എന്നെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിൽ പ്രധാനമന്ത്രി മാപ്പ് പറയേണ്ടി വരും -ബി.ജെ.പിക്കെതിരെ വീണ്ടും മനീഷ് സിസോദിയ
text_fieldsന്യൂഡൽഹി: ആം ആദ്മിക്കെതിരായ മറ്റൊരു സ്റ്റിങ് ഓപറേഷന്റെ വിഡിയോ പുറത്തു വിട്ട് ബി.ജെ.പി. മദ്യ കുംഭകോണത്തിലെ കുറ്റാരോപിതനായ വ്യക്തി തെരഞ്ഞെടുക്കപ്പെട്ട ചിലർക്ക് നേട്ടമുണ്ടാക്കുന്ന തരത്തിലാണ് ഇപ്പോൾ റദ്ദാക്കിയ മദ്യനയം രൂപീകരിച്ചതെന്ന് പറയുന്നത് കേൾക്കാം. ഇതിനു മറുപടിയുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്തുവന്നു.
''സി.ബി.ഐ എന്റെ വീട്ടിൽ റെയ്ഡ് നടത്തിയിട്ടും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. എന്റെ ലോക്കറിലും പരിശോധന നടത്തി. അവിടെ നിന്നും ഒന്നും കിട്ടിയില്ല. ഇപ്പോൾ ഇതാ വീണ്ടും ആരോപണവുമായി വന്നിരിക്കുന്നു. ഇതും സി.ബി.ഐയും ഇ.ഡിയും അന്വേഷിക്കണം. ആരോപണം ശരിയാണെങ്കിൽ തിങ്കളാഴ്ചക്കകം എന്നെ അറസ്റ്റ് ചെയ്യണം. അതല്ലെങ്കിൽ ഇത്തരം വ്യാജ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിന് പ്രധാനമന്ത്രി മാപ്പു പറയണം''-എന്നാണ് സിസോദിയ ട്വീറ്റ് ചെയ്തത്.
സിസോദിയയുടെ ട്വീറ്റിനോട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പ്രതികരിച്ചിട്ടുണ്ട്. ''സത്യസന്ധനും ധീരനുമായ ഒരാൾക്ക് മാത്രമേ ഇത്തരമൊരു വെല്ലുവിളി നൽകാൻ കഴിയൂ. താങ്കളുടെ വെല്ലുവിളി ബി.ജെ.പി സ്വീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ ജോലിയിലും സത്യസന്ധതയിലും രാജ്യം മുഴുവൻ അഭിമാനിക്കുന്നു. താങ്കളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ അവർ ഭയപ്പെടുന്നു. അത് തടയാൻ ആഗ്രഹിക്കുന്നു. താങ്കൾ ജോലി ചെയ്യുന്നത് തുടരുക''-എന്നായിരുന്നു കെജ്രിവാളിന്റെ ട്വീറ്റ്.
സി.ബി.ഐ എഫ്.ഐ.ആറിലെ കുറ്റാരോപിതനായ ഒമ്പതാം നമ്പർ അമിത് അറോറ പണമിടപാട് സംബന്ധിച്ച വിശദാംശങ്ങൾ വീഡിയോയിൽ കാണിക്കുന്നതായി ബി.ജെ.പി വക്താവ് സുധാൻഷു ത്രിവേദി നേരത്തെ വാർത്ത സമ്മേളനത്തിൽ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.