സ്ഥിതി അപകടകരമായിരുന്നു, ‘സ്വയം നാടുകടന്നതെന്ന്’ ഇന്ത്യൻ വിദ്യാർഥിനി രഞ്ജനി
text_fieldsന്യൂയോർക്: സാഹചര്യം അപകടകരമായതിനാലാണ് അമേരിക്കയിൽനിന്ന് ‘സ്വയം നാടുകടന്ന’ തെന്ന് കൊളംബിയ സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർഥി രഞ്ജനി ശ്രീനിവാസൻ. അക്രമത്തെയും ഭീകരവാദത്തെയും പ്രോത്സാഹിപ്പിച്ചുവെന്നും ഹമാസിന് പിന്തുണച്ചുവെന്നും ആരോപിച്ച് വിദ്യാർഥി വിസ റദ്ദാക്കിയതിനെത്തുടർന്നാണ് ഇവർ രാജ്യം വിട്ടത്. കാനഡയിലേക്ക് പോകുംമുമ്പുള്ള ദിവസങ്ങൾ ഭയപ്പെടുത്തുന്നതായിരുന്നുവെന്ന് അവർ ന്യൂയോർക് ടൈംസിനോട് പറഞ്ഞു.
ഫുൾബ്രൈറ്റ് സ്കോളർഷിപ്പോടെ എഫ് -വൺ വിദ്യാർഥി വിസയിൽ എത്തിയ രഞ്ജനി ഗവേഷണ വിദ്യാർഥിയായിരുന്നു. വിസ റദ്ദാക്കിയതിനുപിന്നാലെ, അവരെത്തേടി ഇമിഗ്രേഷൻ അധികൃതർ അപ്പാർട്ട്മെൻറിലെത്തി വാതിലിൽ മുട്ടിയെങ്കിലും 37കാരിയായ രഞ്ജനി തുറന്നില്ല. പിറ്റേന്ന് രാത്രി ഉദ്യോഗസ്ഥർ വന്നപ്പോൾ രഞ്ജനി വീട്ടിലുണ്ടായിരുന്നില്ല. പിന്നീട് ഇവർ സുഹൃത്തിനൊപ്പം കാനഡയിലേക്ക് വിമാനം കയറി. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ജുഡീഷ്യൽ വാറന്റുമായി ഉദ്യോഗസ്ഥർ മൂന്നാമതും എത്തി. സാഹചര്യം അപകടകരമായതിനാൽ പെട്ടെന്ന് തീരുമാനം എടുക്കുകയായിരുന്നുവെന്ന് രഞ്ജനി പറഞ്ഞു. മാർച്ച് അഞ്ചിനാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് രഞ്ജനിയുടെ വിസ റദ്ദാക്കിയത്.
അനധികൃതമായി തങ്ങുന്നവർക്ക് സ്വയം രാജ്യം വിടാൻ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ അവതരിപ്പിച്ച ഹോം ആപ് സൗകര്യം ഉപയോഗിച്ചാണ് രഞ്ജനി അമേരിക്ക വിട്ടത്. ഇവർ വിമാനത്താവളത്തിലേക്ക് പോകുന്ന ദൃശ്യങ്ങൾ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്മെന്റ് പുറത്തുവിട്ടിരുന്നു. അമേരിക്ക വിട്ടതിന് പിന്നാലെ വിശദീകരണമില്ലാതെ സർവകലാശാല തെന്റ പ്രവേശനം റദ്ദാക്കിയതായി രഞ്ജനി പറഞ്ഞു. അഞ്ചുവർഷമായി നടത്തുന്ന ഗവേഷണം പൂർത്തിയാക്കാൻ കഴിയുമോയെന്ന് ആശങ്ക പ്രകടിപ്പിച്ച അവർ, വിസ റദ്ദാക്കിയത് തെന്റ ജീവിതവും ഭാവിയും തകിടം മറിച്ചതായും പറഞ്ഞു. തെറ്റ് ചെയ്തതുകൊണ്ടല്ല, അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉപയോഗിച്ചതിനാണ് നടപടിയെന്ന് അവർ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.