അയോധ്യയിൽ പള്ളി പണിയാൻ നൽകിയ സ്ഥലത്തിൽ അവകാശവാദമുന്നയിച്ച് സഹോദരിമാർ കോടതിയിൽ
text_fieldsലഖ്നോ: അയോധ്യയില്‍ പള്ളി പണിയാന്‍ സുന്നി വഖഫ് ബോര്‍ഡിനു അനുവദിച്ച അഞ്ച് ഏക്കര്‍ സ്ഥലത്തില്‍ അവകാശവാദം ഉന്നയിച്ച് സഹോദരിമാര്‍ അലഹബാദ് ഹൈകോടതിയെ സമീപിച്ചു. ഡല്‍ഹി സ്വദേശികളായ റാണി കപൂർ എന്ന റാണി ബലൂജ, രമാ റാണി പഞ്ചാബി എന്നിവരാണ് ഹരജി നൽകിയത്. അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് ഈമാസം എട്ടിന് ഹരജി പരിഗണിക്കും.
തങ്ങളുടെ പിതാവ് ഗ്യാന്‍ ചന്ദ്ര പഞ്ചാബിയുടെ പേരിലുള്ള 28 ഏക്കറില്‍ അഞ്ച് ഏക്കര്‍ സ്ഥലമാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പള്ളി പണിയാനായി വഖഫ് ബോര്‍ഡിനു കൈമാറിയിരിക്കുന്നതെന്നാണ് ഇവർ അവകാശപ്പെടുന്നത്. വിഭജനകാലത്ത് പഞ്ചാബില്‍നിന്നു വന്ന പിതാവ് ഫൈസാബാദില്‍ (ഇപ്പോൾ അയോധ്യ) താമസമാക്കുകയായിരുന്നു. ധനിപൂര്‍ വില്ലേജില്‍ അഞ്ചു വര്‍ഷത്തേക്ക് 28 ഏക്കര്‍ അദ്ദേഹത്തിനു പതിച്ചുകിട്ടി. ആ കാലയളവിനു ശേഷവും ഭൂമി അദ്ദേഹത്തിന്‍റെ പേരില്‍ തന്നെ തുടരുകയായിരുന്നു. റവന്യൂ രേഖകളില്‍ അതു രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഹരജിയിൽ പറയുന്നു.
പിന്നീട് രേഖകളിൽ നിന്ന് പേര് ഇല്ലാതായി. പക്ഷേ, പിതാവ് അയോധ്യയിലെ അഡീഷനൽ കമ്മീഷണർക്ക് അപ്പീൽ നൽകി പേര് പുനഃസ്ഥാപിച്ചു. പിന്നീട് ഏകീകരണ പ്രക്രിയകൾ നടന്നപ്പോൾ കൺസോളിഡേഷൻ ഓഫിസർ വീണ്ടും പിതാവിന്‍റെ പേര് രേഖകളിൽ നിന്ന് മാറ്റി. ഇതിനെതിരെ കൺസോളിഡേഷൻ സംബന്ധിച്ച സെറ്റിൽമെന്‍റ് ഓഫിസർ മുമ്പാകെ അപ്പീൽ നൽകിയിട്ടുണ്ട്. ഇത് പരിഗണിക്കാതെയാണ് തങ്ങളുടെ പിതാവിന്‍റെ പേരിലുള്ള 28 ഏക്കറിൽ അഞ്ച് ഏക്കർ പള്ളി നിർമിക്കാനായി വഖഫ് ബോർഡിന് അനുവദിച്ചത്.
സെറ്റില്‍മെന്‍റ് ഓഫിസറുടെ മുന്നിലുള്ള അപ്പീലീല്‍ തീരുമാനമാകുന്നതുവരെ ഭൂമി പള്ളിക്കു വിട്ടുകൊടുത്ത ഉത്തരവ് മരവിപ്പിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ബാബരി മസ്ജിദ് ഭൂമി തര്‍ക്കത്തിലെ സുപ്രീം കോടതി വിധി അനുസരിച്ചാണ് അയോധ്യയില്‍ പള്ളി പണിയാന്‍ സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.