യെച്ചൂരിക്ക് ഇന്ന് വിട
text_fieldsന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ദേശീയ രാഷ്ട്രീയത്തിൽ യെച്ചൂരിയുടെ സുഹൃത്തുക്കളും പാർട്ടി പ്രവർത്തകരും പ്രിയ സഖാവിന് റെഡ് സല്യൂട്ട് നൽകി. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഉൾപ്പെടെ നിരവധിപേർ വെള്ളിയാഴ്ച വസന്ത്കുഞ്ജിലെ വീട്ടിൽ അന്ത്യോപചാരം അർപ്പിക്കാനെത്തി. മാർക്സിസത്തിലും ജനാധിപത്യത്തിലും അതിലുപരി മതേതരത്വത്തിലും വിശ്വാസമർപ്പിച്ച നേതാവിനെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് ഡി.എം.കെ നേതാവ് എ. രാജ രാജ പറഞ്ഞു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഇടതുപക്ഷത്തിനും കനത്ത നഷ്ടമാണെന്ന് സി.പി.എം നേതാവും സഹപ്രവർത്തകനുമായ ഹനൻമുല്ല ഓർമിച്ചു.
യെച്ചൂരിയുടെ ഭൗതികശരീരം വൈദ്യശാസ്ത്ര വിദ്യാർഥികൾക്ക് പഠനത്തിനായി ശനിയാഴ്ച വൈകീട്ട് ഡൽഹി എയിംസിന് കൈമാറും. യെച്ചൂരിയുടെ ആഗ്രഹപ്രകാരമാണ് തീരുമാനം. ശനിയാഴ്ച രാവിലെ 10ന് സി.പി.എം കേന്ദ്ര കമ്മിറ്റി ഓഫിസായ എ.കെ.ജി ഭവനിൽ ഭൗതികശരീരമെത്തിക്കും. 11 മുതൽ മൂന്നുമണി വരെയാണ് ഇവിടെ പൊതുദർശനം. പാർട്ടിയുടെ അന്ത്യോപചാര പരിപാടികൾക്കുശേഷം വിലാപയാത്രയായി എയിംസിലെത്തിച്ച് മൃതദേഹം കൈമാറും. 2021ൽ മരിച്ച യെച്ചൂരിയുടെ മാതാവ് കൽപകത്തിന്റെ മൃതദേഹവും എയിംസിന് കൈമാറിയിരുന്നു.
ഡൽഹി എയിംസിൽ വ്യാഴാഴ്ച പകൽ മൂന്നു മണിയോടെയായിരുന്നു 72കാരനായ യെച്ചൂരിയുടെ അന്ത്യം. ശ്വാസകോശ അണുബാധയെതുടർന്ന് ചികിത്സയിലായിരുന്നു. സി.പി.എം ജനറൽ സെക്രട്ടറി പദവിയിലിരിക്കെ മരണപ്പെടുന്ന ആദ്യ നേതാവാണ് യെച്ചൂരി. 2022ൽ കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിലാണ് മൂന്നാംതവണയും ജനറൽ സെക്രട്ടറിയായത്. 2015 മുതൽ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.