പവാർ: ആശയക്കുഴപ്പം നീങ്ങി ശിവസേന; സംശയം തീരാതെ കോൺഗ്രസ്
text_fieldsമുംബൈ: എൻ.സി.പി അധ്യക്ഷൻ ശരത് പവാറിനെ ചൊല്ലിയുള്ള ആശയക്കുഴപ്പം അടങ്ങാതെ മഹാരാഷ്ട്ര കോൺഗ്രസ്. തന്റെ ചിത്രം ഉപയോഗിക്കുന്ന അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിമത പക്ഷത്തെ താക്കീത് ചെയ്തും പ്രധാനമന്ത്രി മോദി ഇനി അധികാരത്തിൽ തിരിച്ചെത്തില്ലെന്ന് പറഞ്ഞും കഴിഞ്ഞ ദിവസം പവാർ വാർത്തസമ്മേളനം നടത്തിയതോടെ തങ്ങളുടെ ആശയക്കുഴപ്പം നീങ്ങിയെന്ന് ശിവസേന വ്യക്തമാക്കി.
എന്നാൽ, വ്യാഴാഴ്ച ബീഡിൽ നടന്ന പാർട്ടി റാലിയിലെ പവാറിന്റെ വാക്കുകൾ കീറിപരിശോധിക്കുകയാണ് മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കൾ. ബീഡിലെ പ്രസംഗത്തിലും മോദി ഇനി അധികാരത്തിൽവരില്ലെന്ന് പവാർ ആവർത്തിച്ചു.
2024ലും അധികാരത്തിൽ തിരിച്ചെത്തുമെന്ന് പറഞ്ഞ പ്രധാനമന്ത്രിയോട് മഹാരാഷ്ട്രയിൽ തിരിച്ചെത്തുമെന്ന് പറഞ്ഞ ഒരു മുഖ്യമന്ത്രിയുണ്ടായിരുന്നുവെന്നും അയാളുടെ പേര് ദേവേന്ദ്ര ഫഡ്നാവിസാണെന്നും പവാർ പറഞ്ഞു. ഫഡ്നാവിസ് പിന്നീട് തിരിച്ചെത്തിയെങ്കിലും മുഖ്യമന്ത്രിയേക്കാൾ താണ പദവിയിലാണെത്തിയതെന്നും പവാർ പരിഹസിച്ചു. കാർഷിക, വിലക്കയറ്റ പ്രശ്നങ്ങളും പവാർ ഉന്നയിച്ചു. കഴിഞ്ഞ ശനിയാഴ്ച പുണെയിൽ ശരത് പവാറും അജിത് പവാറും കൂടിക്കാഴ്ച നടത്തുകയും പവാറിനുള്ള ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ വാഗ്ദാനവുമായാണ് അജിത് ചെന്നതെന്ന് കോൺഗ്രസ് മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ പറയുകയും ചെയ്തതോടെയാണ് ആശയക്കുഴപ്പത്തിന് തുടക്കം.
ബി.ജെ.പി പക്ഷത്തേക്കുപോകില്ലെന്ന് പവാർ ആവർത്തിച്ചെങ്കിലും ആശയക്കുഴപ്പത്തിന് അറുതിയായിരുന്നില്ല. 2019 ൽ മഹാരാഷ്ട്രയിൽ ബി.ജെ.പിയെ അധികാരത്തിൽനിന്ന് അകറ്റിയതുപോലെ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെയും അധികാരത്തിൽനിന്ന് അകറ്റുമെന്നും പവാർ ആവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.