'കോവിഡ്: ഗുജറാത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനേക്കാൾ ഏറെ മോശമാണ് കാര്യങ്ങൾ'
text_fieldsന്യൂഡൽഹി: കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ ഇന്ത്യയാകെ വിറക്കുകയാണ്. പ്രതിദിന കോവിഡ് കേസുകൾ വ്യാഴാഴ്ച രണ്ടുലക്ഷം കവിഞ്ഞിരുന്നു.
പല സംസ്ഥാനങ്ങളും യഥാർഥ കണക്കുകളും വിവരങ്ങളും മറച്ചുവെക്കുന്നുെവന്ന ആക്ഷേപങ്ങൾക്കിടെ ഗുജറാത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനേക്കാൾ ഏറെ മോശമാണ് കാര്യങ്ങൾ എന്ന് വിശദീകരിക്കുകയാണ് പ്രശസ്ത സംവിധായകനായ ഹൻസൽ മേത്ത. അടുത്ത ബന്ധു കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് മേത്ത സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.
'അഹ്മദാബാദിലുള്ള ഏറ്റവും അടുത്ത ബന്ധു കോവിഡ് ബാധിച്ച് മരിച്ചു. അവന്‍റെ ഭാര്യയും ഗുരുതരാവസ്ഥയിലാണ്. ഗുജറാത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനേക്കാൾ ഏറെ മോശമാണ് കാര്യങ്ങൾ' -മേത്ത ട്വീറ്റ് ചെയ്തു.
അദ്ദേഹത്തിന്‍റെ ട്വീറ്റിന് താഴെ നിരവധിയാളുകൾ മരിച്ച ബന്ധുവിന് നിത്യശാന്തി നേർന്നു. പശ്ചിമ ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളും വളരെ ഭയാനകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് നടി സയാനി ഗുപ്ത വിശദീകരിച്ചു.
'നിരവധി സംസ്ഥാനങ്ങളുടെ സ്ഥിതി അതാണ്. പശ്ചിമ ബംഗാളും ഭയാനകമായ അവസ്ഥയിലാണ്, അത് വാർത്തകളിൽ ഉണ്ടാകില്ല. കാരണം ലക്ഷക്കണക്കിന് ആളുകൾ അണിനിരക്കുന്ന തെരഞ്ഞെടുപ്പ് റാലികൾക്കാണ് അതിനേക്കാൾ പ്രാധാന്യം'-സയാനി ഗുപ്ത എഴുതി.
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻവർധനയാണ് രേഖപ്പെടുത്തുന്നത്. 24 മണിക്കൂറിനിടെ 2,00,739 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 93,528 പേർ രോഗമുക്തി നേടി. രാജ്യത്ത് കോവിഡ് കേസുകൾ 10 ദിവസത്തിനിടെ ഇരട്ടിയിലധികമായിരിക്കുകയാണ്. ചികിത്സയിൽ തുടരുന്നവരുടെ എണ്ണം 14,71,877 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.