മണിപ്പൂർ: പ്രതിപക്ഷ പ്രതിനിധിസംഘത്തെ കാണാൻ പ്രധാനമന്ത്രി തയാറാകണം- യെച്ചൂരി
text_fieldsന്യൂഡൽഹി: വംശീയ കലാപം നടക്കുന്ന മണിപ്പൂരിൽ സ്ഥിതിഗതികൾ അതിഗുരുതരമായി തുടരുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. മണിപ്പൂരിലെ പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധി സംഘം പ്രധാനമന്ത്രിയെ കാണുന്നതിനായി 10 ദിവസമായി ഡൽഹിയിലുണ്ട്. ഇതുവരെ സമയം അനുവദിച്ചിട്ടില്ല. യു.എസ് സന്ദർശനത്തിന് പോകുന്നതിനു മുമ്പായി മോദി അവരെ കാണാൻ തയാറാകണമെന്നും മണിപ്പൂരിൽനിന്നുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളുമായി എ.കെ.ജി ഭവനിൽ കൂടിക്കാഴ്ച നടത്തിയശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ യെച്ചൂരി ആവശ്യപ്പെട്ടു.
50 ദിവസമായി കലാപം തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി എൻ. ബീരൻ സിങ്ങിന് അധികാരത്തിൽ തുടരാൻ ധാർമികമായി അവകാശമില്ല. മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ബീരൻ സിങ്ങിനെ നീക്കണം. സമാധാന ചർച്ചകൾക്ക് കേന്ദ്രം മുൻകൈയെടുക്കണം. മുഖ്യമന്ത്രിയെ നീക്കിയെങ്കിൽ മാത്രമേ അർഥവത്തായ രീതിയിൽ സമാധാനചർച്ചകൾക്ക് തുടക്കമിടാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
മണിപ്പൂർ മുൻ മുഖ്യമന്ത്രി ഇബോബി സിങ്, കോൺഗ്രസ് പ്രസിഡന്റ് കെയ്ഷാം മേഘചന്ദ്ര, സി.പി.എം സംസ്ഥാന സെക്രട്ടറി ക്ഷേത്രമയൂം ശാന്ത, സി.പി.ഐ സെക്രട്ടറി എൽ തോയ്റൻ സിങ്, ജെ.ഡി.യു പ്രസിഡന്റ് കെ.എസ്.എച്ച് ബീരൻ സിങ് അടക്കമുള്ളവരാണ് യെച്ചൂരിയുമായുള്ള കൂടിക്കാഴ്ചക്ക് എ.കെ.ജി ഭവനിലെത്തിയത്. സി.പി.എം പോളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, നീലോൽപൽ ബസു എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.