സുഡാനിലെ സ്ഥിതി സങ്കീർണം; രക്ഷാദൗത്യം തുടരും -കേന്ദ്രം
text_fieldsന്യൂഡൽഹി: സുഡാനിലെ സുരക്ഷ സാഹചര്യങ്ങൾ സങ്കീർണവും പ്രവചനാതീതവുമാണെന്നും അവിടെ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര.
‘ഓപറേഷൻ കാവേരി’ എന്ന് പേരിട്ട് നടപ്പാക്കുന്ന രക്ഷാദൗത്യത്തെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. സംഘർഷ മേഖലകളിൽനിന്ന് 2,000ത്തിൽ താഴെ ഇന്ത്യക്കാർ പുറത്തുകടന്നിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
സുഡാനിൽനിന്ന് ഒഴിപ്പിച്ച് നാട്ടിലെത്തിച്ചവരും ഇക്കൂട്ടത്തിൽപെടും. സുഡാനിൽ പോരടിക്കുന്ന രണ്ടു വിഭാഗങ്ങളുമായും ഇന്ത്യ സമ്പർക്കം പുലർത്തുന്നുണ്ട്. അതിന് ഗുണകരമായ പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. സുഡാനുമായി ശക്തമായ വികസന പങ്കാളിത്തം ഉണ്ടാകണമെന്ന താൽപര്യമാണ് ഇന്ത്യക്കുള്ളതെന്ന് അവർക്ക് അറിയാം.
ഓൺലൈനിൽ രജിസ്റ്റർ ചെയ്ത 3,100 ഇന്ത്യക്കാർ സുഡാനിലുണ്ട്. പുറമെ, 300 പേർ കൂടി തലസ്ഥാനമായ ഖാർത്തൂമിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ വംശജർ 1,000ത്തോളം വരും. ഖർത്തൂം അടക്കം സംഘർഷ മേഖലകളിൽനിന്ന് ഇവരെ ബസിലും മറ്റുമായി പോർട്ട് സുഡാനിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. അവിടെനിന്ന് ജിദ്ദയിലേക്ക് വ്യോമസേന വിമാനത്തിലും കപ്പലുകളിലുമായി കൊണ്ടുവരുന്നു.
ഖർത്തൂമിൽ നിന്ന് പോർട്ട് സുഡാനിലേക്ക് 850 കിലോമീറ്റർ വരും.
ഇപ്പോഴത്തെ സാഹചര്യങ്ങൾ മൂലം ബസിൽ എത്താൻ 12 മുതൽ 18 മണിക്കൂർ വരെ വേണ്ടിവരും. നാവിക സേനയുടെ മൂന്നു കപ്പലുകളും വ്യോമസേന വിമാനവും ഇന്ത്യക്കാർക്കായി വിന്യസിച്ചിട്ടുണ്ട്.
ജിദ്ദ, പോർട്ട് സുഡാൻ എന്നിവിടങ്ങളിലെ കൺട്രോൾ റൂമുമായി ഖർത്തൂമിലെ ഇന്ത്യൻ എംബസി നിരന്തര സമ്പർക്കം പുലർത്തുന്നുണ്ട്.
വിമാനത്തിന് ഇറങ്ങാനും കപ്പലുകൾക്ക് തീരത്തടുക്കാനും എല്ലാ സഹായവും നൽകുന്ന സൗദി അറേബ്യക്ക് വിദേശകാര്യ സെക്രട്ടറി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.