നരോദ ഗാം കൂട്ടക്കൊല; പ്രതികളെ വിട്ടയച്ചതിനെതിരെ എസ്.ഐ.ടി ഹൈകോടതിയിൽ അപ്പീൽ നൽകും
text_fieldsകോടതി വിധിക്കായി കാത്തിരിക്കുകയാണ്, വിധി വിശദമായി പഠിച്ച ശേഷം അപ്പീൽ സമർപ്പിക്കും
അഹ്മദാബാദ്: ഗുജറാത്ത് വംശഹത്യക്കിടെ നരോദഗാമിൽ നടന്ന കൂട്ടക്കൊലയിൽ പ്രതികളായ 67 പേരെയും വിട്ടയച്ച പ്രത്യേക കോടതിവിധിക്കെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകുമെന്ന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) വ്യക്തമാക്കി.
കോടതിവിധിക്കായി കാത്തിരിക്കുകയാണെന്നും വിധി വിശദമായി പഠിച്ച ശേഷം അപ്പീൽ സമർപ്പിക്കുമെന്നും അന്വേഷണ സംഘാംഗം പറഞ്ഞു.
2002 ഫെബ്രുവരി 28ന് അഹ്മദാബാദിലെ നരോദ ഗാമിൽ 11 മുസ്ലിംകളെ കൊലപ്പെടുത്തുകയും അവരുടെ വീടുകൾ അഗ്നിക്കിരയാക്കുകയും ചെയ്ത കേസിലെ പ്രതികളെയാണ് പ്രത്യേക കോടതി ജഡ്ജി എസ്.കെ. ബക്സി ഏപ്രിൽ 20ന് കുറ്റമുക്തരാക്കിയത്. ഗുജറാത്ത് മുൻ മന്ത്രിമാരായ കോട്നാനി, ബജ്റംഗ്ദൾ നേതാവ് ബാബു ബജ്റംഗി, വി.എച്ച്.പി നേതാവ് ജയ്ദീപ് പട്ടേൽ തുടങ്ങിയവർ ഉൾപ്പെടെയുള്ളവരെയാണ് കോടതി വിട്ടയച്ചത്.
വംശഹത്യകാലത്തെ നരേന്ദ്ര മോദി സർക്കാറിൽ മന്ത്രിയായിരുന്ന മായ കോട്നാനിക്കുവേണ്ടി ആഭ്യന്തരമന്ത്രി അമിത് ഷാ സാക്ഷിയായി കോടതിയിൽ ഹാജരായിരുന്നു. ആകെയുള്ള 86 പ്രതികളിൽ 18 പേർ വിചാരണക്കാലയളവിൽ മരിച്ചു. ഒരാളെ നേരത്തെ കുറ്റമുക്തനാക്കി.
വിധിക്കെതിരെ ഗുജറാത്ത് ഹൈകോടതിയിൽ അപ്പീൽ നൽകുമെന്ന് ഇരകളുടെ കുടുംബാംഗങ്ങളുടെ അഭിഭാഷകനും വ്യക്തമാക്കിയിരുന്നു. കൂട്ടക്കൊല നടന്ന് രണ്ടു പതിറ്റാണ്ടിന് ശേഷമായിരുന്നു വിധി. സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം 2008ലാണ് ഗുജറാത്ത് പൊലീസിൽനിന്ന് കേസ് ഏറ്റെടുത്തത്. ഇവർ 30 പ്രതികളെ അറസ്റ്റ്ചെയ്തിരുന്നു. 2010ൽ വിചാരണ തുടങ്ങിയ കേസിൽ ആറു ജഡ്ജിമാരാണ് ഈ കാലയളവിൽ മാറിവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.