ഇന്ദ്രപ്രസ്ഥത്തിൽ ‘ഇൻഡ്യ’ കാത്തിരുന്നു, ഒടുവിൽ സങ്കടവാർത്ത
text_fields‘‘ഞങ്ങൾക്ക് ‘ഇൻഡ്യ’യുടെ മുഖമായിരുന്നു യെച്ചൂരി. ‘ഇൻഡ്യ’ സഖ്യത്തിന്റെ ഏത് യോഗത്തിലും യെച്ചൂരി എന്ത് പറയുന്നു എന്നത് കേൾക്കാൻ എല്ലാവരും കാതോർത്തിരിക്കും’’
പ്രതീക്ഷയില്ലെന്ന് പറയാവുന്ന അത്യാസന്ന നിലയിലായിട്ടും, സീതാറാം യെച്ചൂരി തന്റെ സ്വതസിദ്ധമായ സൗഹൃദ ഭാവത്തിൽ രാഷ്ട്രീയച്ചൂടിലേക്ക് തിരിച്ചെത്തുമെന്ന പ്രത്യാശയിലായിരുന്നു പ്രതിപക്ഷ നേതാക്കളൊക്കെയും. രാത്രി മുഴുവൻ അബോധാവസ്ഥയിലായ ശേഷം പുതിയ മരുന്ന് നൽകിയതോടെ, നേരിയ പുരോഗതി അനുഭവപ്പെട്ടത് കണ്ട്, മുതിർന്ന സി.പി.എം നേതാവ് വൃന്ദ കാരാട്ട് അടക്കമുള്ളവർ പ്രതീക്ഷയിലായിരുന്നു. ശ്വാസകോശ അണുബാധ കരളിനെയും വൃക്കയെയും ബാധിച്ച് അവയുടെ പ്രവർത്തനങ്ങൾ സ്തംഭിപ്പിച്ചെന്നും അണുബാധ മറ്റു ആന്തരികാവയവങ്ങളിലേക്കും പടരുമെന്ന ആശങ്കയിലാണെന്നും തീവ്രപരിചരണ വിഭാഗത്തിലെ ഡോക്ടർമാരിലൊരാൾ പറഞ്ഞ ശേഷവും പ്രത്യാശ കൈവിട്ടിരുന്നില്ല ഭാര്യയും മാധ്യമ പ്രവർത്തകയുമായ സീമ ചിശ്തി.
സന്ദർശകർക്ക് പ്രവേശനം വിലക്കിയ ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ എട്ടാം നിലയിലെ തീവ്ര പരിചരണ വിഭാഗത്തിന്റെ മുന്നിൽ സീമാ ചിശ്തിക്കും ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്ങിനുമൊപ്പം നിന്ന് സംസാരിക്കുമ്പോഴും ഈ പ്രതീക്ഷയായിരുന്നു, പാർട്ടിയിൽ യെച്ചൂരിക്കൊപ്പമുണ്ടായിരുന്ന പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പങ്കുവെച്ചത്. ‘‘പനിയില്ലായിരുന്നു. തുടക്കത്തിലേ അണുബാധയേറ്റു. ശ്വാസകോശത്തിന് അണുബാധയേറ്റ നിലയിലാണ് എയിംസിലേക്ക് കൊണ്ടുവരുന്നത്. ആരോഗ്യനില ഏറെ മെച്ചപ്പെടുകയും ചെയ്തിരുന്നു. ഗുരുതരാവസ്ഥയിൽ നിന്ന് ഇപ്പോൾ കരകയറിയാൽ മരുന്ന് ശരീരത്തിൽ പ്രവർത്തിക്കാൻ അൽപം സമയം കിട്ടും. അതോടെ, സഖാവ് തിരിച്ചുവരും’’ - വൃന്ദ പറഞ്ഞുകൊണ്ടിരുന്നു.
എയിംസിൽ പ്രവേശിപ്പിച്ചുവെന്നറിഞ്ഞപ്പോൾ സാധാരണ അസുഖമാകുമെന്നാണ് കരുതിയതെന്ന് സഞ്ജയ് സിങ് പറഞ്ഞു. അത്യാസന്ന നിലയിലായെന്ന് കേട്ട് വിശ്വാസമായില്ല. ആശങ്ക വേണ്ടെന്നും അദ്ദേഹം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നും പറഞ്ഞ് സമാശ്വസിപ്പിച്ചപ്പോൾ സീമയും വൃന്ദയും ഒരുപോലെ നിരുദ്ധ കണ്ഠരായി. വന്നതിന് ഏറെ നന്ദിയുണ്ടെന്നും ആതിഷി വിളിച്ചിരുന്നുവെന്നും വൃന്ദ മുറിഞ്ഞ വാക്കുകളിൽ പറഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് യെച്ചൂരിയുമായുണ്ടാക്കിയ ആത്മ ബന്ധത്തിലേക്ക് സഞ്ജയ് സിങ് കടന്നതിനിടെ ‘ജയിലിൽ കിടന്നല്ലേ വരുന്നത്, സഞ്ജയിന്റെ ആരോഗ്യസ്ഥിതി എങ്ങനെയന്ന്’ വൃന്ദ കുശലാന്വേഷണം നടത്തിയപ്പോഴും യെച്ചൂരിയെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. ‘സഖാവിന്റെ ജീവിതത്തിന് മുന്നിൽ ഉറങ്ങിത്തീർത്ത എന്റെ ജയിൽ ജീവിതമൊക്കെ എന്ത്’ എന്ന് സഞ്ജയ് സിങ് തിരിച്ചുചോദിച്ചു. ‘‘ഞങ്ങൾക്ക് ‘ഇൻഡ്യ’യുടെ മുഖമായിരുന്നു യെച്ചൂരി. ‘ഇൻഡ്യ’ സഖ്യത്തിന്റെ ഏത് യോഗത്തിലും യെച്ചൂരി എന്ത് പറയുന്നു എന്നത് കേൾക്കാൻ എല്ലാവരും കാതോർത്തിരിക്കും. കാരണം ഏതൊരു വിഷയത്തിലും അദ്ദേഹത്തിന്റെ വാക്കുകൾക്കും നിലപാടുകൾക്കും വ്യക്തതയുണ്ടാകും. ആ നിലപാട് ‘ഇൻഡ്യ’യുടേതുമാകും. ഇൻഡ്യ സഖ്യവുമായി കൈകോർത്തുപിടിച്ച് നിൽക്കാനുള്ള പ്രേരണയും അദ്ദേഹമായിരുന്നു. യെച്ചൂരിക്ക് പകരം വെക്കാൻ വേറൊരാളില്ല. മുന്നിൽ ശൂന്യതയാണ്’’ -സഞ്ജയ് ഇതു പറഞ്ഞപ്പോൾ വൃന്ദ മൗനത്തിലാണ്ടു.
യെച്ചൂരി അത്യാസന്ന നിലയിലാണെന്ന വിവരം എ.ഐ.സി.സി ആസ്ഥാനത്ത് സംഘടന സെക്രട്ടറി കെ.സി. വേണുഗോപാലിനോട് പങ്കുവെച്ചപ്പോഴും കേൾക്കുന്നത് ‘ഇൻഡ്യ’യുടെ ആധി. ഇടതുപക്ഷത്തെ ‘ഇൻഡ്യ’യോട് കൂട്ടിയിണക്കിയത് ഇയൊരു മനുഷ്യനാണെന്നു പറഞ്ഞ വേണുഗോപാൽ ആ സ്ഥാനത്തുനിർത്താൻ ഇനി മറ്റൊരു നേതാവുമില്ലെന്ന വിഷമം മറച്ചുവെച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.