സാധാരണക്കാർ പരസ്പരം തോക്കെടുത്ത് കൊല്ലാനിറങ്ങുന്നു; ഇന്ത്യ സിറിയക്കും പാകിസ്താനും സമാനമായെന്ന് മെഹ്ബൂബ മുഫ്തി
text_fieldsസാധാരണക്കാർ പരസ്പരം തോക്കെടുത്ത് കൊല്ലാനിറങ്ങുന്നു; ഇന്ത്യ സിറിയക്കും പാകിസ്താനും സമാനമായെന്ന് മെഹ്ബൂബ മുഫ്തി
ശ്രീനഗർ: സിറിയയിലെയും പാകിസ്താനിലെയും സാഹചര്യങ്ങളോട് താരതമ്യപ്പെടുത്താനാകുന്ന സ്ഥിതിവിശേഷമാണ് നിലവിൽ ഇന്ത്യയിലുള്ളതെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. രാജ്യത്ത് മനുഷ്യർ പരസ്പരം തോക്കെടുത്ത് കൊലപ്പെടുത്താൻ പോലും തയ്യാറാകുന്ന സാഹചര്യമാണുള്ളതെന്നും ഇതുവരെ രാജ്യത്ത് ഇത്തരം അവസ്ഥയുണ്ടായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിനിടെയായിരുന്നു മുഫ്തിയുടെ പരാമർശം. ജമ്മുകശ്മീരിൽ സമാധാനം എന്നത് മിഥ്യയായി മാറിയെന്നും പ്രത്യേകാധികാരം റദ്ദാക്കിയതോടെ കശ്മീർ വലിയ വെല്ലുവിളികളാണ് നേരിടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
നിലവിൽ രാജ്യത്ത് വ്യാപിക്കുന്ന വെറുപ്പിന്‍റെ അളവ് എത്രത്തോളം ആഴമുള്ളതാണെന്ന് നമുക്ക് മനസിലാകും. സാധാരണക്കാരായ ജനങ്ങൾ പരസ്പരം കൊലപ്പെടുത്താൻ തോക്കും വാളും ഉപയോഗിക്കുകയാണ്. ഇത് നമ്മൾ പാകിസ്താനിൽ കണ്ടിട്ടുണ്ട്. ഇതാണ് സിറിയയിൽ നടക്കുന്നതും. അവിടെ അവർ അള്ളാഹു അക്ബർ എന്ന് വിളിച്ച് ആളുകളെ കൊല്ലുന്നു. ഇവിടെ മറ്റ് പല മതമുദ്രാവാക്യങ്ങളും വിളിക്കുന്നു, മനുഷ്യരെ കൊല്ലുന്നു. എന്താണ് ഈ രാജ്യങ്ങളും ഇന്ത്യയും തമ്മിലുളള വ്യത്യാസം?" - മെഹ്ബൂബ മുഫ്തി പറഞ്ഞു.
രാജ്യത്തെ നിലവിലെ സാഹചര്യങ്ങളിൽ പ്രധാനമന്ത്രിയും പങ്കാളിയാണെന്നും മുഫ്തി പറഞ്ഞു.
പ്രതിപക്ഷ സഖ്യമായ ഇൻഡ്യയുടെ രൂപീകരണത്തെ കുറിച്ചുള്ള ചോദ്യത്തിന് വരാനിരിക്കുന്നത് ഗോഡ്സെയുടെ ഇന്ത്യയും, ഗാന്ധിയും നെഹ്റുവും പട്ടേലും വിഭാവനം ചെയ്ത ഇന്ത്യ എന്ന ആശയവും തമ്മിലുള്ള യുദ്ധമാണെന്നുമായിരുന്നു മുഫ്തിയുടെ പ്രതികരണം. ബി.ജെ.പിക്ക് ഗോഡ്സെയുടെ ഇന്ത്യയെ രൂപപ്പെടുത്താനാണ് ഇഷ്ടം. ഇൻഡ്യ സഖ്യം ലക്ഷ്യമിടുന്നത് രാജ്യത്തിന്‍റെ ശരിയായ ആശയത്തെ സംരക്ഷിക്കാനാണെന്നും മുഫ്തി കൂട്ടിച്ചേർത്തു.
രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ വേട്ടയാടാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്ന കേന്ദ്രസർക്കാർ നയത്തെയും മെഹ്ബൂബ മുഫ്തി വിമർശിച്ചു. പ്രധാനമന്ത്രി രാജ്യത്ത് നിലവിൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചോ, അദ്ദേഹവും പാർട്ടിയും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെ കുറിച്ചോ സംസാരിക്കുന്നില്ലെന്നും പഴയ കാര്യങ്ങളെക്കുറിച്ച് മാത്രമാണ് വാചാലനാകുന്നതെന്നും മുഫ്തി വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.