ഓക്സിജൻ ചോദിച്ചപ്പോൾ കോവിഡ് രോഗികളെ ആൽമരത്തിന്‍റെ ചുവട്ടിലിരുത്താൻ നിർദേശിച്ച് യു.പി പൊലീസ്
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ രോഗികളും ബന്ധുക്കളും ഒാക്സിജൻ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ ആൽമരത്തിന് കീഴിലിരിക്കാൻ നിർദേശിച്ച് അധികൃതർ. ആൽമരത്തിന് കീഴിലിരുന്നാൽ ഒാക്സിജൻ അളവ് വർധിപ്പിക്കുമെന്നാണ് പൊലീസിന്‍റെ നിർദേശം.
രോഗികളായ ബന്ധുക്കൾ ഓക്സിജൻ ലഭിക്കാനായി കേഴുേമ്പാൾ പൊലീസ് നൽകിയ വിചിത്ര നിർദേശത്തിന് മുമ്പിൽ പകച്ചുപോയതായി ബന്ധുക്കൾ പറയുന്നു.
പ്രയാഗ്രാജ് ബി.ജെ.പി എം.എൽ.എമായ ഹർഷവർധൻ വാജ്പേയിയുടെ ഓക്സിജൻ പ്ലാൻറിന് മുമ്പിൽ ജനങ്ങൾ തടിച്ചുകൂടിയിരുന്നു. അടുത്തിടെ എം.എൽ.എയുടെ ഓക്സിജൻ പ്ലാന്‍റ് സർക്കാർ ഏറ്റെടുക്കുകയായിരുന്നു. എന്നാൽ ആശുപത്രികൾക്ക് ഓക്സിജൻ നൽകുന്നതിനായിരിക്കും പ്രാധാന്യം നൽകുകയെന്നും ആളുകൾ കൂട്ടംകൂടി നിന്നിട്ടും കാര്യമില്ലെന്നുമായിരുന്നു അധികൃതരുടെ പ്രതികരണം.
ഓക്സിജൻ സിലിണ്ടറിനായി തങ്ങൾ എവിടെപ്പോകുമെന്നും ആരോടു ചോദിക്കുമെന്നുമായിരുന്നു രോഗികളുടെ ബന്ധുക്കളുടെ ചോദ്യം. പ്രയാഗ്രാജ് മുതൽ ലഖ്നോ വരെ എല്ലാ ആശുപത്രികളിലും ശ്രമിച്ചു. മേദാന്തയിലും അപ്പോളോ ആശുപത്രിയിലും ചോദിച്ചു. ആരും രോഗികളെ പ്രവേശിപ്പിക്കുന്നില്ല, ഞങ്ങൾ എവിടെപ്പോകും -കരഞ്ഞുകൊണ്ട് ഒരാൾ ചോദിച്ചു.
രോഗികൾക്ക് ആവശ്യമായ ഓക്സിജൻ സിലിണ്ടറുകളില്ലെന്ന് പരാതിപ്പെട്ടപ്പോൾ രോഗിയുമായി ആൽമരത്തിന്‍റെ ചുവട്ടിലിരിക്കാനും ഓക്സിജൻ ലഭിക്കുമെന്നുമായിരുന്നു പ്രതികരണമെന്ന് ഒരാൾ പറയുന്നു. 'തന്‍റെ അമ്മയെയും കൂട്ടി ആൽമരത്തിന് ചുവട്ടിലിരിക്കുവെന്ന് ഒരു പൊലീസുകാരൻ എന്നോടുപറഞ്ഞു' -മറ്റൊരാൾ ലല്ലൻടോപ്പ് റിപ്പോർട്ടറോട് പറഞ്ഞു.
ഉത്തർപ്രദേശിൽ 75 ജില്ലകളിൽ ലഖ്നോ ഉൾപ്പെടെ 47ലും പി.എം കെയർ ഉപയോഗിച്ച് ഓക്സിജൻ പ്ലാൻറ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് സർക്കാറിന്‍റെ വാദം. എന്നാൽ സംസ്ഥാനത്ത് ഓക്സിജൻ ലഭിക്കാതെ മരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.