സഹോദരന്റെ ഭാര്യയുടെ സ്വകാര്യതയിൽ ഇടപെട്ട് സഹോദരിമാർ; രൂക്ഷവിമർശനവുമായി മുംബൈ ഹൈകോടതി
text_fieldsമുംബൈ: സഹോദരന്റെ ഭാര്യയുടെ സ്വകാര്യതയിലേക്ക് നിരന്തരമായി ഇടപെട്ട സഹോദരിമാർക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി തള്ളി മുംബൈ ഹൈകോടതി. മുംബൈയിലെ ചെമ്പൂർ സ്വദേശിക്കും അച്ഛനും വിവാഹിതരായ മൂന്ന് സഹോദരിമാർക്കുമെതിരായ ക്രിമിനൽ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജിക്കാർ മുംബൈ ഹൈകോടതിയെ സമീപച്ചത്.
സഹോദരന്റെ ഭാര്യയുടെ വീട്ടുജോലികളിലും നിത്യ ജീവിത വിഷയങ്ങളിലുമടക്കം നിരന്തരമായി നിരീക്ഷിക്കുകയും അപമാനിക്കുകയും ചെയ്യുന്നതായും ഭർത്താവെന്ന നിലയിലെ ഉത്തരവാദിത്തങ്ങൾ ഭർത്താവ് നിർവഹിക്കുന്നില്ലെന്നുമായിരുന്നു യുവതി നൽകിയ പരാതി. നവവധു വീട് വൃത്തിയാക്കുന്നത് വീഡിയോ കോളിലൂടെയും മറ്റും ഭർത്താവിന്റെ സഹോദരിമാർ നിരീക്ഷിച്ചിരുന്നത് ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്ന മാനസികാവസ്ഥയാണെന്നും മുംബൈ ഹൈക്കോടതി ജസ്റ്റിസുമാരായ അജയ് ഗഡ്കരിയും നീല ഗോഖലെയും വിലയിരുത്തി.
വീട്ടുജോലിക്കാരി ചെയ്യുന്ന എല്ലാ ജോലികളും നവവധു ചെയ്യണമെന്നായിരുന്നു ഭർതൃ സഹോദരിമാർ ആവശ്യപ്പെട്ടത്. ജോലികൾ ചെയ്താൽ മാത്രം പോര അതിന്റെ വീഡിയോ ദൃശ്യങ്ങൾ സഹോദരിമാർക്ക് നൽകുകയും വേണമായിരുന്നു. ദിവസവും എന്ത് ഭക്ഷണം തയ്യാറാക്കണമെന്നതടക്കമുള്ള വിഷയങ്ങളിൽ ഭർതൃ സഹോദരിമാർ ഇടപെട്ടിരുന്നു. പാചകം ചെയ്യുമ്പോഴും വീട് വൃത്തിയാക്കുമ്പോഴും സഹോദരിമാർക്ക് വീഡിയോ കോളിലൂടെ വിവരം നൽകണം. കൂടാതെ യുവതിയേക്കുറിച്ച് സഹോദരനോട് നിരന്തരമായി ഭർതൃസഹോദരിമാർ പരാതിപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് യുവതിയേക്കുറിച്ച് ഭർത്താവിന് സംശയം ഉടലെടുക്കുകയും ഭാര്യ ഭർതൃ ബന്ധത്തിൽ വിള്ളൽ വീഴാൻ കാരണമായെന്നും യുവതി പൊലീസിൽ നൽകിയ പരാതിയിൽ വിശദമാക്കുന്നു.
2022 ഒക്ടോബറിൽ വീട്ടിലെത്തിയ ഭർതൃ സഹോദരിമാർ വീട്ടിലെത്തി യുവതിയ അപമാനിക്കുകയും പാരിതോഷികങ്ങൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു. യുവതിയിൽ നിന്ന് ആഭരണം അടക്കമുള്ളവ ഊരിയെടുത്ത ശേഷം യുവതിയെ ഭർതൃസഹോദരിമാർ വീട്ടിൽ നിന്ന് ഇറക്കി വിട്ടതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ ക്രിമിനൽ നടപടി തുടരരുതെന്ന ആവശ്യവുമായാണ് ഭർത്താവും വീട്ടുകാരും കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.