’ന് രൂപംനൽകി മുഴുവൻ വാഗ്ദാനങ്ങളും പാലിച്ചിരിക്കുകയാണ് ബി.ജെ.പി. ഉത്തരാഖണ്ഡ് മോഡൽ നിയമനിർമാണം ഉടൻതന്നെ അസമിലും ഗുജറാത്തിലും പരീക്ഷിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ബി.ജെ.പി ഭരിക്കുന്ന ഈ രണ്ടു സംസ്ഥാനങ്ങളും ഇതുസംബന്ധിച്ച് നേരത്തേ സൂചന നൽകിയിരുന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാദും നേരത്തെ യു.സി.സി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ആദ്യ വാഗ്ദാനം 1957ൽ
ബി.ജെ.പിയുടെ പൂർവരൂപമായ ഭാരതീയ ജനസംഘിന്റെ 1951ലെ രൂപവത്കരണ യോഗത്തിൽതന്നെ ഏക സിവിൽ കോഡും കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടന അനുച്ഛേദം 370 എടുത്തുകളയലും സംഘടനയുടെ അജണ്ടയായി അംഗീകരിച്ചിരുന്നു. അതിനുശേഷമാണ് അയോധ്യ പ്രസ്ഥാനമൊക്കെ സംഘ്പരിവാറിന്റെ മുഖ്യപരിഗണനയിലേക്കു വരുന്നത്.
ഹിന്ദു വിവാഹനിയമവും അനന്തരാവകാശ നിയമവും എടുത്തുകളയുമെന്നാണ് 1957ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ജനസംഘ് പ്രഖ്യാപിച്ചത്. അന്ന് ഏക സിവിൽ കോഡ് എന്ന് എവിടെയും പരാമർശിച്ചില്ല. 1962ലും സമാന നിലപാട് സ്വീകരിച്ചു. എന്നാൽ, 67ൽ, ‘എല്ലാ പൗരന്മാർക്കും ഏകീകൃത വൈവാഹിക, അനന്തരാവകാശ, ദത്ത് നിയമങ്ങൾ കൊണ്ടുവരും’ എന്ന് പ്രഖ്യാപിച്ചു. 71ലും സമാനമായ വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി. അടിയന്തരാവസ്ഥ പിൻവലിച്ചതിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ (1977) പക്ഷേ, ഈ വിഷയം ഉന്നയിച്ചില്ല.
അന്ന് ജനതാ പാർട്ടിക്കൊപ്പമായിരുന്നു ജനസംഘം മത്സരരംഗത്തുണ്ടായിരുന്നത്. ബി.ജെ.പി രൂപംകൊണ്ടശേഷം 80ലെ തെരഞ്ഞെടുപ്പിലും യു.സി.സി സംഘ്പരിവാർ ചർച്ചയാക്കിയില്ല. 85ൽ ശാബാനു കേസിലെ വിധിപ്രസ്താവത്തെ തുടർന്നാണ് ആദ്യമായി ബി.ജെ.പി ഏക സിവിൽ കോഡിനായി പരസ്യമായി രംഗത്തുവന്നത്. പിന്നീട്, രാജീവ് ഗാന്ധി, മുസ്‍ലിം സ്ത്രീ അവകാശ നിയമം കൊണ്ടുവന്നതോടെ ബി.ജെ.പി ഏക സിവിൽ കോഡിനായി സമരം ചെയ്യുകയും ചെയ്തു. 89ലെ തെരഞ്ഞെടുപ്പിൽ അവരുടെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നും യു.സി.സി ആയി. 91, 98, 2004, 2019 തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോകളിലും ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചു.
ബി.ജെ.പി ഭരണകാലം
1996ൽ, ആദ്യമായി ബി.ജെ.പിക്ക് ഭരണംകിട്ടിയപ്പോൾ യു.സി.സി അജണ്ടയിൽ വരണമെന്ന് ഒരു വിഭാഗം നേതാക്കൾ പാർട്ടിക്കുള്ളിൽ വാദിച്ചിരുന്നു. കേവലം 13 ദിവസം മാത്രമാണ് ആ സർക്കാർ നിലനിന്നത്. സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാവാതെ വാജ്പേയി പ്രധാനമന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു. എന്നാൽ, ‘വിടവാങ്ങൽ’ പ്രസംഗത്തിൽ ഈ വിഷയം ഉന്നയിക്കണമെന്ന് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം ശക്തമായി ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം വഴങ്ങിയില്ലെന്ന് എൽ.കെ. അദ്വാനി അദ്ദേഹത്തിന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്. 98ൽ, വിവിധ കക്ഷികളുടെ പിന്തുണയിൽ ബി.ജെ.പി അധികാരത്തിലിരുന്നപ്പോഴും വിഷയം മുഖ്യ അജണ്ടയിൽ കൊണ്ടുവരാനായില്ല.
2014ൽ, കേവല ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നപ്പോൾ ഏക സിവിൽ കോഡിലേക്കുള്ള വഴിയൊരുക്കുകയായിരുന്നു മോദി സർക്കാർ. ഇതിന്റെ ഭാഗമായിട്ടാണ് മുത്തലാഖ് നിയമമടക്കമുള്ള ബില്ലുകൾ അടിയന്തരമായി പാർലമെന്റിലെത്തിച്ച് നടപ്പാക്കിയത്. ഇത്തരം നിയമങ്ങളിലൂടെ മാത്രമേ ലിംഗസമത്വം ഉറപ്പാക്കാനാവൂ എന്ന സംഘ്പരിവാർ പ്രചാരണത്തിന് ചില മതേതര പാർട്ടികളിൽനിന്നും പിന്തുണ കിട്ടി. തുടർന്നാണ്, 2019ൽ,
യു.സി.സി മുഖ്യ തെരഞ്ഞെടുപ്പ് അജണ്ടകളിലൊന്നായി പ്രത്യക്ഷപ്പെട്ടത്. എന്നാൽ, മോദിയുടെ രണ്ടാമൂഴത്തിന്റെ തുടക്കം അത്ര എളുപ്പമായിരുന്നില്ല. പൗരത്വനിയമ ഭേദഗതിക്കെതിരെ (സി.എ.എ)രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുയർന്ന പ്രക്ഷോഭത്തിന് ജനകീയ മാനം കൈവന്നതോടെ, നിലപാട് അൽപം മയപ്പെടുത്താൻ സർക്കാർ നിർബന്ധിതരായി. പിന്നീട്, കോവിഡ് മഹാമാരി മൂലമുണ്ടായ അനിശ്ചിതത്വങ്ങളും സി.എ.എ, യു.സി.സി വിഷയങ്ങളെ മന്ദീഭവിപ്പിച്ചു.
സംസ്ഥാന പരീക്ഷണം
ഈ അനിശ്ചിതത്വങ്ങൾക്കിടയിലാണ് സംസ്ഥാനങ്ങൾ വഴി യു.സി.സി നടപ്പാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്. ഉത്തരാഖണ്ഡായിരുന്നു ആദ്യ പരീക്ഷണശാല. 2022ലെ, തെരഞ്ഞെടുപ്പിൽ അക്കാര്യം മുഖ്യമന്ത്രി പുഷ്കർ സിങ് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. പ്രചാരണത്തിനായി സംസ്ഥാനത്തെത്തിയ മോദി അടക്കമുള്ള നേതാക്കൾ ഊന്നിയതും ഏക സിവിൽ കോഡിൽ തന്നെയായിരുന്നു. ‘ഒരു രാജ്യത്ത് എങ്ങനെ പല നിയമങ്ങൾ ശരിയാവുമെന്ന്’ പ്രചാരണവേദികളിലൊക്കെയും അദ്ദേഹം ആവർത്തിച്ചു.
എന്തുകൊണ്ട് ആദിവാസികൾ?
ഏക സിവിൽ കോഡിന്റെ പരിധിയിൽനിന്ന് സംസ്ഥാനത്തെ ആദിവാസികളെ ഒഴിവാക്കിയതിനു പിന്നിലും കൃത്യമായ രാഷ്ട്രീയ അജണ്ടകളുണ്ട്. ആചാര, അനുഷ്ഠാന വൈവിധ്യങ്ങളാണ് ആദിവാസികളുടെ സവിശേഷത. ഏക സിവിൽ കോഡ് നടപ്പാക്കുന്നതോടെ ഈ വൈവിധ്യമാണ് ഇല്ലാതാവുക. അതുകൊണ്ടുതന്നെ യു.സി.സി നടപ്പാക്കുന്നതോടെ ആദിവാസി വിഭാഗങ്ങളുടെ കടുത്ത പ്രതിഷേധത്തിന് കാരണമാകും.
ഇക്കാര്യം തിരിച്ചറിഞ്ഞാണ് ആദിവാസികൾക്ക് ഇളവ് പ്രഖ്യാപിച്ചത്. കേവലം മൂന്നു ശതമാനം മാത്രമാണ് ഉത്തരാഖണ്ഡിലെ ആദിവാസി ജനസംഖ്യ. ഈ ഇളവിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത് ഇതര വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയാണ്. ആദിവാസി ജനവിഭാഗങ്ങൾക്ക് വലിയ ഭൂരിപക്ഷമുള്ള മിസോറം, നാഗാലാൻഡ് സംസ്ഥാനങ്ങൾ ഇതിനകംതന്നെ നിയമസഭകളിൽ യു.സി.സി വിരുദ്ധ പ്രമേയം പാസാക്കിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ഇളവ് ഈ സംസ്ഥാനങ്ങൾക്കുള്ള സന്ദേശമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.