ഏക സിവിൽ കോഡ് ആവശ്യം -നിയമ കമീഷൻ അധ്യക്ഷൻ
text_fieldsന്യൂഡൽഹി: രാജ്യത്ത് ഏക സിവിൽ കോഡ് ആവശ്യമാണെന്നും ഏക സിവിൽ കോഡ് നടപ്പാക്കാൻ ശ്രമം നടത്തുമെന്ന് ഭരണഘടനയിൽ ഉണ്ടെന്നും നിയമ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ഋതുരാജ് അവസ്ഥി. വിവാഹം, അനന്തരാവകാശം, ദത്തെടുക്കൽ എന്നീ കാര്യങ്ങളിൽ രാജ്യത്തെല്ലാവർക്കും ഒരേ നിയമം നിർബന്ധമാണെന്നും എല്ലാ മതവിഭാഗങ്ങൾക്കും മറ്റുള്ള മതാനുഷ്ഠാനങ്ങൾ നിർവഹിക്കാവുന്നതാണെന്നും ജസ്റ്റിസ് അവസ്ഥി തുടർന്നു.
ഏക സിവിൽ കോഡിൽ തങ്ങൾ എന്തു റിപ്പോർട്ട് നൽകിയാലും കേന്ദ്ര സർക്കാർ അത് നടപ്പാക്കുമോ എന്ന് പറയാൻ കഴിയില്ലെന്നും കമീഷൻ അധ്യക്ഷൻ കൂട്ടിച്ചേർത്തു. ആർ.എസ്.എസിന്റെ ഹിന്ദുത്വ അജണ്ടയും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായ ഏക സിവിൽ കോഡ് രാജ്യത്ത് നടപ്പാക്കുന്നതിൽ അഭിപ്രായം തേടിയതിന് പിന്നാലെയാണ് നിയമ പോർട്ടലായ ‘ബാർ ആൻഡ് ബെഞ്ചി’ന് നൽകിയ അഭിമുഖത്തിൽ നിയമ കമീഷൻ അധ്യക്ഷൻ അഭിപ്രായപ്രകടനം നടത്തിയത്.
ബി.ജെ.പിയുടെ മറ്റൊരു അജണ്ടയായ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്നതാണ് നിയമ കമീഷൻ അടുത്തതായി പരിഗണിക്കാനിരിക്കുന്നത്. ഏക സിവിൽ കോഡ് നടപ്പാക്കുന്ന വിഷയങ്ങളിലും ഹിന്ദുക്കൾക്കിടയിൽ തന്നെ സങ്കീർണമായ വ്യത്യസ്ത സമ്പ്രദായങ്ങളുള്ളത് ചൂണ്ടിക്കാട്ടിയപ്പോൾ ഏക സിവിൽ കോഡ് വരുമോ ഇല്ലേ എന്ന് അറിയില്ലെന്നും തങ്ങൾ വിഷയം പരിശോധിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ആയിരുന്നു അവസ്ഥിയുടെ മറുപടി.
ഏക സിവിൽ കോഡ് വേണോ എന്ന് കമീഷൻ ആദ്യം പരിശോധിക്കും. വേണമെന്നാണെങ്കിൽ ചെയ്യാനുള്ളത് ചെയ്യും. കമീഷന്റെ ശിപാർശകൾ ഉപദേശങ്ങളാണ്. നടപ്പാക്കാനുള്ള അധികാരമില്ല. എന്നാൽ പ്രേരണക്കുള്ള വില അതിനുണ്ട് എന്ന കാര്യത്തിൽ സംശയമില്ല.
സുപ്രീംകോടതി മരവിപ്പിച്ച ദേശദ്രോഹക്കുറ്റം പുനഃസ്ഥാപിക്കാൻ നിയമ കമീഷൻ ശിപാർശ ചെയ്തതിനെയും കർണാടക ചീഫ് ജസ്റ്റിസ് ആയ സമയത്ത് ബി.ജെ.പി സർക്കാറിന്റെ ഹിജാബ് നിരോധനം തന്റെ ബെഞ്ച് ശരിവെച്ചതിനെയും ജസ്റ്റിസ് അവസ്ഥി ന്യായീകരിച്ചു.
ഹിജാബ് ഇസ്ലാമിന്റെ അവിഭാജ്യ അനുഷ്ഠാനമല്ലെന്നും കർണാടകയിലെ സ്കൂളുകളിൽ ഹിജാബ് വിലക്ക് ഭരണഘടനാ വിരുദ്ധമല്ലെന്നും സ്കൂൾ യൂനിഫോമിൽ ഹിജാബ് ഇല്ലെങ്കിൽപിന്നെ അത് ധരിക്കണമെന്ന് വാശിപിടിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു യൂനിഫോം ബാധകമാക്കിയാൽ വസ്ത്രങ്ങളുടെ അടിസ്ഥാനത്തിൽ ആരെയും തിരിച്ചറിയാനാകരുതെന്നും വ്യത്യസ്തമായ അസ്ഥിത്വം പ്രകടമാക്കുന്ന വേഷവിധാനം യൂനിഫോമിനെതിരാകുമെന്നും ജസ്റ്റിസ് അവസ്ഥി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.