‘മുസ്‌ലിംകൾ’, ‘വർഗീയ സ്വേച്ഛാധിപത്യ ഭരണം’ എന്നീ വാക്കുകൾ വേണ്ട; യെച്ചൂരിയുടെയും ദേവരാജന്‍റെയും പ്രസംഗം വെട്ടി ദൂരദർശൻ
text_fieldsന്യൂഡൽഹി: ദൂരദർശനിലും ആൾ ഇന്ത്യ റേഡിയോയിലും നടത്തിയ പ്രസംഗങ്ങളിൽനിന്ന് ‘മുസ്‌ലിംകൾ’, ‘വർഗീയ സ്വേച്ഛാധിപത്യ ഭരണം’, ‘ക്രൂരമായ നിയമങ്ങൾ’ എന്നീ വാക്കുകൾ ഒഴിവാക്കാൻ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയോടും ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജനോടും ആവശ്യപ്പെട്ടു. പ്രസംഗം റെക്കോഡ് ചെയ്യുന്നതിന് മുമ്പാണ് പ്രസ്തുത വാക്കുകൾ പാടില്ലെന്ന് പ്രതിപക്ഷ പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടത്.
‘മുസ്‌ലിംകൾ’ എന്ന വാക്ക് ഒഴിവാക്കാൻ ജി. ദേവരാജനോടും ‘വർഗീയ സ്വേച്ഛാധിപത്യ ഭരണം’ എന്ന വാക്കൊഴിവാക്കാൻ യെച്ചൂരിയോടും ആണ് ആവശ്യപ്പെട്ടത്. ഡൽഹിയിലെ ദൂരദർശൻ സ്റ്റുഡിയോയിലാണ് യെച്ചൂരി പ്രസംഗം നടത്തിയത്. കൊൽക്കത്ത സ്റ്റുഡിയോയിലായിരുന്നു ജി. ദേവരാജന്‍റെ പ്രസംഗം.
തന്‍റെ ഇംഗ്ലീഷ് പ്രസംഗമാണ് തിരുത്തിയതെന്ന് യെച്ചൂരി പറഞ്ഞു. ഇതിന്‍റെ ഹിന്ദി പരിഭാഷയിൽ ഒരു കുറ്റവും അവർ കണ്ടെത്തിയില്ല എന്നതാണ് വിചിത്രമെന്നും അദ്ദേഹം പ്രതികരിച്ചു.
വിവാദമായ പൗരത്വ ഭേദഗതി നിയമത്തിലെ വിവേചനപരമായ വകുപ്പുകളെക്കുറിച്ച് പരാമർശിക്കവെയാണ് ‘മുസ്‌ലിംകൾ’ എന്ന വാക്ക് പാടില്ലെന്ന് അവർ പറഞ്ഞതെന്ന് ജി. ദേവരാജൻ പറഞ്ഞു. താൻ വാദിച്ചെങ്കിലും ആ വാക്കുപയോഗിക്കാൻ അനുവദിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദൂരദർശനും ആകാശവാണിയും തെരഞ്ഞെടുപ്പ് കമീഷൻ നൽകുന്ന പെരുമാറ്റച്ചട്ടം പാലിക്കുകയാണെന്നും മിക്ക നേതാക്കൾക്കും ഇത് സംഭവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിമാരുടെ വാചകങ്ങൾ പോലും തിരുത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇതേക്കുറിച്ച് പ്രസാർ ഭാരതിയിലെ ഒരു ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.