ഡൽഹി കലാപം: സീതാറാം യെച്ചൂരിയും യോഗേന്ദ്ര യാദവും ഗൂഢാലോചനയിൽ പങ്കാളിയെന്ന് പൊലീസ്
text_fieldsന്യൂഡല്‍ഹി: പൗരത്വ സമരത്തിനിറങ്ങിയവരെ ഡല്‍ഹി വംശീയാതിക്രമത്തില്‍ പ്രതിചേര്‍ത്തുകൊണ്ടിരിക്കുന്ന ഡല്‍ഹി പൊലീസ് ഒടുവില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും കലാപ ഗൂഢാലോചനയിലേക്ക് വലിച്ചിഴക്കുന്നു. യെച്ചൂരിക്ക് പുറമെ പ്രമുഖ സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ അപൂര്‍വാനന്ദ്, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, ഡോക്യുമെൻററി നിര്‍മാതാവ് രാഹുല്‍ റോയ് എന്നിവരും കലാപ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ഡല്‍ഹി പൊലീസിെൻറ കുറ്റപത്രം.
പൗരത്വ സമരത്തിനിറങ്ങിയ പിഞ്ച്റ തോഡ് നേതാക്കളായ ജെ.എന്‍.യുവിലെ ദേവാംഗന കലിത, നടാഷ നര്‍വല്‍, വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഗുല്‍ഫിഷ ഫാത്തിമ എന്നിവരെ പ്രതികളാക്കി ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് പ്രഗല്ഭരെയും പ്രതിയാക്കാനുള്ള നീക്കം. യു.എ.പി.എ ചുമത്തിയ പ്രതികളാണ് പൗരത്വ സമരക്കാരായ ഈ മൂന്നു വനിതകളും.
ഡല്‍ഹിയില്‍ അക്രമം നടത്താന്‍ ഗൂഢാലോചന നടത്തിയവരെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സഹായിച്ചെന്ന് ഗുല്‍ഫിഷ ഫാത്തിമ മൊഴിനല്‍കിയെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. യെച്ചൂരിയോടൊപ്പം യോഗേന്ദ്ര യാദവ്, ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണ്‍, അഡ്വ. മഹ്മൂദ് പ്രാച, ഉമര്‍ ഖാലിദ് എന്നിവരും അക്രമികളെ സഹായിച്ചുവെന്ന് ഗുല്‍ഫിഷ പറഞ്ഞതായി കുറ്റപത്രത്തിലുണ്ട്.
കലിതയും നടാഷയും തങ്ങള്‍ക്ക് ഡല്‍ഹി കലാപത്തിലുള്ള പങ്ക് വെളിപ്പെടുത്തുക മാത്രമല്ല, ജയതി ഘോഷ്, അപൂര്‍വാനന്ദ്, റോയ് എന്നിവര്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിെൻറ സംരക്ഷകരായെന്ന് പറഞ്ഞിട്ടുണ്ടെന്നുമാണ് പൊലീസിെൻറ കുറ്റാരോപണം. ഇവര്‍ പറഞ്ഞിട്ടാണ് ദരിയാഗഞ്ച് പ്രകടനവും ജാഫറാബാദ് ചക്കാ ജാമും സംഘടിപ്പിച്ചതെന്ന് കലിതയും നടാഷയും ഗുല്‍ഫിഷയും മൊഴി നല്‍കിയെന്നും പൊലീസ് ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.