ജെ.എൻ.യുവിന്റെ വീരസഖാവ്
text_fieldsന്യൂഡൽഹി: അടിയന്തരാവസ്ഥക്ക് ശേഷമുള്ള പൊതുതെരഞ്ഞെടുപ്പിൽ തോറ്റിട്ടും ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു) വൈസ് ചാൻസലർ പദവിയിൽ തുടർന്ന ഇന്ദിര ഗാന്ധിക്കെതിരെ അവരുടെ സാന്നിധ്യത്തിൽ രാജി ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കുന്ന സീതാറാം യെച്ചൂരിയുടെ ചിത്രം ചരിത്ര പ്രശസ്തമാണ്. യെച്ചൂരിയെ രാജ്യം ശ്രദ്ധിക്കുന്നതിൽ ഈ ചിത്രത്തിന് വലിയ പങ്കുണ്ടായിരുന്നു.
1977 ഒക്ടോബറിലായിരുന്നു ജെ.എൻ.യു വിദ്യാർഥി യൂനിയൻ പ്രസിഡന്റായിരിക്കെ യെച്ചൂരിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ഇന്ദിര ഗാന്ധിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയത്. പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ വിസമ്മതിച്ചതോട ഇന്ദിര ഗാന്ധി വസതിയിൽനിന്ന് പുറത്തിറങ്ങി. തുടർന്ന് അവരുടെ സാന്നിധ്യത്തിൽ, രാജി പ്രമേയം യെച്ചൂരി വായിക്കുകയുണ്ടായി. ദിവസങ്ങൾക്കുശേഷം ഇന്ദിര ഗാന്ധി ചാൻസലർ സ്ഥാനം രാജിവെച്ചു.
1974ലാണ് യെച്ചൂരി സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദത്തിന് ജെ.എൻ.യുവിൽ എത്തുന്നത്. ഇക്കാലയളവിൽതന്നെ എസ്.എഫ്.ഐയിലും അംഗമായി. 1975ലെ അടിയന്തരാവസ്ഥ കാലത്ത് യെച്ചൂരിയെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു. ജെ.എൻ.യുവിന് ഏതാനും കിലോമീറ്റർ അകലെയുള്ള എയിംസിൽ ഒളിവിൽ കഴിയവെയാണ് അറസ്റ്റ്. പിതാവ് എയിംസിൽ ചികിത്സയിൽ കഴിയുന്നതിന്റെ മറവിലായിരുന്നു ഇവിടെ ഒളിച്ചുതാമസിച്ചത്.
ജയിൽ മോചിതനായ യെച്ചൂരി പ്രകാശ് കാരാട്ടുമായി ചേർന്ന് ജെ.എൻ.യു ഇടതു കോട്ടയാക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുകയുണ്ടായി. മൂന്ന് തവണ ജെ.എൻ.യു വിദ്യാർഥി പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്. സാമ്പത്തിക ശാസ്ത്രത്തിൽ ഗവേഷണത്തിന് ജെ.എൻ.യുവിൽ ചേർന്നെങ്കിലും എസ്.എഫ്.ഐ വിട്ട് സി.പി.എമ്മിന്റെ സജീവ രാഷ്ട്രീയത്തിലേക്ക് വഴിമാറിയതോടെ പൂർത്തിയാക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.