നായ്ക്കൾക്ക് വന്ധ്യംകരണം നിർദേശിച്ച് സിരിജഗന്‍ സമിതി
text_fieldsന്യൂഡല്‍ഹി: കേരളത്തിലെ തെരുവുനായ് ശല്യം യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് സിരിജഗന്‍ സമിതി റിപ്പോർട്ട്. വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും കൃത്യമായ മാലിന്യനിര്‍മാര്‍ജന സംവിധാനങ്ങൾ ഏര്‍പ്പെടുത്തണമെന്നും സമിതി സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ നിർദേശിച്ചു.
കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കേരളത്തിൽ തെരുവുനായ്ക്കളുടെ ആക്രമണം വർധിച്ചിട്ടുണ്ട്. മാധ്യമവാർത്തകളും തെരുവുകളിൽ സ്ഥാപിച്ച കാമറകളും ഇതിന്‍റെ നേർചിത്രം വ്യക്തമാക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഓരോ വർഷവും ആക്രമണത്തിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണത്തില്‍ വലിയ വർധനയാണുണ്ടായിട്ടുള്ളത്. 2019ല്‍ ചികിത്സ തേടിയെത്തിയത് 1,48,899 പേരാണ്. 2020ല്‍ 1,61,055ഉം, 2021ല്‍ 2,21,379 ഉം ആയി ഉയർന്നു.
ഈ വര്‍ഷം ആഗസ്റ്റ് വരെ സംസ്ഥാനത്ത് 1,96,552 പേർ ചികിത്സ തേടി. പേ വിഷബാധയേറ്റ് 21 പേരാണ് ഈ വർഷം മരിച്ചത്. ഇതില്‍ 11 പേർ മുതിർന്ന പുരുഷന്‍മാരും ഏഴുപേര്‍ മുതിർന്ന സ്ത്രീകളും മൂന്നുപേര്‍ കുട്ടികളുമാണ്. മരിച്ചവരില്‍ ആറുപേർ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
കേരളത്തിലെ ഗുരുതര സാഹചര്യം കണക്കിലെടുത്ത്, യുദ്ധകാലാടിസ്ഥാനത്തിൽ തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കാൻ എന്തെങ്കിലും മാർഗങ്ങൾ കണ്ടെത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഇല്ലെങ്കിൽ ജനം നിയമം കൈയിലെടുക്കുകയും നായ്ക്കളെ കൊല്ലാൻ തുടങ്ങുകയും ചെയ്യും.
തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെയും മറ്റും നേതൃത്വത്തിൽ ഇതിനകം ചില സ്ഥലങ്ങളിൽ പരസ്യമായി ഇത്തരം നടപടികൾ ആരംഭിച്ചിട്ടുണ്ട്. മാലിന്യ സംസ്‌കരണം 2001 മുതല്‍ ഫലപ്രദമായി നടപ്പാക്കിയിരുന്നെങ്കിൽ കേരളത്തിലെ തെരുവുകളിലെ നായ്ശല്യം ഇത്രയേറെ രൂക്ഷമാകില്ലായിരുന്നു.
ആധുനിക ശാസ്ത്രീയമാര്‍ഗങ്ങള്‍ അവലംബിച്ച് കൃത്യമായ മാലിന്യനിര്‍മാര്‍ജന സംവിധാനങ്ങള്‍ തദ്ദേശസ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കണം. ആവശ്യമായ പട്ടിപിടിത്തക്കാരെ കണ്ടെത്തി മതിയായ പരിശീലനം നല്‍കണം. അതിലൂടെ വന്ധ്യംകരണം ഫലപ്രദമായി നടപ്പാക്കണം. എല്ലാ പൊതു ആരോഗ്യകേന്ദ്രങ്ങളിലും ആന്‍റി റാബിസ് വാക്‌സിനും ഹ്യൂമന്‍ റാബിസ് ഇമ്യൂണോഗ്ലോബുലിനും ലഭ്യമാക്കണം.
മൃഗങ്ങളുടെ കടിയേറ്റ് എത്തുന്നവരെ പരിചരിക്കുന്നതില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കണം. വാക്‌സിന്‍ നല്‍കിയ തെരുവുനായ്ക്കള്‍ക്ക് തിരിച്ചറിയല്‍ ടാഗ് നല്‍കണം. വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സിങ് സമ്പ്രദായം ഏര്‍പ്പെടുത്തണമെന്നും സമിതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.