ലൈംഗികാതിക്രമക്കേസിൽ എച്ച്.ഡി. രേവണ്ണ അറസ്റ്റിൽ
text_fieldsബംഗളൂരു: ലൈംഗികാതിക്രമക്കേസിൽ ജെ.ഡി.എസ് എം.എൽ.എ എച്ച്.ഡി. രേവണ്ണ അറസ്റ്റിൽ. മകനും എം.പിയുമായ പ്രജ്ജ്വൽ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ പരാതികൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് എച്ച്.ഡി. രേവണ്ണയെ അറസ്റ്റ് ചെയ്തത്. അതിജീവിതയെ തട്ടിക്കൊണ്ടുപോയെന്നും ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നുമാണ് രേവണ്ണക്കെതിരായ കേസ്. കേസിൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. പിതാവ് എച്ച്.ഡി. ദേവഗൗഡയുടെ വീട്ടിൽ നിന്നാണ് രേവണ്ണയെ കസ്റ്റഡിയിലെടുത്തത്. രേവണ്ണക്കെതിരെ പ്രത്യേക അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
മുൻ മന്ത്രി കൂടിയായ രേവണ്ണക്കെതിരെ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. എസ്.ഐ.ടി രണ്ട് തവണ സമൻസ് അയച്ചിരുന്നു. രേവണ്ണയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമത്തിനാണ് ആദ്യത്തെ കേസ്. ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്നാണ് രേവണ്ണക്കെതിരെയുള്ള രണ്ടാമത്തെ കേസ്. അദ്ദേഹത്തിന്റെ വിശ്വസ്തൻ സതീഷ് ബാബണ്ണയും കേസിൽ പ്രതിയാണ്. രേവണ്ണയുടെ മകനായ പ്രജ്വല്‍ ചിത്രീകരിച്ച അശ്ലീല വിഡിയോയില്‍ ഉള്‍പ്പെട്ട സ്ത്രീയെ രേവണ്ണയുടെ സഹായികള്‍ തട്ടിക്കൊണ്ടുപോയി എന്നു കാണിച്ച് 20 വയസുള്ള ഇവരുടെ മകനാണ് പരാതി നല്‍കിയത്.
അതിനിടെ, ലൈംഗികാതിക്രമ പരാതിക്ക് പിന്നാലെ രാജ്യം വിട്ട ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ സി.ബി.ഐ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കും. ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചാൽ പ്രജ്ജ്വൽ രേവണ്ണ എവിടെയാണെന്നതിനെ കുറിച്ച് വ്യക്തമായ വിവരം ലഭിക്കും. ഇതോടെ അന്വേഷണം വേഗത്തിലാകുമെന്നും അറസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും എസ്.ഐ.ടി ഉദ്യോഗസ്ഥർ അറിയിച്ചു. വ്യക്തികളുടെ വിലാസം, പ്രവർത്തനം എന്നിവയെക്കുറിച്ച് മറ്റു രാജ്യങ്ങളിൽനിന്ന് വിവരങ്ങൾ ലഭിക്കുന്നതിനാണ് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നത്. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനായ പ്രജ്ജ്വൽ രേവണ്ണയാണ് ഹാസനിലെ ബി.ജെ.പി-ജെ.ഡി (എസ്) സഖ്യ സ്ഥാനാർഥി.
അന്വേഷണത്തിന്റെ ഭാഗമായി ഹോളനരസിപുരയിലെ രേവണ്ണയുടെ വസതിയിൽ പ്രത്യേക അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിനിടെ ജെ.ഡി.എസ് പ്രവർത്തകർ അന്വേഷണ ഉദ്യോഗസ്ഥരെ തടയാൻ ശ്രമിച്ചത് സംഘർഷാവസ്ഥക്കിടയാക്കി.
പ്രജ്വല്‍ രേവണ്ണക്കെതിരെ കൂടുതല്‍ പരാതികള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജെ.ഡി.എസ് പ്രാദേശിക നേതാവായ യുവതിയാണ് കഴിഞ്ഞ ദിവസം പരാതിയുമായി രംഗത്തെത്തിയത്. തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്ത് ദൃശ്യം പകര്‍ത്തിയെന്നയിരുന്നു വനിതാ നേതാവിന്റെ പരാതി. മൂന്നുവര്‍ഷത്തോളം പീഡനം തുടര്‍ന്നെന്നും പരാതിയില്‍ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.