ഇത്രമേൽ സംവദിക്കാൻ ഇനിയാര്...?
text_fieldsന്യൂഡൽഹി: ഹർകിഷൻ സിങ് സുർജിതിനുശേഷം ദേശീയ രാഷ്ട്രീയത്തിൽ സി.പി.എമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും നികത്താനാവാത്ത നഷ്ടം സമ്മാനിച്ച് യെച്ചൂരിയെന്ന ചിരിക്കുന്ന കമ്യൂണിസ്റ്റിന്റെ വിടവാങ്ങൽ. പ്രത്യയശാസ്ത്ര ലൈനിനപ്പുറം എന്നും പ്രായോഗിക രാഷ്ട്രീയത്തിന് മുൻഗണന നൽകിയിരുന്ന രാഷ്ട്രീയ നേതാവായിരുന്നു യെച്ചൂരി. മറ്റു പാർട്ടി നേതാക്കളുമായി യെച്ചൂരി കാത്തുസൂക്ഷിച്ച അടുപ്പം സി.പി.എമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും എന്നും മുതൽക്കൂട്ടായിരുന്നു.
പാർട്ടിക്കുവേണ്ടി തെരഞ്ഞെടുപ്പ് രാഷ്ട്രീയ നീക്കുപോക്കിന് ഏതു നേതാവിനെയും വിളിച്ച് ആശയവിനിമയം നടത്താനുള്ള ബന്ധം അദ്ദേഹം എന്നും കാത്തുസൂക്ഷിച്ചു. മറ്റു പാർട്ടി നേതാക്കളുമായുള്ള സൗഹൃദമാണ് തന്നിൽ കാണുന്ന ശകതിയെന്നും ലെനിൻ ആശയത്തോടുള്ള വിയോജിപ്പാണ് തന്റെ പോരായ്മയായി പാർട്ടി കാണുന്നതെന്നും ഒരു അഭിമുഖത്തിൽ യെച്ചൂരി തന്നെ വ്യക്തമാക്കുന്നു.
പ്രായോഗിക രാഷ്ട്രീയക്കാരൻ എന്നതിനുപുറമെ സാമ്പത്തിക വിദഗ്ധൻ, കോളമിസ്റ്റ്, ഭാഷാ വിദഗ്ധൻ തുടങ്ങിയ വിശേഷണങ്ങളും അദ്ദേഹത്തിനു ചേരുമായിരുന്നു. ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, ബംഗാളി ഭാഷകൾ അനായാസം കൈകാര്യം ചെയ്യും. ഒമ്പത് പുസ്തകങ്ങളും പുറത്തിറക്കി.
പാർട്ടിയുടെ നയങ്ങൾ മെയ് വഴക്കത്തോടെ വിശദീകരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രതിസന്ധിഘട്ടങ്ങളിൽ പാർട്ടിയെ വിവാദച്ചുഴിയിൽ നിന്നും പലതവണ രക്ഷപ്പെടുത്തി. സംവാദങ്ങളിലും പാർലമെന്റിലും യെച്ചൂരിയുടെ തീക്ഷ്ണതയുള്ള നിലപാടുകളും മൂർച്ചയുള്ള വാക്കുകളും ഏറെ ശ്രദ്ധയാകർഷിച്ചു. ഇന്ത്യ-യുഎസ് ആണവ കരാർ സംബന്ധിച്ച് സി.പി.എം മുന്നോട്ടുവെച്ച വ്യവസ്ഥകൾ സഭയിൽ യെച്ചൂരി കൃത്യതയോടെ അവതരിപ്പിക്കുകയുണ്ടായി. യെച്ചൂരിയുടെ വിയോജിപ്പ് അവഗണിച്ചായിരുന്നു ആണവ കരാറിന്റെ പേരിൽ യു.പി.എ സർക്കാറിനുള്ള പിന്തുണ സി.പി.എം പിൻവലിച്ചത്.
രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലകളിലൊന്നായ ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു) ഇടതു കോട്ടയാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചാണ് പാർട്ടിയുടെ തലപ്പത്തേക്ക് എത്തുന്നത്.
1996ൽ ഐക്യമുന്നണി സർക്കാറിന് പിന്തുണ നൽകുന്നതിലും സർക്കാറിന്റെ പൊതുമിനിമം പരിപാടി തയാറാക്കുന്നതിലും യെച്ചൂരിയുടെ ഇടപെടൽ ശ്രദ്ധ നേടിയിരുന്നു. 2004ലെ ഒന്നാം യു.പി.എ സർക്കാറിന്റെയും രൂപവത്കരണത്തിൽ യെച്ചൂരി നിർണായക പങ്കുവഹിക്കുകയുണ്ടായി.
നേപ്പാളിലെ പ്രമുഖ മാവോവാദി നേതാക്കളായ പ്രചണ്ഡ, ബാബുറാം ഭട്ടറായി തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു യെച്ചൂരിക്ക്. നേപ്പാളിൽ മാവോവാദികളെ ജനാധിപത്യത്തിന്റെ പാതയിലേക്ക് നയിക്കുന്നതിനായി മധ്യസ്ഥൻ എന്ന നിലയിൽ അദ്ദേഹത്തെ കേന്ദ്ര സർക്കാർ അയക്കുകയുണ്ടായി. അദ്ദേഹം പടുത്തുയർത്തിയ ബന്ധങ്ങൾ അറ്റുപോകാതിരിക്കാൻ പാർട്ടിയിൽ ഇനിയാര് എന്ന ചോദ്യം ബാക്കിവെച്ചാണ് യെച്ചൂരിയുടെ വിടവാങ്ങൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.