സിസോദിയയുടെ അറസ്റ്റില് വ്യാപക പ്രതിഷേധവുമായി ‘ആപ്’
text_fieldsന്യൂഡൽഹി: ഡൽഹി സർക്കാറിന്റെയും പാർട്ടിയുടെയും നെടുംതൂണായ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിൽ വ്യാപക പ്രതിഷേധവുമായി ആം ആദ്മി പാർട്ടി.
പ്രതിഷേധം തടയാൻ ആം ആദ്മി പാർട്ടി ഓഫിസ്, സി.ബി.ഐ ഓഫിസ് പരിസരങ്ങളിൽ തിങ്കളാഴ്ച ഡൽഹി പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊലീസ് വിലക്ക് ലംഘിച്ച് ആയിരക്കണക്കിന് പ്രവർത്തകരാണ് പാർട്ടി ആസ്ഥാനത്തേക്ക് എത്തിയത്. ഇവിടെനിന്ന് ബി.ജെ.പി ഓഫിസിലേക്ക് നടത്താനിരുന്ന മാർച്ച് പൊലീസ് തടഞ്ഞു.
പ്രതിഷേധക്കാർക്കുനേരെ ലാത്തിച്ചാർജ് നടത്തിയ പൊലീസ് നൂറുകണക്കിന് പ്രവർത്തകരെ അറസ്റ്റു ചെയതു നീക്കി. ഇതിനിടെ പാർട്ടി ഓഫിസിലേക്ക് തള്ളിക്കയറാനുള്ള പൊലീസ് ശ്രമം നേതാക്കളും പ്രവർത്തകരും ഇടപെട്ട് പ്രതിരോധിച്ചു. അകത്തുകയറാൻ ശ്രമിച്ച പൊലീസുകാരെ പുറത്തേക്ക് തള്ളിമാറ്റി. വെള്ളക്കുപ്പികളെടുത്ത് പൊലീസിനെതിരെ എറിയുകയും ചെയ്തു. സി.ബി.ഐ നടപടിയിൽ പ്രതിഷേധിച്ച രാജ്യസഭ എം.പി സഞ്ജയ് സിങ്, ഗോപാൽ റായ് അടക്കമുള്ള നേതാക്കളെ ഡൽഹി പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരെ തിങ്കളാഴ്ച ഉച്ചയോടെയാണ് മോചിപ്പിച്ചത്.
പഞ്ചാബിലും ഗോവയിലും ആം ആദ്മി പാർട്ടി നേതാക്കളും പ്രവർത്തകരും പ്രതിഷേധവുമായി തെരുവിലിറങ്ങി. ഗോവയിൽ ബി.ജെ.പി ഓഫിസിനു മുന്നിൽ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ചണ്ഡീഗഢിൽ നടന്ന പ്രതിഷേധത്തിൽ നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിനു മുമ്പായി പഞ്ചാബ് ധനമന്ത്രി ഹർപാൽ സിങ്, ഗതാഗതമന്ത്രി ലാൽജിത് സിങ് അടക്കമുള്ള നേതാക്കളെ കരുതൽ തടങ്കലിൽ വെച്ചു.
ഞായറാഴ്ച എട്ടു മണിക്കൂർ ചോദ്യം ചെയ്തതിനുശേഷമാണ് സിസോദിയയുടെ അറസ്റ്റ് സി.ബി.ഐ രേഖപ്പെടുത്തിയത്. സിസോദിയയെ ഹാജരാക്കുന്നതിനു മുമ്പായി ഡൽഹി റോസ് അവന്യൂ കോടതി പരിസരത്തും വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.