ലൈംഗികാതിക്രമ കേസ്: പ്രജ്വൽ രേവണ്ണയുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച രണ്ട് പേർ കൂടി അറസ്റ്റിൽ
text_fieldsബംഗളൂരു: ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല വിഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൂടി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റു ചെയ്തു. നവീൻ ഗൗഡ, ചേതൻ കുമാർ എന്നിവരെ മുൻകൂർ ജാമ്യത്തിനായി ഹൈകോടതിയിൽ എത്തിയപ്പോഴാണ് എസ്.ഐ.ടി അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച പ്രജ്വൽ തിരികെയെത്തുമെന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് അറസ്റ്റ്. ഇതേ കുറ്റത്തിന് രണ്ട് ബി.ജെ.പി പ്രവർത്തകരെ ഈ മാസമാദ്യം അറസ്റ്റു ചെയ്തിരുന്നു.
അശ്ലീല വിഡിയോ പ്രചരിച്ചതിനു പിന്നാലെ പ്രജ്വലിന്റെ ഇലക്ഷൻ ഏജന്റ് പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ പരാമർശിച്ച നാലുപേരും ഏപ്രിൽ 23 മുതൽ ഒളിവിലായിരുന്നു. ഇതിൽ രണ്ടു പേരാണ് ഇപ്പോൾ അറസ്റ്റിലായത്. ഇവർക്കു പുറമെ പ്രജ്വലിന്റെ മുൻ ഡ്രൈവർ കാർത്തിക്, കോൺഗ്രസ് പ്രവർത്തകനായ എച്ച്.വി. പുട്ടരാജു എന്നിവരും മുൻകൂർ ജാമ്യം തേടിയിരുന്നു. എന്നാൽ ഹാസൻ ജില്ലാകോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളി.
ഏപ്രിൽ 26നാണ് ഹാസനിൽ തെരഞ്ഞെടുപ്പ് നടന്നത്. ഇതിന് ഏതാനും ദിവസങ്ങൾക്കു മുൻപാണ് പ്രജ്വൽ ഉൾപ്പെട്ട മൂവായിരത്തോളം ലൈംഗിക വിഡിയോകൾ പ്രചരിച്ചത്. ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവുകളും സി.ഡിയും പൊതുസ്ഥലങ്ങളിൽ വിതറുകയായിരുന്നു. ഏപ്രിൽ 27ന് രാജ്യംവിട്ട പ്രജ്വലിനെതിരെ പരാതിയുമായി മൂന്ന് സ്ത്രീകളാണ് രംഗത്തുവന്നിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രജ്വലിന്റെ പിതാവ് എച്ച്.ഡി. രേവണ്ണ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.