ഒറ്റ തെരഞ്ഞെടുപ്പ്: വഴിയും വ്യവസ്ഥയും
text_fieldsരാംനാഥ് കോവിന്ദ് റിപ്പോർട്ട്
2023 സെപ്റ്റംബർ രണ്ടിന് മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ അധ്യക്ഷതയിൽ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളെക്കുറിച്ച് പഠിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിച്ചു. ഒറ്റത്തെരഞ്ഞെടുപ്പിന്റെ സാധുത പരിശോധിക്കുകയായിരുന്നു ലക്ഷ്യം. 2024 മാർച്ച് 14ന് രാം നാഥ് കോവിന്ദ് റിപ്പോർട്ട് രാഷ്ട്രപതിക്ക് സമർപ്പിച്ചു. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന മോദി സർക്കാർ നയത്തെ പൂർണമായും പിന്താങ്ങുന്നതായിരുന്നു ഉന്നതാധികാര സമിതി റിപ്പോർട്ട്. ആദ്യഘട്ടത്തിൽ പാർലമെന്റ്, അസംബ്ലി തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കുന്നതുസംബന്ധിച്ച നിർദേശങ്ങളാണ് കമ്മിറ്റി മുന്നോട്ടുവെച്ചത്. ഇതിനായി ഭരണഘടനാ (129ാം) ഭേദഗതി ബിൽ, 2024 സമർപ്പിച്ചു:
ഭരണഘടന ഭേദഗതി
ഭരണഘടനയുടെ നാല് അനുച്ഛേദങ്ങളിലാണ് പുതിയ ബില്ലിൽ പ്രധാനമായും ഭേദഗതി കൊണ്ടുവന്നിട്ടുള്ളത്. സെൻസസിനസൃതമായി പാർലമെന്റ് മണ്ഡലങ്ങളുടെ പുനർനിർണയവും മറ്റും വിശദമാക്കുന്ന അനുച്ഛേദം 82ൽ 82എ എന്ന പുതിയ ഭാഗം കൂട്ടിച്ചേർത്തതാണ് ഇതിലൊന്ന്. ഒറ്റത്തെരഞ്ഞെടുപ്പ് സംബന്ധിച്ച് രാഷ്ട്രപതി പുറപ്പെടുവിക്കുന്ന വിജ്ഞാപനം അടക്കമുള്ള കാര്യങ്ങളാണ് ഇതിൽ വരിക. പാർലമെന്റ് പ്രവർത്തന കാലാവധി സംബന്ധിച്ച വിശദാംശങ്ങളുള്ള അനുച്ഛേദം 83, സംസ്ഥാന അസംബ്ലികളുടെ കാലാവധിയെക്കുറിച്ച് വിശദമാക്കുന്ന അനുച്ഛേദം 172, പാർലമെന്റിന്റെ അധികാരം സംബന്ധിച്ച കാര്യങ്ങൾ പറയുന്ന അുനുച്ഛേദം 327 എന്നിവയാണ് ഭേദഗതി വരുത്തിയ മറ്റു മൂന്ന് ഭരണഘടനാ ഭാഗങ്ങൾ.
ആദ്യ തെരഞ്ഞെടുപ്പ് ഇങ്ങനെ
ആദ്യം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കിയാകും ഒറ്റത്തെരഞ്ഞെടുപ്പ് പ്രയോഗവത്കരിക്കുക. പ്രസ്തുത തെരഞ്ഞെടുപ്പിനുശേഷം ആദ്യ സിറ്റിങ് തീയതി കണക്കാക്കി രാഷ്ട്രപതി ഒരു വിജ്ഞാപനം പുറപ്പെടുവിക്കും. ഈ തീയതി മുതലുള്ള അഞ്ച് വർഷമാണ് പാർലമെന്റ് കാലാവധി. ഇതേ കാലാവധിയിലേക്ക് സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പുകളും ഏകീകരിക്കുകയാണ് ചെയ്യുന്നത്.
കാലാവധി ഇങ്ങനെ
സംസ്ഥാന അസംബ്ലിയുടെ കാലാവധിയും അഞ്ച് വർഷമായിരിക്കും. എന്നാൽ, ആദ്യ പൊതുതെരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കിക്കൂടിയാണ് കാലാവധി നിശ്ചയിക്കുക എന്നതിനാൽ ചില സംസ്ഥാനങ്ങൾക്ക് ആദ്യ ഘട്ടത്തിൽ അഞ്ച് വർഷം ലഭിക്കില്ല. ഉദാഹരണമായി, 2024നെ അടിസ്ഥാനമാക്കിയാണ് പാർലമെന്റ് പ്രവർത്തന കാലാവധി എന്ന് കരുതുക. അപ്പോൾ, 2026ൽ കേരളത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്ന പുതിയ സർക്കാറിന്റെ കാലാവധി 2029ഓടെ അവസാനിക്കും. പിന്നീട്, പാർലമെന്റ് തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന തെരഞ്ഞെടുപ്പും നടക്കും.
തൂക്കുസഭ വന്നാൽ
കാലാവധി പൂർത്തിയാകുംമുന്നേ പാർലമെന്റോ അസംബ്ലിയോ പിരിച്ചുവിട്ടാലും അഞ്ച് വർഷത്തിൽ ശേഷിക്കുന്ന കാലം മാത്രമേ പുതിയ സർക്കാറിന് അധികാരം തുടരാനാകൂ.
തദ്ദേശം അടുത്ത ഘട്ടം
നിലവിലെ ഭേദഗതി പ്രകാരം പാർലമെന്റ്, അസംബ്ലി തെരഞ്ഞെടുപ്പുകൾ മാത്രമാണ് ഏകീകരിക്കുന്നത്. ഇതിന്റെ തുടർച്ചയായി വരുംവർഷങ്ങളിൽ തദ്ദേശ തെരഞ്ഞെടുപ്പുകളും ഉൾപ്പെടുത്തും. ഇതിനായി അനുച്ഛേദം 324ഉം ഏകീകൃത വോട്ടർ പട്ടിക തയാറാക്കുന്നതിനും മറ്റുമായി അനുച്ഛേദം 325ഉം ഭേദഗതി ചെയ്യണം. ഇക്കാര്യവും രാം നാഥ് കോവിന്ദ് കമ്മിറ്റി ശിപാർശ ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.