സീ ന്യൂസി’നെതിരായ എസ്.ഐ.ഒ നേതാവിന്റെ കേസ്:‘ഹൈകോടതി ജഡ്ജിയെ മാറ്റാൻ എൻ.ബി.ഡി.എ നീക്കം’
text_fieldsന്യൂഡൽഹി: പൗരത്വസമരത്തിന് യു.എ.പി.എ കേസിൽപ്പെട്ട എസ്.ഐ.ഒ നേതാവ് ആസിഫ് ഇഖ്ബാൽ തൻഹയുടെ ‘സീ ന്യൂസി’നെതിരായ ഹരജി കേൾക്കുന്ന ഡൽഹി ഹൈകോടതി ജഡ്ജി അനൂപ് ജയ്റാം ഭംഭാനിയെ മാറ്റാൻ ‘ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആൻഡ് ഡിജിറ്റൽ അസോസിയേഷൻ’ (എൻ.ബി.ഡി.എ) നീക്കം. കേസിൽ എൻ.ബി.ഡി.എ കക്ഷി ചേർന്നാൽ നേരത്തേ അവരുമായി ബന്ധപ്പെട്ട കേസുകൾ അഭിഭാഷകനെന്ന നിലയിൽ കൈകാര്യം ചെയ്തിരുന്ന ജസ്റ്റിസ് ഭംഭാനി പിന്മാറാൻ നിർബന്ധിതമാകുമെന്ന് കണക്കുകൂട്ടിയുള്ള തരംതാണ തന്ത്രമാണിതെന്ന് ആസിഫിന്റെ അഭിഭാഷകൻ ബോധിപ്പിച്ചു. ആസിഫിന്റെ അഭിഭാഷകൻ പറയുന്നതിൽ കാര്യമുണ്ടായേക്കാമെന്ന് പ്രതികരിച്ച ഡൽഹി ഹൈകോടതി ജഡ്ജി എൻ.ബി.ഡി.എ കക്ഷിയായാൽ തനിക്ക് പിന്മാറേണ്ടിവരുമെന്ന് വ്യക്തമാക്കി.
വടക്കുകിഴക്കൻ ഡൽഹി കലാപത്തിൽ പങ്കുണ്ടെന്ന് താൻ ഡൽഹി പൊലീസിന് കുറ്റസമ്മത മൊഴി നൽകിയെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ‘സീ ന്യൂസ്’ നൽകിയ വാർത്തക്കെതിരെയാണ് എസ്.ഐ.ഒ നേതാവ് ഡൽഹി ഹൈകോടതിയെ സമീപിച്ചത്. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ ഒരു ജൂനിയർ അഭിഭാഷകൻ ഹാജരായി എൻ.ബി.ഡി.എ കക്ഷി ചേർന്നിട്ടും തങ്ങളുടെ അഭിഭാഷകന് ഹാജരാകാനാവാത്തതിനാൽ കേസ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
തരംതാണ കളി കളിക്കുന്ന ‘ഡിപ്പാർട്ട്മെന്റി’ന്റെ ഏറ്റവും മോശമായ ഒന്നാണിതെന്ന് ആസിഫിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് അഗർവാൾ വിമർശിച്ചു. ഇപ്പോൾ ഇതിനെതിരെ എഴുന്നേറ്റുനിന്നില്ലെങ്കിൽ പിന്നെ ഇത്തരം കളികൾ എളുപ്പമാകുമെന്ന് അഗർവാൾ ഓർമിപ്പിച്ചു. ഈ കേസ് പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി സ്വയം പിന്മാറാനുണ്ടാക്കിയതാണ് എൻ.ഡി.ബി.എ അപേക്ഷ. ‘സീ ന്യൂസി’ന് വേണ്ടി കക്ഷിചേരാൻ ഇപ്പോൾ ഒരു അപേക്ഷ നൽകേണ്ട കാര്യമെന്താണെന്ന് അഗർവാൾ ചോദിച്ചു.
ഈ കേസുമായി മുന്നോട്ടുപോകാൻ ഇനിയാവില്ലെന്ന് ജസ്റ്റിസ് ഭംഭാനി തന്റെ നിസ്സഹായത പ്രകടിപ്പിച്ചു. അഗർവാൾ ഉന്നയിച്ച വിഷയത്തിൽ കാര്യമുണ്ടായേക്കാം. എന്നാൽ, തനിക്ക് ഏതെങ്കിലും കേസിൽ പ്രത്യേകിച്ച് ബന്ധമോ മമതയോ താൽപര്യമോ അനിഷ്ടമോ ഇല്ല. തനിക്ക് പിന്മാറേണ്ടിവരുമെന്നും ഹൈകോടതി ജഡ്ജി കൂട്ടിച്ചേർത്തു.
ആസിഫിനെതിരെ ‘സീ ന്യൂസി’ന് ഇത്തരമൊരു വാർത്ത നൽകിയത് ഏതു പൊലീസ് ഉദ്യോഗസ്ഥനാണെന്ന് കണ്ടെത്താനായില്ലെന്നും ഉറവിടം വെളിപ്പെടുത്താൻ മാധ്യമപ്രവർത്തകർ തയാറായില്ലെന്നും കേസിൽ ഡൽഹി പൊലീസ് വാദിച്ചിരുന്നു. പൗരത്വസമരത്തിന് യു.എ.പി.എ ചുമത്തിയ കേസിൽ ജാമ്യത്തിലാണ് ഇപ്പോൾ തൻഹ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.